
കൊച്ചി: ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമായ സൈബര്‍നെറ്റ് (SIBerNet) വഴി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പേയ്മെന്റ് സേവനങ്ങള്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്ഐബി). എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനുമായി (ഇപിഎഫ്ഒ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോം വഴി തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇപിഎഫ് തുക തടസമില്ലാതെ അടയ്ക്കാന്‍ ഈ സംയോജനം പ്രാപ്തമാക്കും.കൊച്ചി മേഖലയുടെയും ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തിന്റെയും റീജിയണല്‍ പിഎഫ് കമ്മീഷണര്‍ ഉത്തം പ്രകാശ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.ആര്‍ ശേഷാദ്രി, എസ്ജിഎമ്മും ബ്രാഞ്ച് ബാങ്കിംഗ് മേധാവിയുമായ ബിജി എസ്.എസ് എന്നിവര്‍ ചേര്‍ന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.
ബാങ്കും ഇപിഎഫ്ഒയും തമ്മിലുള്ള സാങ്കേതിക സംയോജനം വിജയകരമായി പൂര്‍ത്തീകരിച്ചതോടെ, തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മറ്റും എസ്ഐബിയുടെ നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിച്ച് ഇപിഎഫ്ഒ പോര്‍ട്ടല്‍ വഴി നേരിട്ട് ഇപിഎഫ് തവണകള്‍, കുടിശ്ശികകള്‍, പണമടയ്ക്കലുകള്‍, അനുബന്ധ ചാര്‍ജുകള്‍ എന്നിവ അടയ്ക്കാന്‍ സാധിക്കും.
സൈബര്‍നെറ്റ് (SIBerNet) വഴി ഇപിഎഫ് പേയ്മെന്റുകള്‍ ആരംഭിക്കുന്നത് ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്തതും സുരക്ഷിതവുമായ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള പ്രതിബദ്ധതയില്‍ മറ്റൊരു പ്രധാനപ്പെട്ട ചുവടുവയ്പ്പാണെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആര്‍ ശേഷാദ്രി ചടങ്ങില്‍ പറഞ്ഞു. ഇപിഎഫ്ഒയുമായി നേരിട്ടുള്ള സംയോജനം സാധ്യമാക്കുന്നതിലൂടെ, തൊഴിലുടമകള്‍ക്കും ബിസിനസുകള്‍ക്കുമുള്ള നിയമാനുസൃത പണമിടപാടുകൾ ലളിതമാക്കാനും, സേവനങ്ങളിലെ സൗകര്യം എളുപ്പമാക്കുന്നതിനായി ഞങ്ങളുടെ ഡിജിറ്റല്‍ എക്കോസിസ്റ്റം ശക്തിപ്പെടുത്താനുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നെതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.