പരസ്യമായി മാപ്പ് വരെ പറയേണ്ടി വന്നു, പിന്നീട് നടന്നത് ചരിത്രം! 3 മാസത്തിൽ 3.64 ലക്ഷം കോടി രൂപയുടെ ലാഭം; ലോകത്തെ ഞെട്ടിച്ച സാംസങ്ങിന്റെ തിരിച്ചുവരവ്

Published : Jun 27, 2026, 03:00 PM IST
Samsung

Synopsis

2 വര്‍ഷം മുന്‍പ് തകര്‍ച്ചയ്ക്ക് മാപ്പുപറഞ്ഞ സാംസങ്, എന്‍വിഡിയ, ടെസ്ല എന്നിവരുമായുള്ള നിര്‍ണായക കരാറുകളിലൂടെ ശക്തമായി തിരിച്ചു വന്നതാണ് ലോകം കണ്ടത്. എഐ യുഗത്തിലെ മെമ്മറി ചിപ്പുകളുടെ വന്‍ ഡിമാന്‍ഡ് കാരണം കമ്പനിയുടെ ലാഭവും ഓഹരി മൂല്യവും റെക്കോര്‍ഡ് വേഗത്തില്‍ കുതിച്ചുയര്‍ന്നു.

വിപണിയുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിയാത്തതിനും സാങ്കേതികവിദ്യയില്‍ പിന്നിലായതിനും രണ്ട് വര്‍ഷം മുമ്പ് പരസ്യമായി മാപ്പുപറഞ്ഞ കമ്പനിയാണ് സാംസങ്. ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ ടെക് ഭീമനായിരുന്ന സാംസങ്ങിന്റെ ആ തുറന്നുപറച്ചില്‍ പലരെയും അമ്പരപ്പിച്ചിരുന്നു. ഓഹരി വിപണിയിലും ഈ തകര്‍ച്ച പ്രകടമായിരുന്നു. 2025-ന്റെ തുടക്കത്തില്‍ സാംസങ്ങിന്റെ ഓഹരി മൂല്യം അതിന്റെ യഥാര്‍ത്ഥ ആസ്തി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു കണക്കാക്കപ്പെട്ടത്. അതായത്, കമ്പനിയുടെ കെട്ടിടങ്ങള്‍ക്കും യന്ത്രങ്ങള്‍ക്കും കടലാസിലുള്ള മൂല്യം മാത്രമാണ് അന്ന് വിപണി കല്‍പ്പിച്ചത്.

ഭാവിയിലെ വളര്‍ച്ചയോ പ്രതീക്ഷകളോ ഒന്നും വിപണി വിലക്കെടുത്തില്ല. ചില നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിവാക്കി, എന്നാല്‍ പാറ്റേണ്‍ തിരിച്ചറിഞ്ഞ ചിലര്‍ അത് വാങ്ങിക്കൂട്ടുകയാണുണ്ടായത്. അങ്ങനെ വാങ്ങിയവര്‍ ഇന്ന് കോടികളുടെ ലാഭത്തിലാണ്.

മാറ്റത്തിന് കാരണമായ രണ്ട് സുപ്രധാന കരാറുകള്‍

സാംസങ്ങിന്റെ തലവര മാറ്റിയത് രണ്ട് സുപ്രധാന സംഭവങ്ങളാണ്. ഒന്നാമത് മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ വമ്പന്മാര്‍ നിര്‍മ്മിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാ സെന്ററുകളില്‍ ഉപയോഗിക്കുന്ന എന്‍വിഡിയയുടെ പ്രോസസറുകള്‍ക്കൊപ്പം സാംസങ്ങിന്റെ ഹൈ- ബാന്‍ഡ് വിഡ്ത്ത് മെമ്മറി ചിപ്പുകള്‍ ഉപയോഗിക്കാന്‍ എന്‍വിഡിയ അനുമതി നല്‍കിയതാണ്. മാസങ്ങളായി സാംസങ് കാത്തിരുന്ന ഒരു അനുമതിയായിരുന്നു ഇത്. ഈ പച്ചക്കൊടി കിട്ടിയതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സപ്ലൈ ചെയിനിലേക്ക് സാംസങ്ങിന് പ്രവേശനം ലഭിച്ചു.

