ലെയ്‌സ്, കുര്‍ക്കുറെ പാക്കറ്റുകളില്‍ ഇനി മുതൽ ആ സ്പെഷ്യൽ 'ലേബല്‍'; സുപ്രധാന മാറ്റങ്ങളുമായി പെപ്‌സികോ

Published : May 29, 2026, 03:24 PM IST
kurkure

Synopsis

ലെയ്‌സ്, കുര്‍ക്കുറെ, ഡോറിറ്റോസ് തുടങ്ങിയ സ്നാക്കുകളുടെ പാക്കിങ്ങില്‍ 'കൃത്രിമ നിറങ്ങളോ രുചികളോ ഇല്ല' എന്ന് രേഖപ്പെടുത്താന്‍ നിര്‍മ്മാതാക്കളായ പെപ്‌സികോ തീരുമാനിച്ചു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുതാര്യത നല്‍കാനാണ് ഈ മാറ്റമെന്നും ഉല്‍പ്പന്നങ്ങളുടെ രുചിയോ ഗുണനിലവാരമോ കുറയില്ലെന്നും കമ്പനി ഉറപ്പുനല്‍കുന്നു.

ആരോഗ്യകാര്യങ്ങളില്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ഉല്‍പ്പന്നങ്ങളില്‍ എന്തെല്ലാം അടങ്ങയിരിക്കുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന കാലമാണിത്. ഇതിന്റെ ചുവടുപിടിച്ച് ലെയ്‌സ്, കുര്‍ക്കുറെ, ഡോറിറ്റോസ് തുടങ്ങിയ സ്നാക്കുകളുടെ പാക്കിങ്ങില്‍ സുപ്രധാനമായ ഒരു മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളായ പെപ്‌സികോ. പുതിയ പാക്കറ്റുകളില്‍ ഇനിമുതല്‍ 'കൃത്രിമ നിറങ്ങളോ രുചികളോ ഇല്ല' എന്ന് വ്യക്തമായി രേഖപ്പെടുത്തും. ഭക്ഷണ സാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ചേരുവകളെക്കുറിച്ച് അറിയാന്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ഈ കാലത്ത്, അവര്‍ക്ക് ശരിയായ തീരുമാനമെടുക്കാന്‍ ഈ പുതിയ മാറ്റം സഹായിക്കുമെന്ന് പെപ്‌സികോ വ്യക്തമാക്കി.

രുചി മാറില്ല, ഗുണനിലവാരവും!

കൃത്രിമ നിറങ്ങളോ രുചികളോ ഇല്ല എന്നു കരുതി ഉല്‍പ്പന്നങ്ങളുടെ തനത് രുചിയോ ഗുണനിലവാരമോ കുറയില്ല. പഴയ അതേ രുചിയിലും പാചകവിധിയിലുമാകും ഇവ തുടര്‍ന്നും ലഭിക്കുക. കൃത്യമായ ശാസ്ത്രീയ അടിത്തറയോടെയും മികച്ച ഗുണനിലവാരത്തോടെയുമാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് പെപ്സികോ ഇന്ത്യ പറയുന്നു. നിലവില്‍ തന്നെ ലെയ്‌സ്, കുര്‍ക്കുറെ, ഡോറിറ്റോസ് എന്നിവയില്‍ കൃത്രിമ നിറങ്ങളോ ഫ്ലേവറുകളോ ഉപയോഗിക്കുന്നില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. മികച്ച രുചിയും സുതാര്യതയും ഒരുമിച്ചു കൊണ്ടുപോകാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് പെപ്സികോ ഇന്ത്യ വ്യക്തമാക്കി.

ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന ചേരുവകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ വ്യക്തമായി എത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ബ്രാന്‍ഡുകള്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്ന രീതി മാറിക്കഴിഞ്ഞുവെന്നും കമ്പനി പറയുന്നു. സുതാര്യത വെറുതെ അവകാശപ്പെട്ടാല്‍ മാത്രം പോരാ, അത് ആളുകള്‍ക്ക് എളുപ്പത്തില്‍ കാണാനും മനസ്സിലാക്കാനും സാധിക്കണം. ഇത് ഞങ്ങളിലുള്ള ഉപഭോക്താക്കളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും പെപ്‌സികോ വ്യക്തമാക്കി.

ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി കമ്പനി

ആഗോളതലത്തില്‍ പെപ്സികോയുടെ ഏറ്റവും മികച്ച 13 വിപണികളില്‍ ഒന്നാണ് ഇന്ത്യ. 2030-ഓടെ ഇന്ത്യയില്‍ 5,700 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഈ മാസം ആദ്യം കമ്പനി പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ഭക്ഷണ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ ശേഷി വലിയ തോതില്‍ വര്‍ദ്ധിപ്പിക്കാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക.

PREV
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ ആഹ്വാനം, വീട്ടിലിരിക്കുന്ന പഴയ സ്വർണം റീസൈക്കിൾ ചെയ്യാം, വേറിട്ട ക്യാംപെയ്നുമായി ജോസ് ആലുക്കാസ്
ഓഫര്‍ പെരുമഴ; വിൽപന വർധിപ്പിക്കാൻ 'ബൈ വൺ ഗെറ്റ് വൺ വൈന്‍ ഓഫര്‍'; വിപണി തകരുമെന്ന മുന്നറിയിപ്പ് നൽകി സുല