അധ്യാപക ദിനത്തിൽ ഒരു സ്പെഷ്യൽ എജുക്കേഷൻ അധ്യാപകന്‍റെ അനുഭവങ്ങൾ

Published : Sep 05, 2025, 01:12 PM IST
 Experiences of a special education teacher on Teacher's Day

Synopsis

അധ്യാപക ദിനത്തില്‍ പോലും നമ്മൾ മറന്ന് പോകുന്ന അധ്യാപകരാണ് സ്പെഷ്യല്‍ സ്കൂൾ അധ്യാപകർ.  ഈ വർഷത്തെ അധ്യാപക ദിനത്തിൽ സ്പെഷ്യൽ എജുക്കേറ്ററായ സോണിയ സുദർശനുമായി റിന്‍റു ജോണ്‍ തയ്യാറാക്കിയ അഭിമുഖത്തിൽ നിന്നും.

 

രോ അധ്യാപക ദിനത്തിലും പ്രിയപ്പെട്ടവരായ ഒട്ടനവധി അധ്യാപകരുടെ മുഖങ്ങൾ നമ്മുടെയൊക്കെ മനസ്സിൽ തെളിഞ്ഞു വരാറുണ്ട്. അധ്യാപനത്തിന്‍റെ മഹത്വത്തെ കുറിച്ച് നാം വാചാലരാകുമ്പോഴും ബോധപൂർവ്വം അല്ലെങ്കിൽ കൂടിയും ഒരു പ്രത്യേക വിഭാഗം അധ്യാപകരെ നാം മറന്നു പോകാറുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടി തങ്ങളുടെ ജീവിതം മാറ്റിവെച്ച ചില അധ്യാപകർ. സ്പെഷ്യൽ എജുക്കേഷൻ സ്കൂളുകളിൽ സേവനം ചെയ്യുന്ന ഈ അധ്യാപകരെ നാം ഒരു കാരണവശാലും മറന്നുകൂടാ. കാരണം പുസ്തകങ്ങളും പരീക്ഷകളും അക്കാദമിക് വിജയങ്ങളും മാത്രമല്ല, ക്ഷമയും കരുതലും പ്രതീക്ഷയും നിറഞ്ഞ ക്ലാസ് മുറിയിലാണ് ഇവരുടെ സേവനം. ഓരോ ചെറിയ പുരോഗതിയും ഒരു വലിയ വിജയമായി ആഘോഷിക്കുന്നവർ. അധ്യാപകദിനത്തിന്‍റെ ഭാഗമായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്മെന്‍റ് സെന്‍ററായ പ്രയത്നയിലെ സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്‍റ് ഹെഡ് സോണിയ സുദർശനുമായി നടത്തിയ സംഭാഷണം.

