സക്കർബർഗിന്റെ പ്ലാൻ റെഡി; കൊമ്പുകോർക്കാൻ അംബാനിയും അദാനിയും, ഇന്ത്യയിൽ എഐ പോരാട്ടം മുറുകുന്നു

Published : Jul 07, 2026, 05:14 PM IST
Ambani, adani, zuckerberg

Synopsis

തങ്ങളുടെ അധിക എഐ ശേഷി മറ്റ് കമ്പനികൾക്ക് വാടകയ്ക്ക് നൽകുന്ന 'മെറ്റാ കമ്പ്യൂട്ട്' എന്ന പുതിയ ക്ലൗഡ് ബിസിനസ് ആരംഭിച്ച് മെറ്റാ മേധാവി മാർക്ക് സക്കർബർഗ്. ഇന്ത്യയിൽ റിലയൻസുമായി സഹകരിച്ച് തുടങ്ങുന്ന ഈ പദ്ധതി, മുകേഷ് അംബാനിയും ഗൗതം അദാനിയും തമ്മിലുള്ള എഐ രംഗത്തെ മത്സരത്തിന് പുതിയ തലം നൽകുന്നു. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയ്ക്കായി കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കുമെന്ന് മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചപ്പോള്‍, ഇത്രയും വലിയ തുക എങ്ങനെ തിരിച്ചു പിടിക്കുമെന്ന ആശങ്കയിലായിരുന്നു സാമ്പത്തിക വിദഗ്ധര്‍. എന്നാല്‍ അതിനുള്ള വ്യക്തമായ മറുപടി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. എഐക്കായി നടത്തിയ വമ്പന്‍ നിക്ഷേപത്തെ ഒരു പുതിയ വരുമാന മാര്‍ഗമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് മെറ്റാ പ്ലാറ്റ്ഫോംസ്.'മെറ്റാ കമ്പ്യൂട്ട്' എന്ന പേരില്‍ കമ്പനിക്കുള്ളില്‍ ആരംഭിച്ച പുതിയ പദ്ധതിയിലൂടെ, തങ്ങളുടെ പക്കലുള്ള അധിക എഐ ശേഷി മറ്റ് വന്‍കിട കമ്പനികള്‍ക്ക് വാടകയ്ക്ക് നല്‍കാനാണ് മെറ്റായുടെ പ്ലാന്‍ എന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലൗഡ് ബിസിനസ് രംഗം ഭരിച്ചു കൊണ്ടിരിക്കുന്ന മൈക്രോസോഫ്റ്റ്, ഗൂഗിള്‍ (ആല്‍ഫബെറ്റ്), ആമസോണ്‍ എന്നീ വമ്പന്മാര്‍ക്ക് ഇതൊരു വെല്ലുവിളിയാകുമോ എന്ന് കണ്ടറിയണം. എന്നാല്‍, ഈ പുതിയ നീക്കത്തിന്റെ ആദ്യ പ്രതിഫലനങ്ങള്‍ ദൃശ്യമാകാന്‍ പോകുന്നത് ഇന്ത്യയിലാണ്.

അംബാനിയും അദാനിയും നേര്‍ക്കുനേര്‍

സക്കര്‍ബര്‍ഗിന്റെ ഈ ക്ലൗഡ് ബിസിനസ് പ്രവേശനം ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും തമ്മിലുള്ള ബിസിനസ് മത്സരത്തെ പുതിയൊരു തലത്തിലേക്ക് എത്തിക്കുകയാണ്. ഇന്ത്യയിലെ എഐ തരംഗത്തില്‍ അദാനിയായിരുന്നു ഇതുവരെ മുന്നില്‍ നിന്നിരുന്നത്. ഗൂഗിളിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വമ്പന്‍ സെര്‍വര്‍ ഫാമുകള്‍ അദ്ദേഹം വേഗത്തില്‍ നിര്‍മ്മിച്ചു വരികയായിരുന്നു. തുറമുഖങ്ങളും വിമാനത്താവളങ്ങളും പവര്‍ ഗ്രിഡുകളും നിയന്ത്രിക്കുന്ന അദാനി ഗ്രൂപ്പിന് ഡാറ്റാ സെന്ററുകളുടെ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത് സ്വാഭാവികമായ ഒരു ചുവടുവെപ്പായിരുന്നു.

