റിലയൻസ്-അരാംകോ ചർച്ചകൾ മൂല്യനിർണയത്തെച്ചൊല്ലി സ്തംഭിച്ചതായി റിപ്പോർട്ട്: ഓഹരി വിപണിയിൽ ഇടിവ്

By Web TeamFirst Published Jul 16, 2020, 11:44 PM IST
Highlights

റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രസ്തുത പ്രഖ്യാപനത്തോട് വിപണി പ്രതികൂലമായാണ് പ്രതികരിച്ചത്. 

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) ഓയിൽ-ടു-കെമിക്കൽ ബിസിനസിലെ 20 ശതമാനം ഓഹരി സൗദി അരാംകോയ്ക്ക് വിൽക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ മൂല്യനിർണയത്തെച്ചൊല്ലി സ്തംഭിച്ചതായി റിപ്പോർട്ട്. അസംസ്കൃത എണ്ണയുടെ ആവശ്യകത കുറയുന്നതുമൂലം ആസ്തികൾക്ക് മൂല്യത്തകർച്ച സംഭവിച്ചതിനാൽ റിലയൻസ് ഇൻഡസ്ട്രീസ് ഓയിൽ-ടു-കെമിക്കൽ ബിസിനസിന്റെ മൂല്യം പുനരവലോകനം ചെയ്യണമെന്ന് സൗദി അരാംകോ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

അരാംകോയുമായി കരാറിൽ ഏർപ്പെടുത്തത് സംബന്ധിച്ച ചർച്ചകൾ, കൊറോണ പകർച്ചവ്യാധി മൂലം നേരത്തെ തീരുമാനിച്ച സമയപരിധി പ്രകാരം മുന്നോട്ട് പോകുന്നില്ലെന്ന് റിലയൻസിന്റെ 43 വാർഷിക പൊതുയോഗത്തിൽ കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്. 

"ഊർജ്ജ വിപണിയിലെ അപ്രതീക്ഷിത സാഹചര്യവും കോവിഡ് -19 സാഹചര്യവും കാരണം സൗദി അരാംകോയുമായുള്ള കരാർ യഥാർത്ഥ ടൈംലൈനിന് അനുസരിച്ച് മുന്നേറിയിട്ടില്ല. അരാംകോയുമായുള്ള ഞങ്ങളുടെ രണ്ട് ദശകത്തെ ബന്ധത്തെ ഞങ്ങൾ വിലമതിക്കുന്നു. ദീർഘകാല പങ്കാളിത്തത്തിന് പ്രതിജ്ഞാബദ്ധമാണ്," അംബാനി പറഞ്ഞു.

റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രസ്തുത പ്രഖ്യാപനത്തോട് വിപണി പ്രതികൂലമായാണ് പ്രതികരിച്ചത്. ബുധനാഴ്ച നടന്ന ഇൻട്രാ ഡേ ട്രേഡിംഗിൽ ഓഹരി അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തി. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ വ്യാഴാഴ്ച 1.81 ശതമാനം ഇടിഞ്ഞു. 

click me!