ഒന്നും ചെയ്യാനില്ലാത്തവർ അല്ല

എന്‍റെ സ്കൂൾ പഠന കാലത്ത് പല ദിവസങ്ങളിലും സ്കൂളിലേക്ക് മറ്റും പോകുമ്പോൾ വഴിയരികിൽ സ്ഥിരമായി കാണുന്ന കാഴ്ചയായിരുന്നു ഭിന്നശേഷിക്കാരായ ചില മനുഷ്യർ ഒന്നും ചെയ്യാനില്ലാതെ വഴിയോരങ്ങളിലും കടത്തിണ്ണകളിലും ഒക്കെ വെറുതെ ഇരിക്കുന്നത്. അവർ ചുറ്റുമുള്ളതെല്ലാം നോക്കുന്നുണ്ടെങ്കിലും ചുറ്റുമുള്ള ലോകം അവരെ ശ്രദ്ധിക്കുന്നേ ഇല്ലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നീട് പഠനമെല്ലാം പൂർത്തിയാക്കി ഒരു കരിയർ തെരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങളിലേക്ക് കടന്നപ്പോൾ ഒരു അധ്യാപികയാവുക എന്ന മനസ്സിലെവിടെയോ ഒളിച്ചിരുന്ന ആഗ്രഹമാണ് പുറത്തുവന്നത്. പക്ഷേ, അപ്പോഴും ഒരു സാധാരണ അധ്യാപിക എന്നതിനപ്പുറം അല്പം കൂടി മഹത്തരമായ രീതിയിൽ എന്‍റെ പ്രൊഫഷനെ മാറ്റണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ആ ആഗ്രഹമാണ് ഒരു സ്പെഷ്യൽ എജുക്കേഷൻ അധ്യാപികയാക്കി എന്നെ മാറ്റിയത്. ഭിന്നശേഷിക്കാരായ ആളുകളെ കുറിച്ച് ഞാൻ കൂടുതൽ മനസ്സിലാക്കിയപ്പോൾ തിരിച്ചറിഞ്ഞ കാര്യം വഴിയോരങ്ങളിലും കടത്തിണ്ണങ്ങളിലും ഒന്നും ചെയ്യാനില്ലാതെ നിസ്സംഗരായിരിക്കേണ്ടവരല്ല അവർ എന്നതാണ്. കൃത്യമായ പരിശീലനത്തിലൂടെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് അവരെയും എത്തിക്കാൻ സാധിക്കും. അത്തരത്തിൽ ഒരു പരിശീലകയായി മാറാൻ കഴിഞ്ഞു എന്നതാണ് ഇന്ന് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സന്തോഷം. അധ്യാപനത്തിന്‍റെ അല്പം സ്പെഷ്യലായ ഈ മേഖലയിലേക്ക് കടന്നുവന്നതിൽ ഒരിക്കൽപോലും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല. മറിച്ച് എന്നാൽ കഴിയും വിധം ചില ജീവിതങ്ങളിൽ എങ്കിലും വഴികാട്ടിയാകാൻ കഴിഞ്ഞതിന്‍റെ സന്തോഷം മാത്രമേയുള്ളൂ.

ഓരോരുത്തരെയും തിരിച്ചറിഞ്ഞ്

ഒട്ടുമിക്ക സാഹചര്യങ്ങളിലും സ്പെഷ്യൽ എജുക്കേഷനിൽ വിദ്യാർത്ഥികളുടെ പഠനരീതി ഓരോരുത്തരുടെയും കഴിവും പരിമിതിയും തിരിച്ചറിഞ്ഞ്, അവരെ ആത്മവിശ്വാസത്തോടെയും സ്വയംപര്യാപ്തതയോടെയും മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന തരത്തിലായിരിക്കും. വളർച്ചാ ഘട്ടങ്ങൾ, പഠനശേഷി, വെല്ലുവിളികൾ, കഴിവുകൾ എല്ലാം ഓരോരുത്തർക്കും വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ ഒരേപോലുള്ള കരിക്കുലം അല്ലെങ്കിൽ സിലബസ് വിദ്യാർത്ഥികൾക്കായി ഒരുക്കാൻ കഴിയില്ല. അതിനാൽ തന്നെ ഓരോ കുട്ടിക്കും പ്രത്യേകം തയ്യാറാക്കിയ വ്യക്തിഗത പഠനപദ്ധതി വഴിയാണ് ഇവരെ പഠിപ്പിക്കുന്നത്. കുട്ടിയുടെ ബുദ്ധിശേഷി, ആശയവിനിമയ കഴിവ്, സാമൂഹികവും വ്യക്തിപരവുമായ വളർച്ച, സ്വയംപര്യാപ്തത തുടങ്ങിയവ വിലയിരുത്തിയാണ് അധ്യാപകർ പഠന പരിപാടികൾ രൂപപ്പെടുത്തുന്നത്.