എന്നാല്‍, ഈ പദ്ധതികള്‍ മുകേഷ് അംബാനിയുടെ ലക്ഷ്യങ്ങളുമായാണ് ഇപ്പോള്‍ കൂട്ടിമുട്ടുന്നത്. അദാനി ഡിജിറ്റല്‍ റിയല്‍ എസ്റ്റേറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള എഐ സേവനങ്ങളിലാണ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കണ്ണ്. തങ്ങളുടെ 10 വര്‍ഷം പഴക്കമുള്ള ടെലികോം-മീഡിയ കമ്പനിയായ ജിയോ പ്ലാറ്റ്ഫോംസിനെ ഒരു സാങ്കേതികവിദ്യാ കമ്പനിയായി മാറ്റാനാണ് റിലയന്‍സ് ശ്രമിക്കുന്നത്. 2020-ല്‍ മെറ്റാ ജിയോയുടെ 9.99% ഓഹരികള്‍ വാങ്ങിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

മാറുന്ന ഇന്ത്യന്‍ ഐടി രംഗം

ജനറേറ്റീവ് എഐയുടെ വരവോടെ ഇന്ത്യയിലെ പരമ്പരാഗത ഐടി സേവനങ്ങളുടെ രീതി തന്നെ മാറിമറിഞ്ഞു. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ള, ഇംഗ്ലീഷ് സംസാരിക്കുന്ന യുവാക്കളായിരുന്നു ഇതുവരെ ഇന്ത്യയുടെ കരുത്തെങ്കില്‍, ഇനി മുതല്‍ കുറഞ്ഞ ചെലവില്‍ സൗരോര്‍ജ്ജവും കാറ്റാടിയന്ത്രങ്ങളും ഉപയോഗിച്ച് എഐ ടോക്കണുകള്‍ നിര്‍മ്മിക്കുന്ന മുതലാളിമാര്‍ക്കായിരിക്കും ഈ രംഗത്ത് മേധാവിത്വമെന്ന് ചുരുക്കം.

നിലവില്‍ ബെംഗളൂരുവിലിരുന്ന് മെറ്റാ എഞ്ചിനീയര്‍മാര്‍ തങ്ങളുടെ സ്വന്തം സിലിക്കണ്‍ ചിപ്പുകള്‍ നിര്‍മ്മിക്കുമ്പോള്‍, പടിഞ്ഞാറന്‍ തീരത്തുള്ള ഗുജറാത്താണ് ഈ എഐ ഫാക്ടറികള്‍ക്കാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്. അവിടെയാണ് അദാനി 100 ബില്യണ്‍ ഡോളറിന്റെ എഐ കമ്പ്യൂട്ട് പദ്ധതിയുടെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. ഇതിന് മറുപടിയായി സിംഗപ്പൂരിന്റെ മൂന്നിരട്ടി വലുപ്പമുള്ള (550,000 ഏക്കര്‍) വമ്പന്‍ സൗകര്യവുമായാണ് അംബാനി രംഗത്തെത്തിയിരിക്കുന്നത്. ഇത് പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ ചെലവില്‍ 24 മണിക്കൂറും ഹരിത ഊര്‍ജ്ജം നല്‍കുന്ന കേന്ദ്രമായി മാറുമെന്നാണ് റിലയന്‍സ് അവകാശപ്പെടുന്നത്.

ജാംനഗറിലെ ഡാറ്റാ സെന്ററും ഡാറ്റാ സുരക്ഷയും

കഴിഞ്ഞ മാസം ഗുജറാത്തിലെ ജാംനഗറില്‍ 168 മെഗാവാട്ടിന്റെ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നതിനായി മെറ്റായുമായി കൈകോര്‍ക്കുന്നതായി അംബാനി പ്രഖ്യാപിച്ചിരുന്നു. പുറമെ ഇതൊരു സാധാരണ ലീസ് കരാറായി തോന്നാമെങ്കിലും ഇന്ത്യന്‍ കമ്പനികളെ ആകര്‍ഷിക്കുന്നത് ഇതിലൂടെ ലഭിക്കുന്ന 'ഡാറ്റാ പരമാധികാരമാണ്'.ബാങ്കിങ്, ഇന്‍ഷുറന്‍സ്, ടെലികോം, ആരോഗ്യം, പ്രതിരോധം തുടങ്ങിയ കര്‍ശന നിയമങ്ങളുള്ള മേഖലകളില്‍ ഡാറ്റാ സുരക്ഷ വലിയൊരു പ്രശ്‌നമാണ്. ഉപഭോക്താക്കളുടെ നിര്‍ണായക വിവരങ്ങള്‍ ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ അമേരിക്കന്‍ ക്ലൗഡുകളിലേക്ക് മാറ്റുന്നത് പലപ്പോഴും കടുത്ത സര്‍ക്കാര്‍ പരിശോധനകള്‍ക്ക് കാരണമാകാറുണ്ട്.

