വിലയുദ്ധത്തിനില്ല, ലക്ഷ്യം ഗുണനിലവാരം; അമേരിക്കയെ പിന്തള്ളി ഇന്ത്യ സോണിയുടെ ഏറ്റവും വലിയ ടിവി വിപണിയാകും

Published : Aug 04, 2026, 01:20 PM IST
Sony Bravia

Synopsis

ദക്ഷിണ കൊറിയന്‍, ചൈനീസ് ടിവി ബ്രാൻഡുകളുടെ വില കുറഞ്ഞ മത്സരത്തിൽ നിന്നും മാറി, മികച്ച സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സോണി. പ്രീമിയം ടിവി വിഭാഗത്തിൽ ശ്രദ്ധയൂന്നുന്ന സോണി, അടുത്ത 5-10 വർഷത്തിനുള്ളിൽ ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ 'ബ്രാവിയ' വിപണിയാക്കി മാറ്റാൻ ലക്ഷ്യമിടുന്നു.

ദക്ഷിണ കൊറിയന്‍, ചൈനീസ് ടിവി നിര്‍മ്മാതാക്കള്‍ ഉല്‍പ്പന്നങ്ങളുടെ വില കുറച്ച് നടത്തുന്ന മത്സരത്തില്‍ പങ്കുചേരാതെ സോണി. പകരം മികച്ച സാങ്കേതികവിദ്യയിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ജാപ്പനീസ് ഇലക്ട്രോണിക്‌സ് ഭീമന്മാരായ സോണിയുടെ തീരുമാനം. ആഗോള ടിവി വിപണിയില്‍ വില ഇടിയുകയും ഘടകങ്ങളുടെ നിര്‍മ്മാണച്ചെലവ് കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സോണി തങ്ങളുടെ പുതിയ നയം വ്യക്തമാക്കുന്നത്.

അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ ലോകത്തെ ഏറ്റവും വലിയ 'ബ്രാവിയ' ടിവി വിപണിയായി മാറുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. 500 മുതല്‍ 1,500 ഡോളര്‍ വരെയുള്ള (ഏകദേശം 47,700 രൂപ മുതല്‍ 1.43 ലക്ഷം രൂപ വരെ) ടിവികളുടെ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സോണി ലക്ഷ്യമിടുന്നു. പ്രീമിയം ടിവികളുടെ വിഭാഗത്തില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്താണെങ്കിലും, കഴിഞ്ഞ അഞ്ചോ പത്തോ വര്‍ഷമായി ഇടത്തരം വിലയുള്ള ടിവികളുടെ വിപണിയില്‍ സോണിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ ഷവോമി, ടിസിഎല്‍, ഹൈസെന്‍സ് തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകള്‍ കുറഞ്ഞ വിലയില്‍ ഒട്ടേറെ ഫീച്ചറുകളുള്ള ടിവികള്‍ ഇറക്കി വലിയ മുന്നേറ്റം നടത്തുമ്പോഴാണ് സോണിയുടെ ഈ പ്രതികരണം. അതേസമയം, ദക്ഷിണ കൊറിയന്‍ കമ്പനികളായ സാംസങ്ങും എല്‍ജിയും പ്രീമിയം വിഭാഗത്തിലും സാധാരണ വിഭാഗത്തിലും തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ കടുത്ത പോരാട്ടത്തിലാണ്.

മെമ്മറിക്കും മറ്റ് നിര്‍മ്മാണ സാമഗ്രികള്‍ക്കും വില വര്‍ധിക്കുമ്പോഴും ദക്ഷിണ കൊറിയന്‍- ചൈനീസ് കമ്പനികള്‍ തമ്മിലുള്ള മത്സരം കാരണം ആഗോളതലത്തില്‍ ടിവികളുടെ ശരാശരി വില കുറയുകയാണ്. വലിയ സ്‌ക്രീനുള്ള ടിവികളുടെ വില്‍പ്പനയില്‍ ലോകത്ത് തന്നെ സ്ഥിരമായ വളര്‍ച്ച കാണിക്കുന്ന ചുരുക്കം ചില വിപണികളിലൊന്നാണ് ഇന്ത്യ. അതിനാല്‍ സോണിയുടെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. വലിയ സ്‌ക്രീന്‍ ടിവികളുടെ കാര്യത്തില്‍ 30 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയില്‍ രേഖപ്പെടുത്തുന്നത്. വികസിത രാജ്യങ്ങളില്‍ ടിവിക്ക് പകരം സ്മാര്‍ട്ട്ഫോണുകളും ടാബ്ലെറ്റുകളും ആളുകള്‍ ഉപയോഗിച്ച് തുടങ്ങിയപ്പോള്‍, ഇന്ത്യയില്‍ ഇപ്പോഴും കുടുംബത്തിലെ വിനോദോപാധിയായി ടിവികള്‍ക്ക് വലിയ സ്ഥാനമുണ്ട്. ഇതാണ് വലിയ സ്‌ക്രീനുകള്‍ക്കും മികച്ച ഓഡിയോ സിസ്റ്റങ്ങള്‍ക്കും ഇവിടെ ആവശ്യക്കാര്‍ കൂടാന്‍ കാരണം.

നിലവില്‍ അമേരിക്കയാണ് സോണിയുടെ ഏറ്റവും വലിയ ബ്രാവിയ വിപണി. രണ്ടാം സ്ഥാനത്ത് ഇന്ത്യയുണ്ട്. യൂറോപ്പ്, ജപ്പാന്‍, വിയറ്റ്‌നാം എന്നിവയാണ് മറ്റ് പ്രധാന മാര്‍ക്കറ്റുകള്‍. വലിയ ടിവികള്‍ക്കും പ്രീമിയം മോഡലുകള്‍ക്കും ഇന്ത്യയിലുള്ള ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുന്നത് അടുത്ത അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ മറികടക്കാന്‍ സോണിയെ സഹായിക്കും.

PREV
Read more Articles on
click me!

Recommended Stories

ഓണത്തിന് വമ്പൻ ഓഫറുകളുമായി ലുലു കണക്ട്; 'ഡിജിറ്റൽ സദ്യ', ബമ്പർ സമ്മാനമായി 20 കാറുകൾ!
ചരിത്രമുറങ്ങുന്ന രുചിയുമായി അവർ വീണ്ടും ഇന്ത്യയിലേക്ക് വരുന്നു; 60 വര്‍ഷങ്ങൾക്ക് ശേഷം 'ലയണ്‍ ബ്രൂവറി കോ'യുടെ തിരിച്ചു വരവ്