രണ്ടാമതായി, ഇലോണ്‍ മസ്‌കിന്റെ ടെസ്ലയുമായി ചിപ്പ് നിര്‍മ്മാണത്തിനുള്ള കരാറില്‍ സാംസങ് ഒപ്പുവച്ചു. തായ്വാന്‍ കമ്പനിയായ ടിഎസ്എംസിക്ക് പിന്നില്‍ കിതച്ചിരുന്ന സാംസങ്ങിന് ഈ കരാര്‍ വലിയൊരു ഊര്‍ജ്ജമായി. ഈ രണ്ട് കരാറുകളോടെ സാംസങ്ങിന്റെ ഓഹരികള്‍ മാസങ്ങള്‍ക്കുള്ളില്‍ 60 ശതമാനത്തോളം കുതിച്ചുയര്‍ന്നു.

ലാഭം 3.64 ലക്ഷം കോടി രൂപ!

2026 ലെ ആദ്യ പാദത്തില്‍ സാംസങ്ങിന്റെ പ്രവര്‍ത്തന ലാഭം 57 ട്രില്യണ്‍ വോണ്‍, അതായത് ഏകദേശം 3.64 ലക്ഷം കോടി രൂപയാണ്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് എട്ടിരട്ടി ലാഭമാണിത്. കമ്പനിയുടെ ആകെ വില്‍പ്പനയുടെ 61 ശതമാനവും, പ്രവര്‍ത്തന ലാഭത്തിന്റെ 94 ശതമാനവും വന്നത് സെമികണ്ടക്ടര്‍ വിഭാഗത്തില്‍ നിന്നാണ്. മെമ്മറി ചിപ്പുകളുടെ വില്‍പ്പനയില്‍ മുന്‍ പാദത്തേക്കാള്‍ 20 ശതമാനം വര്‍ദ്ധനവുണ്ടായി. എന്നാല്‍ വിറ്റുപോയ ചിപ്പുകളുടെ ശരാശരി വില 90 ശതമാനമാണ് ഉയര്‍ന്നത്! ഇത് വെറുമൊരു തിരിച്ചുവരവല്ല, മറിച്ച് വിപണിയുടെ ഒരു 'സൂപ്പര്‍ സൈക്കിള്‍' ആണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മെമ്മറി ചിപ്പുകളുടെ സുവര്‍ണകാലം

ലോകത്തെ മെമ്മറി ചിപ്പ് വിപണിയുടെ 95 ശതമാനവും സാംസങ്, എസ്.കെ ഹൈനിക്‌സ്, മൈക്രോണ്‍ എന്നീ മൂന്ന് കമ്പനികളുടെ കൈകളിലാണ്. എഐയുടെ കടന്നുവരവോടെ ചിപ്പുകളുടെ ആവശ്യകത കുത്തനെ കൂടി. ചാറ്റ്ജിപിടിയുടെ 80 കോടി ഉപയോക്താക്കള്‍ക്കും ജെമിനിയുടെ 65 കോടി ഉപയോക്താക്കള്‍ക്കും എഐ നല്‍കുന്ന മറുപടികളും ഡാറ്റകളും സൂക്ഷിക്കാന്‍ വലിയ തോതില്‍ മെമ്മറി ആവശ്യമാണ്. വില ഇനിയും ഉയര്‍ന്നേക്കാമെന്ന് ഭയന്ന് പല കമ്പനികളും വരും വർഷങ്ങളിലേക്കുള്ള കരാറുകള്‍ മുന്‍കൂട്ടി ഉറപ്പിക്കുകയാണ്.

വെല്ലുവിളികള്‍ എന്തൊക്കെ?

ഈ കുതിപ്പിനിടയിലും ചില വെല്ലുവിളികള്‍ സാംസങ്ങിന് മുന്നിലുണ്ട്. മെമ്മറി ചിപ്പ് വിപണി എപ്പോഴും ഒരുപോലെ ആയിരിക്കില്ല. 2019-ല്‍ ആവശ്യം കുറഞ്ഞ സമയത്ത് കമ്പനിയുടെ ലാഭം പകുതിയായി കുറഞ്ഞ ചരിത്രമുണ്ട്. അതുകൊണ്ട് പുതിയ പ്ലാന്റുകളുടെ നിര്‍മ്മാണത്തില്‍ കമ്പനി ശ്രദ്ധ ചെലുത്തുന്നുണ്ട്. ഈ വര്‍ഷം പുതിയൊരു നിര്‍മ്മാണ ശാല പ്രവര്‍ത്തനം തുടങ്ങും. കൂടാതെ ഏകദേശം 55 ബില്യണ്‍ ഡോളര്‍ (ഏകദേശം 5.28 ലക്ഷം കോടി രൂപ) ചിലവില്‍ ജൂലൈയില്‍ നിര്‍മ്മാണം തുടങ്ങുന്ന മറ്റൊരു പ്ലാന്റ് 2030-ല്‍ മാത്രമേ പൂര്‍ത്തിയാകൂ.