ഇവിടെയാണ് റിലയന്‍സ്-മെറ്റാ സഖ്യം നിര്‍ണ്ണായകമാകുന്നത്. മുംബൈയിലുള്ള ഒരു ബാങ്കിന് തങ്ങളുടെ ഉപഭോക്താക്കളുടെ ഒരു വിവരവും രാജ്യാതിര്‍ത്തി കടത്താതെ തന്നെ ജാംനഗറിലെ സെര്‍വറുകള്‍ ഉപയോഗിച്ച് ലോണ്‍ അനുമതികള്‍ പോലുള്ള കാര്യങ്ങള്‍ എഐ വഴി എളുപ്പത്തില്‍ ചെയ്യാനാകും. ഇതിലൂടെ എഐ എഞ്ചിനും ഡാറ്റയും ഇന്ത്യന്‍ മണ്ണില്‍ തന്നെ സുരക്ഷിതമായിരിക്കും. ഈ പദ്ധതി കൈകാര്യം ചെയ്യുന്ന റിലയന്‍സ് എന്റര്‍പ്രൈസ് ഇന്റലിജന്‍സ് ലിമിറ്റഡില്‍ റിലയന്‍സിന് 70 ശതമാനവും മെറ്റായ്ക്ക് 30 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

ലോഞ്ച് പാഡുകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍

സ്വന്തമായി വലിയ തുക മുടക്കി ആദ്യമേ എഐ മോഡലുകള്‍ നിര്‍മ്മിക്കാന്‍ അംബാനിക്കോ, അദാനിക്കോ താല്പര്യമില്ല. കനത്ത സാമ്പത്തിക ബാധ്യതയുള്ള ആ പണി അവര്‍ സിലിക്കണ്‍ വാലിക്കും ചൈനയ്ക്കും വിട്ടുകൊടുത്തിരിക്കുകയാണ്. എഐ ലോകത്ത് സ്വന്തമായി റോക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍, അവ വിക്ഷേപിക്കാനുള്ള 'ലോഞ്ച് പാഡുകള്‍' നിര്‍മ്മിക്കാനാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് താല്പര്യം.

ഗൂഗിളുമായി ശക്തമായ പങ്കാളിത്തമുള്ള അദാനി ഇപ്പോഴും വലിയൊരു ശക്തി തന്നെയാണ്. സൗരോര്‍ജ്ജത്തിനും കാറ്റിനും പുറമെ, അടുത്തിടെ സ്വകാര്യ മേഖലയ്ക്കായി തുറന്നുകൊടുത്ത ആണവോര്‍ജ്ജ രംഗത്തും അദാനിക്ക് വലിയ പ്ലാനുകളുണ്ട്. എഐ സെര്‍വറുകള്‍ക്ക് തടസ്സമില്ലാതെ ആവശ്യമായ വൈദ്യുതി കുറഞ്ഞ ചെലവില്‍ നല്‍കാന്‍ ഇത് അദാനിയെ സഹായിച്ചേക്കും.എങ്കിലും, മെറ്റാ-റിലയന്‍സ് സഖ്യം മത്സരത്തിന്റെ നിലവാരം ഏറെ ഉയര്‍ത്തിക്കഴിഞ്ഞു. സക്കര്‍ബര്‍ഗിന് തങ്ങളുടെ ക്ലൗഡ് ബിസിനസ്സ് വിജയിപ്പിക്കാനുള്ള ഏറ്റവും മികച്ച പരീക്ഷണശാലയാണ് ഇന്ത്യ. അംബാനിയെ സംബന്ധിച്ചിടത്തോളം, വന്‍കിട കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുന്നതിലുള്ള തന്റെ അസാധ്യ മികവ് ഒരിക്കല്‍ക്കൂടി തെളിയിക്കാനുള്ള അവസരവും.

PREV
Read more Articles on
click me!

Recommended Stories

മാധ്യമങ്ങൾക്ക് അധികം പിടി കൊടുക്കാത്ത പെൺകരുത്ത്, ആഗോള വിപണി നിയന്ത്രിക്കാൻ ഈ 37കാരി; വെസ്റ്റ്സൈഡിന്റെ അമരത്തേക്ക് മായ ടാറ്റ
കൂട്ടപ്പിരിച്ചുവിടലിൽ കടുംപിടുത്തവുമായി കോറോ ഹെൽത്ത്, ജീവനക്കാരോട് ഓഫീസിൽ കയറരുതെന്ന് കമ്പനി