പഠനം വ്യക്തികേന്ദ്രീകൃതമായാണ് നടപ്പാക്കുന്നത്. വിഷയം കേന്ദ്രീകരിച്ചല്ല, കുട്ടിയുടെ കഴിവും ആഗ്രഹവും കേന്ദ്രീകരിച്ചാണ് ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോവുക. കുട്ടിയ്ക്ക് പഠിക്കാൻ സുഖകരമായ രീതി ഏതാണെന്ന് മനസ്സിലാക്കി അതിലൂടെ മുന്നോട്ടു പോവുകയാണ് ചെയ്യുന്നത്. അക്കാദമിക് പഠനത്തേക്കാൾ പ്രധാനമാണ് കുട്ടികളുടെ അനുദിന ജീവിതത്തിലെ സ്വയം പര്യാപ്തത. സ്വയം വസ്ത്രം ധരിക്കൽ, ഭക്ഷണം കഴിക്കൽ, പണം കൈകാര്യം ചെയ്യൽ, യാത്ര ചെയ്യൽ തുടങ്ങി ദൈനംദിന ജീവിതത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. ശിക്ഷക്ക് പകരം പ്രോത്സാഹനമാണ് ഞങ്ങൾ നൽകുന്നത്. അവരുടെ ചെറിയ പുരോഗതികള്‍ പോലും ആഘോഷിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ട് പോകുന്നു. അധ്യാപകരും മാതാപിതാക്കളും ചേർന്ന് കുട്ടിയുടെ പുരോഗതി നിരന്തരം നിരീക്ഷിക്കുകയും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുകയും ചെയ്യും.

മാതാപിതാക്കൾ ഇങ്ങനെ ചെയ്യരുത്

സ്പെഷ്യൽ എജുക്കേഷൻ ആവശ്യമായ കുട്ടികളുടെ ജീവിതത്തിൽ മാതാപിതാക്കളുടെ പങ്ക് ഏറ്റവും നിർണായകമാണ്. പല മാതാപിതാക്കളും അവരുടെ മക്കളിൽ അക്കാദമിക് നേട്ടങ്ങൾ മാത്രമാണ് പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത്. മാർക്കും ഗ്രേഡും മാത്രമാണ് ജീവിത വിജയത്തിന്‍റെ അടയാളങ്ങളാണെന്ന് കരുതുന്ന നിരവധി മാതാപിതാക്കളെ ഈ കാലയളവിൽ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ, ഇത്തരം കുട്ടികളിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് സ്വയംപര്യാപ്തതക്കും സമഗ്രമായ വ്യക്തിത്വ വികസനത്തിനുമാണ്. കുട്ടി സ്വയം ഭക്ഷണം കഴിക്കാനും, വസ്ത്രം ധരിക്കാനും, മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും, സമൂഹത്തിൽ ആത്മവിശ്വാസത്തോടെ ഇടപഴകാനും പഠിക്കുന്നതാണ് ഭാവിയിൽ അവരെ ശക്തരാക്കുന്നത്.

അധികം സാഹചര്യങ്ങളിലും തുടക്കത്തിൽ മാതാപിതാക്കളുടെ ഭാഗത്തുനിന്നും സ്വീകരിക്കുന്ന സമീപനം കുറ്റപ്പെടുത്തലിന്‍റെയും പരാതി പറയലിന്‍റെതുമാണ്. "എന്തുകൊണ്ട് ചെയ്യാൻ കഴിയുന്നില്ല?" എന്ന ചോദ്യവും, "മറ്റു കുട്ടികളെപ്പോലെ മുന്നോട്ടുപോകാൻ കഴിയുന്നില്ല" എന്ന നിരാശാജനകമായ പ്രതികരണവും കുട്ടിയെ മാനസികമായി ബാധിക്കുന്നു. അതേസമയം തന്നെ ചില മാതാപിതാക്കൾ എങ്കിലും ഒരു ഘട്ടം കഴിയുമ്പോൾ തങ്ങളുടെ കുട്ടികൾക്ക് വന്നിരിക്കുന്ന ചെറിയ മുന്നേറ്റങ്ങൾ പോലും തിരിച്ചറിയുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. ഈ മാറ്റമാണ് ഏറ്റവും അഭിനന്ദനാർഹം. കുട്ടിയെ തുടക്കത്തിൽ കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന മാതാപിതാക്കൾ, പിന്നീട് ചെറിയ പുരോഗതികൾക്ക് പോലും കൈയ്യടി കൊടുക്കുമ്പോൾ കുട്ടികൾക്ക് അതൊരു വലിയ പ്രചോദനമാകുന്നു. മാതാപിതാക്കളുടെ അംഗീകാരവും പിന്തുണയും കുട്ടിയുടെ ആത്മവിശ്വാസത്തെ വളർത്തുകയും, പഠനത്തിലും ജീവിതത്തിലും മുന്നോട്ട് പോകാൻ കരുത്തുനൽകുകയും ചെയ്യുന്നു.