എഐ കൂടുതല്‍ കാര്യക്ഷമമാകുമ്പോള്‍ മെമ്മറിയുടെ ഉപയോഗം കുറഞ്ഞേക്കാമെന്നതാണ് മറ്റൊരു ആശങ്ക. ഇതുകൂടാതെ, ചിപ്പ് നിര്‍മ്മാണത്തില്‍ നിന്നുള്ള ലാഭം പങ്കുവെയ്ക്കണമെന്ന ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും, മെമ്മറി വിഭാഗത്തില്‍ നിന്നുള്ള ലാഭത്തിന്റെ 15% ജീവനക്കാര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് സാംസങ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്ക് ഭീഷണികളും കമ്പനിക്ക് തലവേദനയാണ്.

നിക്ഷേപകര്‍ കാത്തിരുന്ന മാന്ത്രികവിദ്യ

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 8 തവണ സാംസങ്ങിന്റെ ഓഹരി മൂല്യം അടിസ്ഥാന ആസ്തി മൂല്യത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്. ഈ സമയങ്ങളില്‍ ഓഹരി വാങ്ങിയവര്‍ക്കെല്ലാം പിന്നീട് ലഭിച്ചത് വലിയ ലാഭമാണ്. 1998-ലെ ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സാംസങ്ങിന്റെ ഓഹരികള്‍ പ്രതിവര്‍ഷം 24.6 ശതമാനം എന്ന നിരക്കിലാണ് വളര്‍ന്നത്. ഈ കാലയളവില്‍ ഓഹരി മൂല്യം 470 മടങ്ങ് വര്‍ദ്ധിച്ചു. 2025-ന്റെ തുടക്കത്തിലും സമാനമായ അവസരമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്. കമ്പനിയുടെ താല്‍ക്കാലിക ലാഭത്തേക്കാള്‍ ഈ 30 വര്‍ഷത്തെ ചരിത്രത്തില്‍ വിശ്വസിച്ചവരാണ് നേട്ടമുണ്ടാക്കിയത്.

ഇനി എന്ത്?

ചുരുക്കത്തില്‍, 2024-ല്‍ തളര്‍ന്നുപോയ സാംസങ് അല്ല ഇന്നുള്ളത്. എന്‍വിഡിയയുടെ പിന്തുണയും ടെസ്ലയുമായുള്ള കരാറും 2026 വരെയുള്ള മുന്‍കൂര്‍ ഓര്‍ഡറുകളും കമ്പനിയുടെ കരുത്ത് കാട്ടുന്നു. എഐ മോഡലുകളുടെ ഉപയോഗം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനാല്‍ ഈ മുന്നേറ്റം പെട്ടെന്നൊന്നും അവസാനിക്കില്ല. സാംസങ് എത്ര കാലം ഈ സുവര്‍ണ്ണാവസ്ഥ തുടരുമെന്നത് മാത്രമാണ് ഇനി കണ്ടറിയേണ്ടത്.

PREV
Read more Articles on
click me!

Recommended Stories

നോയൽ ടാറ്റയുടെ വാദങ്ങൾ തളളി, എൻ ചന്ദ്രശേഖരന്റെ പുനർനിയമനം നിയമപരമെന്ന് ടാറ്റാ സണ്‍സ്
ടാറ്റാ ട്രസ്റ്റ് - ടാറ്റാ സണ്‍സ് ബോർഡ് ഭിന്നത രൂക്ഷമാകുന്നു; എൻ ചന്ദ്രശേഖരന്റെ പുനർനിയമന തീരുമാനം നിയമവിരുദ്ധമെന്നാവർത്തിച്ച് ടാറ്റാ ട്രസ്റ്റ്