4 മാസം, 4 കോടി! വിസ്‌കി വിപണിയില്‍ 'സിങ്കമായി' അജയ് ദേവ്ഗണ്‍; തരംഗമായി 'ദ ഗ്ലെന്‍ ജേര്‍ണീസ്'

Published : Feb 27, 2026, 04:13 PM IST
glenjourneys

Synopsis

ബോളിവുഡ് താരം അജയ് ദേവ്ഗൺ പുറത്തിറക്കിയ പ്രീമിയം വിസ്‌കി ബ്രാൻഡായ 'ദ ഗ്ലെൻ ജേർണീസ്' വിപണിയിൽ വൻ മുന്നേറ്റം നടത്തുന്നു. വെറും നാല് മാസത്തിനുള്ളിൽ 4.14 കോടി രൂപയുടെ വിറ്റുവരവ് നേടിയ ബ്രാൻഡ്, വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയിടുന്നു.

സിനിമാ തിരശ്ശീലയിലെ 'സിങ്കം' പ്രകടനം ഇപ്പോള്‍ ബിസിനസ്സ് ലോകത്തും ആവര്‍ത്തിക്കുകയാണ് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. താരം പുറത്തിറക്കിയ പ്രീമിയം വിസ്‌കി ബ്രാന്‍ഡായ 'ദ ഗ്ലെന്‍ ജേര്‍ണീസ്' വിപണിയില്‍ വന്‍ മുന്നേറ്റം നടത്തുന്നു. വിപണിയിലെത്തി വെറും നാല് മാസത്തിനുള്ളില്‍ 4.14 കോടി രൂപയുടെ വിറ്റുവരവാണ് ഈ ബ്രാന്‍ഡ് സ്വന്തമാക്കിയത്. 2025 ഒക്ടോബറില്‍ വിപണിയിലെത്തിയത് മുതല്‍ ഇതുവരെ 8,622 കുപ്പികളാണ് വിറ്റുപോയതെന്ന് കമ്പനി അറിയിച്ചു. കാര്‍ട്ടല്‍ ബ്രദേഴ്‌സുമായി സഹകരിച്ചാണ് അജയ് ദേവ്ഗണ്‍ ഈ സംരംഭം ആരംഭിച്ചത്. ആഭ്യന്തര വിപണിയിലെ ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഉല്‍പ്പന്നം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള നീക്കത്തിലാണ് കമ്പനി

ആറ് സംസ്ഥാനങ്ങളില്‍ സാന്നിധ്യം

മഹാരാഷ്ട്രയില്‍ ആണ് ഈ വിസ്‌കി വില്‍പന തുടങ്ങിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ഉത്തരേന്ത്യന്‍ വിപണിയില്‍ ഗ്ലെന്‍ ജേര്‍ണീസ് ചുവടുറപ്പിച്ചു. നിലവില്‍ ആറ് സംസ്ഥാനങ്ങളിലായി 437 ഔട്ട്ലെറ്റുകളില്‍ ബ്രാന്‍ഡ് ലഭ്യമാണ്. ഗോവ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ദില്ലി എന്നിവിടങ്ങളില്‍ ബ്രാന്റ് ലഭ്യമാണ്. ഈ മാസം ഹരിയാന വിപണിയിലും ബ്രാന്റ് സാന്നിധ്യമറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിലും ലഭ്യം

യാത്രക്കാരെ ലക്ഷ്യമിട്ട് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും ഗ്ലെന്‍ ജേര്‍ണീസ് ഇടംപിടിച്ചിട്ടുണ്ട്. തിരുവനന്തപുരം, മുംബൈ, ലഖ്നൗ, ജയ്പൂര്‍, അഹമ്മദാബാദ്, അമൃത്സര്‍, മംഗലാപുരം എന്നീ വിമാനത്താവളങ്ങളില്‍ ഇപ്പോള്‍ ഈ വിസ്‌കി ലഭ്യമാണ്.

വരുന്നത് വമ്പന്‍ വിപുലീകരണം

രാജസ്ഥാന്‍, ചണ്ഡീഗഡ്, പോണ്ടിച്ചേരി, പഞ്ചാബ് തുടങ്ങി 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൂടി ഉടന്‍ വിതരണം ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പാരമ്പര്യ സ്‌കോച്ച് വിസ്‌കിയുടെ ഗുണമേന്മ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് ഈ വിജയത്തിന് പിന്നിലെന്ന് അജയ് ദേവ്ഗണ്‍ പറഞ്ഞു. മെട്രോ നഗരങ്ങള്‍ക്ക് പുറമെ സാധാരണ നഗരങ്ങളിലും ബ്രാന്‍ഡിന് ലഭിക്കുന്ന സ്വീകാര്യതയില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

2 ബിഎച്ച്കെ ഫ്ലാറ്റിലെ ഡൈനിം​ഗ് ടേബിൾ ആദ്യ ഓഫീസാക്കി 2 സുഹൃത്തുക്കൾ, ഇന്ത്യയുടെ സ്വന്തം 'മീഷോ' പിറന്ന കഥ
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ - ക്വാളിറ്റി കെയർ ഇന്ത്യ ലയനം; ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി