മാധ്യമങ്ങൾക്ക് അധികം പിടി കൊടുക്കാത്ത പെൺകരുത്ത്, ആഗോള വിപണി നിയന്ത്രിക്കാൻ ഈ 37കാരി; വെസ്റ്റ്സൈഡിന്റെ അമരത്തേക്ക് മായ ടാറ്റ

Published : Jul 06, 2026, 03:17 PM IST
Maya Tata

Synopsis

രത്തൻ ടാറ്റയുടെ അനന്തരവൾ മായ ടാറ്റ, ടാറ്റ ഗ്രൂപ്പിന്റെ ഫാഷൻ ബ്രാൻഡായ വെസ്റ്റ്സൈഡിന്റെ ഓൺലൈൻ, അന്താരാഷ്ട്ര ബിസിനസ് ചുമതലകൾ ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. വെസ്റ്റ്സൈഡ് ആഗോള വിപണിയിലേക്ക് കടക്കുന്ന നിർണായക ഘട്ടത്തിലാണ് ഈ നിയമനം. മായയുടെ കരിയർ, കുടുംബ പശ്ചാത്തലം, ട്രെന്റ് ലിമിറ്റഡിന്റെ മറ്റ് ബ്രാൻഡുകൾ എന്നിവ നോക്കാം. 

ടാറ്റ ഗ്രൂപ്പിന്റെ പ്രമുഖ ഫാഷൻ ബ്രാൻഡായ വെസ്റ്റ്സൈഡിന്റെ ഓൺലൈൻ ബിസിനസിന്റെയും വിദേശ ഇ-കൊമേഴ്‌സ് വിപണനത്തിന്റെയും ചുമതല മായ ടാറ്റ ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ. ട്രെന്റ് ലിമിറ്റഡിന്റെ കീഴിലുള്ള ഏറ്റവും വലിയ ഫാഷൻ ശൃംഖലയാണ് വെസ്റ്റ്സൈഡ്. ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുടെ മകളും, അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ അനന്തരവളുമാണ് 37 കാരിയായ മായ ടാറ്റ.

വെസ്റ്റ്സൈഡ് അന്താരാഷ്ട്ര വിപണിയിലേക്ക് തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാനൊരുങ്ങുന്ന നിർണായക സമയത്താണ് മായ ടാറ്റയുടെ ഈ പുതിയ നിയമനം. ട്രെന്റ് ലിമിറ്റഡ് ചെയർമാനായ നോയൽ ടാറ്റ ഈ വർഷം നവംബറിൽ വിരമിക്കാനിരിക്കെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. എന്നാൽ കമ്പനി ഇതുവരെ ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആരാണ് മായ ടാറ്റ?

നോയൽ ടാറ്റയുടെ ഏറ്റവും ഇളയ മകളാണ് മായ ടാറ്റ. പൊതുമധ്യത്തിലേക്കോ മറ്റ് പരിപാടികളിൽ നിന്നോ എല്ലാം പൊതുവിൽ ഒതുങ്ങി നിൽക്കുന്ന സ്വഭാവക്കാരിയാണ് മായ. 1989-ൽ മുംബൈയിൽ ജനിച്ച മായ യുകെയിലെ വാർവിക് സർവകലാശാലയിലും തുടർന്ന് ലണ്ടനിലും ബിസിനസ് മാനേജ്‌മെന്റ്, ഫിനാൻസ് എന്നിവയിൽ ഉന്നതപഠനം പൂർത്തിയാക്കി. കുടുംബ ബിസിനസെന്ന് പറഞ്ഞേക്കാവുന്ന ടാറ്റ ഗ്രൂപ്പിലാണ് ഇവർ തന്റെ കരിയർ ആരംഭിച്ചത്. ടാറ്റ ഡിജിറ്റലിൽ ചേരുന്നതിന് മുൻപ് ടാറ്റ കാപ്പിറ്റലിന്റെ ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിൽ പ്രവർത്തിച്ചിരുന്നു. മായയുടെ സഹോദരൻ നെവിൽ ടാറ്റ ട്രെന്റിന്റെ സ്റ്റാർ ബസാർ മേധാവിയാണ്. മൂത്ത സഹോദരി ലിയ ടാറ്റ ഗ്രൂപ്പിന്റെ ഹോട്ടൽ ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വെസ്റ്റ്സൈഡ്

ട്രെന്റ് ലിമിറ്റഡിന്റെ ഏറ്റവും വലിയ വരുമാന സ്രോതസുകളിൽ ഒന്നാണ് വെസ്റ്റ്സൈഡ്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 40 ശതമാനവും ഈ ബ്രാൻഡിൽ നിന്നാണ് ലഭിക്കുന്നത്. പ്രതിവർഷം 50 പുതിയ വെസ്റ്റ്സൈഡ് സ്റ്റോറുകൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2026 സാമ്പത്തിക വർഷത്തിൽ മാത്രം 53 പുതിയ സ്റ്റോറുകൾ തുറന്നിരുന്നു. യുഎഇയിൽ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര സ്റ്റോർ തുറന്ന് വെസ്റ്റ്സൈഡ് ആഗോള വിപണിയിലേക്ക് പ്രവേശിച്ചിരുന്നു. വരും ദിവസങ്ങളിൽ ഇന്ത്യൻ ഫാഷൻ ബ്രാൻഡിനെ കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ട്രെന്റ് ലിമിറ്റഡ് ഒറ്റനോട്ടത്തിൽ

വെസ്റ്റ്സൈഡിന് പുറമെ ജനപ്രിയ ബ്രാൻഡുകളായ സുഡിയോ (Zudio), സ്റ്റാർ ബസാർ (Star Bazaar) എന്നിവയും ട്രെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. സാമ്പത്തിക വർഷം 2026 ന്റെ അവസാനത്തോടെ ഏകദേശം 19,700 കോടി രൂപ വരുമാനം നേടിയ കമ്പനിക്ക് ഇന്ത്യയിലെ 321 നഗരങ്ങളിലായി 1,286 സ്റ്റോറുകളുടെ ശക്തമായ ശൃംഖലയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കൂട്ടപ്പിരിച്ചുവിടലിൽ കടുംപിടുത്തവുമായി കോറോ ഹെൽത്ത്, ജീവനക്കാരോട് ഓഫീസിൽ കയറരുതെന്ന് കമ്പനി
ബിയര്‍ വിപണിയിലെ വമ്പന്മാര്‍ ഓഹരി വിപണിയിലേക്ക്; കാള്‍സ്ബര്‍ഗ് ഇന്ത്യ 6,700 കോടിയുടെ ഐപിഒയ്ക്ക് ഒരുങ്ങുന്നു