ശമ്പള പ്രശ്‌നം; ഐ ഫോണ്‍ നിര്‍മ്മാണ കമ്പനിക്ക് നേരെ തൊഴിലാളികളുടെ കല്ലേറ്

By Web TeamFirst Published Dec 12, 2020, 3:07 PM IST
Highlights

മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിച്ച തൊഴിലാളികള്‍ ഓഫിസിന് നേരെ കല്ലെറിയുകയും ബോര്‍ഡിനും കാറിനും തീവെക്കുകയും ചെയ്തു.
 

ബെംഗളൂരു: ബെംഗളൂരുവില്‍ ഐ ഫോണ്‍ നിര്‍മ്മിക്കുന്ന തായ് വാന്‍ കമ്പനിയായ വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്‍ ഫാക്ടറിയില്‍ തൊഴിലാളികളുടെ പ്രതിഷേധം. ശമ്പളത്തെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. കമ്പനിയുടെ നെയിം ബോര്‍ഡും കാറും കത്തിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കമ്പനി അധികൃതര്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കൊലാര്‍ ജില്ലയിലെ നരസപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്. 

കര്‍ണാടക സര്‍ക്കാര്‍ സംഭവത്തെ അപലപിച്ചു. മാസങ്ങളായി കമ്പനിയില്‍ ശമ്പള പ്രശ്‌നമുണ്ട്. ഇന്ന് പ്രശ്‌നം മൂര്‍ച്ഛിക്കുകയായിരുന്നു. മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിച്ച തൊഴിലാളികള്‍ ഓഫിസിന് നേരെ കല്ലെറിയുകയും ബോര്‍ഡിനും കാറിനും തീവെക്കുകയും ചെയ്തു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി. സംഭവത്തെ അപലപിച്ച് ഉപമുഖ്യമന്ത്രി അശ്വന്ത്‌നാരായണ്‍ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ പ്രശ്‌നമുണ്ടാക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ശമ്പളകുടിശ്ശിക ലഭിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

click me!