അറ്റാദയത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി സൗദി അരാംകോ

By Web TeamFirst Published Aug 9, 2020, 10:33 PM IST
Highlights

2019 ലെ സമാന കാലയളവിൽ ഇത് 24.7 ബില്യൺ ഡോളറായിരുന്നു.

റിയാദ്: എണ്ണവില കുത്തനെ ഇടിഞ്ഞതിനാൽ സൗദി അരാംകോയുടെ രണ്ടാം പാദത്തിലെ അറ്റാദായം 73 ശതമാനം ഇടിഞ്ഞു. ജൂൺ 30 വരെയുള്ള മൂന്ന് മാസങ്ങളിൽ കമ്പനി 6.6 ബില്യൺ ഡോളറിന്റെ അറ്റാദായം രേഖപ്പെടുത്തി. 2019 ലെ സമാന കാലയളവിൽ ഇത് 24.7 ബില്യൺ ഡോളറായിരുന്നു.

ക്രമേണ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും സമ്പദ് വ്യവസ്ഥയെ റീബൂട്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതിനെ തുടർന്ന് സൗദി അരാംകോ ഇപ്പോൾ ഊർജ്ജ വിപണിയിൽ ഭാഗികമായ വീണ്ടെടുക്കൽ പ്രകടിപ്പിക്കുന്നതായി ചീഫ് എക്സിക്യൂട്ടീവ് അമിൻ നാസർ ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
 
"ഏറ്റവും മോശമായ അവസ്ഥ ഞങ്ങൾ മറികടന്നിരിക്കാം, ” നാസർ പറഞ്ഞു.

അന്താരാഷ്ട്ര എണ്ണ മാനദണ്ഡമായ ബ്രെൻറ് ക്രൂഡ് ജനുവരി ആദ്യം ബാരലിന് 70 ഡോളറിൽ നിന്ന് ഏപ്രിലിൽ 20 ഡോളറിന് താഴേക്ക് വരെ ഇടിഞ്ഞു. അടച്ചുപൂട്ടലിന്റെ ഏറ്റവും ഉയർന്ന സമയത്ത് ഉപഭോ​ഗം മൂന്നിലൊന്നായി കുറഞ്ഞു. അതിനുശേഷം ഏകദേശം 44 ഡോളറിലേക്ക് നിരക്ക് ഉയർന്നു.

"ചൈനയെ നോക്കൂ, അവരുടെ ഗ്യാസോലിൻ, ഡീസൽ ആവശ്യം കൊവിഡ് -19 ന് മുമ്പുള്ള നിലയിലാണ്. ഏഷ്യയും മറ്റ് വിപണികളും സമാനമായി മികച്ച നിലയിലേക്ക് എത്തുന്നതായി ഞങ്ങൾ കാണുന്നു, ”നാസർ പറഞ്ഞു.
 

click me!