ചൈന‌യിൽ നിർമിച്ച് ഇന്ത്യയിൽ വിൽക്കാനാണെങ്കിൽ നടക്കില്ല; ടെസ്‌ലയെ ക്ഷണിച്ച് നിതിൻ ​ഗഡ്കരി

By Web TeamFirst Published Apr 28, 2022, 12:20 AM IST
Highlights

ചൈനയിൽ വാഹനം നിർമ്മിക്കാനും ഇന്ത്യയിൽ വിൽക്കാനുമാണ് ആലോചിക്കുന്നതെങ്കിൽ അത് നല്ല തീരുമാനമായിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ദില്ലി: ഇലക്ട്രോണിക് വാഹന രംഗത്തെ അതികായന്മാരായ ടെസ്‌ലയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കേന്ദ്ര റോഡ് ഗതാഗതം ഹൈവേ കാര്യ മന്ത്രി നിതിൻ ഗഡ്കരി. അതിസമ്പന്നരിൽ ലോകത്ത് ഒന്നാമനായ ഇലോൺ മസ്കിന്റെ കമ്പനിയോട് ഇന്ത്യയിൽ ടെസ്‌ലയുടെ നിർമാണ പ്ലാന്റ് തുടങ്ങാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനയിൽ വാഹനം നിർമ്മിക്കാനും ഇന്ത്യയിൽ വിൽക്കാനുമാണ് ആലോചിക്കുന്നതെങ്കിൽ അത് നല്ല തീരുമാനമായിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ദില്ലിയിൽ സ്വകാര്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സദസിൽ നിന്ന് ഉയർന്ന ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് ടെസ്‌ലക്ക് ഇന്ത്യയിലേക്ക് ക്ഷണം നൽകിയത്. ഇന്ത്യയിൽ ഉയർന്ന നികുതിയാണെന്ന ടെസ്‌ലയുടെ ആശങ്കയാണ് സദസിൽ നിന്ന് ചോദ്യമായി ഉയർന്നുവന്നത്. ഇന്ത്യയിലാണ് ഇലോൺ മസ്ക് ടെസ്‌ല കാറുകൾ നിർമ്മിക്കുന്നതെങ്കിൽ ചെലവ് ചുരുക്കാനാവുമെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഇവിടെ എല്ലാ സാങ്കേതിക വിദ്യയും ലഭ്യമാണ്. ഇന്ത്യ വിശാലമായ വിപണിയാണ്. തുറമുഖങ്ങളടക്കം ഇന്ത്യയിൽ നിന്ന് കയറ്റുമതിക്ക് അടക്കം വലിയ സാധ്യതയാണ് ഉള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയ്ക്ക് ടെസ്‌ലയും ഇലോൺ മസ്കും ഇങ്ങോട്ട് വരുന്നതിൽ യാതൊരു പ്രയാസവും ഇല്ല. എന്നാൽ ചൈനയിൽ വാഹനം നിർമ്മിച്ച് ഇന്ത്യയിൽ വിൽക്കാനാണ് അവരുടെ തീരുമാനമെങ്കിൽ അതൊരു നല്ല ആശയമായിരിക്കില്ല. ഇന്ത്യയിൽ വാഹനം നിർമ്മിക്കാൻ തയ്യാറാകണമെന്നാണ് കേന്ദ്രസർക്കാരിന് അദ്ദേഹത്തോട് ആവശ്യപ്പെടാനുള്ളതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

click me!