സാമൂഹിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യമിട്ട് ഗ്രീന്‍ ഇനിഷ്യേറ്റിവ് ഫണ്ടുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍

By Web TeamFirst Published Nov 7, 2020, 5:39 PM IST
Highlights

യുഎന്‍ഡിപിയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കുള്ള നൂതന പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ കണ്ടുപിടിച്ച് അവര്‍ക്ക് ഗ്രാന്‍റും ഇന്‍കുബേഷന്‍ പിന്തുണയും നല്‍കുക എന്നതാണ് ജിഐഎഫ് കൊണ്ട് ഉദ്ദേശിക്കുന്നത്.  

തിരുവനന്തപുരം: ഇതാദ്യമായി കേരളത്തില്‍ സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സ്വാധീനം തുടങ്ങിയ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ നൂതന സാങ്കേതികവിദ്യ  പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‍യുഎം) യുഎന്‍ഡിപിയുമായി ചേര്‍ന്ന് ഗ്രീന്‍ ഇനിഷ്യേറ്റിവ് ഫണ്ട് (ജിഐഎഫ്) എന്ന പേരില്‍ സ്റ്റാര്‍ട്ടപ് ആക്സിലറേറ്റര്‍ പ്രോഗ്രാമിനു തുടക്കമിട്ടു. 

സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായമടക്കം നല്‍കുന്ന ആറു മാസത്തെ ആക്സിലറേഷന്‍ പ്രോഗ്രാം ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. യുഎന്‍ഡിപിയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കുള്ള നൂതന പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ കണ്ടുപിടിച്ച് അവര്‍ക്ക് ഗ്രാന്‍റും ഇന്‍കുബേഷന്‍ പിന്തുണയും നല്‍കുക എന്നതാണ് ജിഐഎഫ് കൊണ്ട് ഉദ്ദേശിക്കുന്നത്.  

കേരളത്തില്‍ ഹൈറേഞ്ച് പ്രദേശങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമൂഹബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തി അനുയോജ്യമായ ഉല്പന്നങ്ങളും സേവനങ്ങളും നല്‍കുകയാണ്  സ്റ്റാര്‍ട്ടപ്പുകള്‍ ചെയ്യേണ്ടത്. ഇതിനായി ആറു മാസത്തെ പ്രവര്‍ത്തന പരിപാടി നടപ്പാക്കും. തുടരെയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍, മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ തുടങ്ങിയവ മൂലമുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങള്‍ ഈ സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ദ്ദേശിക്കണം. 
 
സുസ്ഥിര വിനോദസഞ്ചാരം, കൃഷി, മാലിന്യനിര്‍മാര്‍ജനം, ജല-ഊര്‍ജ വിഭവ മാനേജ്മെന്‍റ് തുടങ്ങിയവയും ജിഐഎഫിന്‍റെ ഭാഗമായിരിക്കും. പ്രശ്നപരിഹാരത്തിനുള്ള ആശയങ്ങള്‍ ആവിഷ്കരിക്കുന്നതിന് ഏഴു ലക്ഷം രൂപ വരെയായിരിക്കും ഓരോ സ്റ്റാര്‍ട്ടപ്പിനും ലഭിക്കുക. പുറമെ മാര്‍ഗനിര്‍ദ്ദേശം, പരിശീലനം എന്നിവയ്ക്കുള്ള സഹായവുമുണ്ടായിരിക്കും. ജിഐഎഫിന്‍റെ ആദ്യ സംഘങ്ങളുടെ തെരഞ്ഞെടുപ്പ് നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ പത്തുവരെ നടക്കും. മറയൂര്‍, കാന്തള്ളൂര്‍, കീഴന്തൂര്‍, കാരയുല്‍, കോത്തഗുഡി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഞ്ചുനാട് താഴ്വരയിലെ സുസ്ഥിര ഉപജീവനവും ജൈവവൈവിധ്യവും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി കേരള സ്റ്റാര്‍ട്ടപ് മിഷനും ഹരിതകേരളം മിഷനും സഹകരിച്ചു പ്രവര്‍ത്തിക്കും. 

വൈവിധ്യമേറിയതും അതേസമയം വ്യാപകവുമായ ദോഷങ്ങള്‍ക്ക് സാധ്യതയുള്ള ഹൈറേഞ്ച് മേഖലയില്‍ പ്രശ്നപരിഹാരത്തിനായി പരമ്പരാഗത സമ്പ്രദായങ്ങളില്‍നിന്നു മാറി പുത്തന്‍ ഇടപെടലുകള്‍ വേണ്ടതുകൊണ്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പിഴവുകള്‍ തീര്‍ത്ത് വിപുലമായ ഈ പരീക്ഷണത്തിന് സര്‍ക്കാര്‍ തയാറാകുന്നതെന്ന് മന്ത്രി ഡോ. ടിഎം തോമസ് ഐസക് പറഞ്ഞു. ഇത്തരത്തില്‍ ചില പദ്ധതികള്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കേരളത്തിലെ ചില മുനിസിപ്പാലിറ്റികള്‍ ഇപ്പോള്‍തന്നെ വിജയകരമായി  നടപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

നിര്‍മിതബുദ്ധി, ഡ്രോണുകള്‍ തുടങ്ങിയ ആധുനിക സങ്കേതങ്ങളെ പരമ്പരാഗത അറിവുകളുമായി സംയോജിപ്പിച്ച് പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യാനും ജൈവവൈവിധ്യത്തിനും പരിസ്ഥിതിക്കുമുണ്ടാകുന്ന ദോഷഫലങ്ങള്‍ ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നതെന്ന് യുഎന്‍ഡിപി ഇന്ത്യ മേധാവി ഷോക്കോ നോഡ പറഞ്ഞു. ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്സ്കേപ്പ് പദ്ധതിയുടെ ഭാഗമായുള്ള ജിഐഫ്-ലൂടെ യുവജനങ്ങള്‍ക്കും അവരുടെ ആശയങ്ങള്‍ക്കും കൂടുതല്‍ മൂല്യവും പിന്തുണയും ലഭിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 

click me!