
ഐസ്ക്രീം വിപണിയില്‍ പുതിയൊരു ബ്രാന്‍ഡ് കൂടി അവതരിപ്പിച്ച് റിലയന്‍സ്. 'ബോംബെ ക്രീമറി' എന്ന പേരിലാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് പുതിയ ഐസ്‌ക്രീം ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. വില തന്നെയാണ് ബോംബെ ക്രീമറിയുടെ ഏറ്റവും വലിയ ആകര്‍ഷണം. 10 രൂപ മുതലാണ് ഐസ്‌ക്രീമുകളുടെ വില ആരംഭിക്കുന്നത്.
കോണ്‍, കപ്പ്, ടബ്, ബാര്‍, സ്റ്റിക്ക് തുടങ്ങി വിവിധ രൂപങ്ങളില്‍ ഐസ്‌ക്രീം ലഭ്യമാകും. കുറഞ്ഞ വിലയാണെങ്കിലും ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും, യഥാര്‍ത്ഥ പാല്‍ ഉപയോഗിച്ചാണ് ഐസ്‌ക്രീം നിര്‍മ്മിക്കുന്നതെന്നും കമ്പനി ഉറപ്പുനല്‍കുന്നു. ആദ്യ ഘട്ടത്തില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിലായിരിക്കും ഉല്‍പ്പന്നം ലഭ്യമാക്കുക. അടുത്ത ഘട്ടത്തില്‍ റിലയന്‍സിന്റെ രാജ്യത്തുടനീളമുള്ള അതിവിപുലമായ വിതരണ ശൃംഖലകളും റീട്ടെയില്‍ ഔട്ട്ലെറ്റുകളും വഴി ഇന്ത്യ മുഴുവന്‍ ഈ ഐസ്‌ക്രീം ബ്രാന്‍ഡ് ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം.
റിലയന്‍സിന്റെ ഈ പ്രഖ്യാപനത്തിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള വന്യജീവി സംരക്ഷണ സംരംഭമായ 'വന്‍താര'യുടെ കീഴില്‍ 'വന്‍താര ക്രീമറി' എന്ന പ്രീമിയം ഐസ്‌ക്രീം ബ്രാന്‍ഡ് വിപണിയിലെത്തിയത്. പൂര്‍ണമായും ഇന്ത്യന്‍ തനത് രുചികളില്‍, ചെറിയ അളവില്‍ മാത്രം നിര്‍മ്മിക്കുന്നപ്രീമിയം ഐസ്‌ക്രീമുകളാണ് വന്‍താര ക്രീമറി ഒരുക്കുന്നത്. മലായ് കുല്‍ഫി, പേരക്ക- മുളക്, ഫില്‍റ്റര്‍ കോഫി, ലെമണ്‍ സോര്‍ബെറ്റ്, കേസാര്‍ പേഡ തുടങ്ങി 17 വ്യത്യസ്ത രുചികളിലാണ് വന്‍താര ക്രീമറി ഐസ്‌ക്രീമുകള്‍ അവതരിപ്പിച്ചത്. ചുരുക്കത്തില്‍, പുതിയ 'ബോംബെ ക്രീമറി' കൂടി എത്തുന്നതോടെ അംബാനി കുടുംബത്തില്‍ നിന്ന് ഏതാനും മാസങ്ങള്‍ക്കിടെ രണ്ട് വ്യത്യസ്ത ഐസ്‌ക്രീം ബ്രാന്‍ഡുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നത്.