യഥാർത്ഥ വില്ലൻ

സ്പെഷ്യൽ എജുക്കേഷൻ ആവശ്യമായ കുട്ടികളുടെ പഠനത്തിൽ മാതാപിതാക്കളുടെ അമിത ഇടപെടലുകൾ പലപ്പോഴും തടസ്സമാകാറുണ്ട്. കഴിവിന് മേലുള്ള പ്രതീക്ഷകൾ കുട്ടിയിൽ സമ്മർദ്ദവും നിരാശയും ഉണ്ടാക്കും, അധിക നിയന്ത്രണങ്ങൾ സ്വാതന്ത്ര്യവും ആത്മവിശ്വാസവും കുറയ്ക്കും. മറ്റുകുട്ടികളുമായി താരതമ്യം ചെയ്യുന്നത് അപകർഷതാബോധവും പഠന വിരക്തിയും വളർത്തും. അധ്യാപകന്‍റെ രീതികൾ മാറ്റിമറിക്കുമ്പോൾ കുട്ടിയുടെ പുരോഗതി മന്ദഗതിയിലാകും, അമിത സംരക്ഷണം കുട്ടിയെ സ്വയം കാര്യങ്ങൾ ചെയ്യാനാവാത്തവനാക്കി മാറ്റും. അതിനാൽ മാതാപിതാക്കൾ അധ്യാപകന്‍റെ മാർഗ്ഗനിർദ്ദേശം പിന്തുടർന്ന്, കുട്ടിക്ക് സ്വയം ശ്രമിക്കാനും പഠിക്കാനും അവസരം നൽകുന്നതാണ് ഏറ്റവും നല്ലത്.

വേറിട്ട പരിശീലനം

സ്പെഷ്യൽ എജുക്കേഷൻ ആവശ്യമായ കുട്ടികളുടെ പഠനത്തിൽ സാങ്കേതിക വിദ്യക്കും അധ്യാപകന്‍റെ ക്രിയേറ്റിവിറ്റിക്കും വലിയ പങ്കുണ്ട്. ഓരോ കുട്ടിയുടെയും പഠനശൈലിയും കഴിവുകളും വ്യത്യസ്തമായതിനാൽ, ഒരേ രീതിയിൽ എല്ലാവരെയും പഠിപ്പിക്കാൻ കഴിയില്ല. അതിനാൽ കുട്ടിക്ക് അനുയോജ്യമായ രീതിയിൽ പഠനം ഒരുക്കണം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം എളുപ്പമാക്കാം. ചിത്രങ്ങൾ, വീഡിയോകൾ, ആപ്പുകൾ, ഗെയിംസ് തുടങ്ങിയവ കുട്ടിയിൽ താൽപര്യം വളർത്തുന്നു. കേൾവിയിലും കാഴ്ചയിലും ബുദ്ധിമുട്ടുള്ള കുട്ടികൾക്കും ഇത്തരം മാർഗങ്ങൾ ഏറെ സഹായകരമാണ്. അതോടൊപ്പം അധ്യാപകന്‍റെ ക്രിയേറ്റിവിറ്റിയും അത്രത്തോളം പ്രധാനമാണ്. കഥകൾ, സംഗീതം, ആർട്ട്, കളി എന്നിവ ചേർത്ത് പഠിപ്പിക്കുമ്പോൾ കുട്ടികൾക്ക് പഠനം ആസ്വാദ്യകരമായ അനുഭവമാകും.

