വീണ്ടും ജിയോയുടെ ഓഹരി വിറ്റ് മുകേഷ് അംബാനി; പുതിയ നിക്ഷേപകൻ അമേരിക്കൻ കമ്പനി !

By Web TeamFirst Published May 8, 2020, 11:20 AM IST
Highlights

വിസ്ത ഇക്വിറ്റി നിക്ഷേപം വരുന്നതോടെ ജിയോയുടെ മൂല്യം 4.91 ട്രില്യൺ രൂപയും എന്റർപ്രൈസ് മൂല്യം 5.16 ട്രില്യൺ രൂപയുമാകും. 

മുംബൈ: മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഭാഗമായ റിലയൻസ് ജിയോയുടെ 2.32 ശതമാനം ഓഹരി യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി കമ്പനിയായ വിസ്ത ഇക്വിറ്റിക്ക് വിറ്റു. 11,637 കോടി രൂപയ്ക്കാണ് ഇടപാട് നടന്നത്. മൂന്നാഴ്ചയ്ക്കുള്ളിൽ ജിയോ പ്ലാറ്റ്‌ഫോമ്സിന്റേതായി നടക്കുന്ന മൂന്നാമത്തെ പ്രധാന ഇക്വിറ്റി ഇടപാടാണിത്. മുമ്പ് 9.9 ശതമാനം ഓഹരി ഫേ‌സ്ബുക്കിന് 43,534 കോടി രൂപയ്ക്കും പിന്നീട് 1.5 ശതമാനം സിൽവർ ലേക്കിന് 5,655 കോടി രൂപയ്ക്കും ആർഐഎൽ വിറ്റിരുന്നു.

വിസ്ത ഇക്വിറ്റി നിക്ഷേപം വരുന്നതോടെ ജിയോയുടെ മൂല്യം 4.91 ട്രില്യൺ രൂപയും എന്റർപ്രൈസ് മൂല്യം 5.16 ട്രില്യൺ രൂപയുമാകും. ഇതോടെ റിലയൻസ് ഇൻഡസ്ട്രീസിനും ഫെയ്‌സ്ബുക്കിനും ശേഷം ജിയോ പ്ലാറ്റ്‌ഫോമുകളിലെ ഏറ്റവും വലിയ നിക്ഷേപകനായി വിസ്ത മാറും. പ്രമുഖ സാങ്കേതിക നിക്ഷേപകരിൽ നിന്ന് ജിയോ പ്ലാറ്റ്ഫോം ഇതുവരെ 60,596.37 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു.

Read also: വീണ്ടും നിക്ഷേപം എത്തുന്നു, റിലയൻസ് ജിയോയിൽ പണമിറക്കാൻ പുതിയ നിക്ഷേപകൻ

എന്റർപ്രൈസ് സോഫ്റ്റ്‍വെയർ, ഡാറ്റ ടെക്നോളജി തുടങ്ങിയ രം​ഗത്തെ കമ്പനികൾ ശാക്തീകരിക്കുന്നതിന് ഊന്നൽ നൽകി നിക്ഷേപം നടത്തുന്ന ആഗോള നിക്ഷേപ സ്ഥാപനമാണ് വിസ്ത. ഇതിന് 57 ബില്യൺ ഡോളറിലധികം ക്യുമുലേറ്റീവ് ക്യാപിറ്റൽ കമ്മിറ്റ്മെന്റുകളുണ്ട്. മാത്രമല്ല, വിസ്തയുടെ ആഗോള കമ്പനികളുടെ ശൃംഖല ലോകത്തിലെ അഞ്ചാമത്തെ വലിയ എന്റർപ്രൈസ് സോഫ്റ്റ്‍വെയർ കമ്പനിയെ പ്രതിനിധീകരിക്കുന്നു.

click me!