കുട്ടികൾ പഠിപ്പിക്കുന്നത്

ഞാൻ എന്‍റെ പ്രിയപ്പെട്ട കുട്ടികളോടൊപ്പം ചെലവഴിക്കുന്ന എല്ലാ സമയത്തും എന്തെങ്കിലുമൊക്കെ കാര്യങ്ങൾ അവർ എന്നെയും പഠിപ്പിക്കാറുണ്ട്. അങ്ങനെ അവരിൽ നിന്നും ഞാൻ പഠിച്ചെടുത്ത നിരവധി സാമൂഹിക ഗുണങ്ങൾ ഉണ്ട്. സഹനശീലം, കരുണ, സഹജീവന ബോധം, ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താനുള്ള മനസ്സ് എന്നിവയൊക്കെ എന്നിൽ വളർത്തിയത് എന്‍റെ കുട്ടികളാണ്. എന്‍റെ വ്യക്തിത്വത്തെയും അധ്യാപന ശൈലിയെയും കൂടുതൽ മനുഷ്യ സ്നേഹപൂർണ്ണമാക്കി മാറ്റിയത് ഈ കുട്ടികളുമായുള്ള ഇടപെടലാണ്.

മാറ്റങ്ങൾ അനിവാര്യമാണ്

കേരളം വിദ്യാഭ്യാസത്തിലും സാമൂഹിക ബോധത്തിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണെങ്കിലും, സ്പെഷ്യൽ എജുക്കേഷൻ മേഖലയിലെ കുട്ടികൾക്കും കുടുംബങ്ങൾക്കും കൂടുതൽ പിന്തുണയും ഉൾക്കൊള്ളലും ആവശ്യമുണ്ട്. ഭരണകൂടത്തിന്‍റെ നയങ്ങളും സമൂഹത്തിന്‍റെ മനോഭാവവും ചേർന്നാൽ, ഇത്തരം കുട്ടികളും വ്യക്തികളും സമൂഹത്തിന്‍റെ ഭാഗമായിത്തന്നെ മുന്നോട്ട് പോകാൻ കഴിയും.

സ്പെഷ്യൽ എജുക്കേഷൻ കുട്ടികൾക്ക് പ്രത്യേകം വിദ്യാഭ്യാസ നയം, പ്രവർത്തന പദ്ധതി, സ്ഥിരമായ ധനസഹായം എന്നിവയെല്ലാം കൃത്യമായി ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സാധാരണ സ്കൂളുകളിൽ തന്നെ പ്രത്യേക പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതും ഇത്തരം കുട്ടികളുടെ പഠനത്തെയും സാമൂഹിക ജീവിതത്തെയും സഹായിക്കും. ആരോഗ്യപരിരക്ഷ, സ്കോളർഷിപ്പ്, ജോലി അവസരങ്ങൾ, ട്രാവൽ കൺസഷൻസ് തുടങ്ങിയ ക്ഷേമ പദ്ധതികളും കൃത്യമായി നടപ്പിലാക്കാനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം. കുട്ടികളെ “special” എന്ന് വേർതിരിക്കാതെ, “equal” എന്ന് കാണുന്ന സാമൂഹിക മനോഭാവം വളർത്തിയെടുക്കാനാണ് നാം എല്ലാവരും കൂട്ടായി പരിശ്രമിക്കേണ്ടതെന്നും സോണിയ സുദർശന്‍ പറയുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

കാഴ്ചപരിമിതർക്കും വായനയുടെ ലോകത്തെ തൊട്ടറിയാം; ശാന്തകുമാരനും സുഹൃത്തുക്കളും ഒരുക്കുന്നു പുതിയൊരു പുസ്തകലോകം
രാഷ്ട്രീയത്തിൻ്റെ ഭാ​ഗമാവുന്നത് പ്രത്യേക സന്ദർഭത്തിലല്ല, വളർന്ന ശീലങ്ങളിൽ ഒന്ന് തന്നെയായിരുന്നു രാഷ്ട്രീയം; എഴുത്തുകാരിയും സ്ഥാനാർഥിയുമായ റഹീമ വാളാട്