കാഴ്ചപരിമിതിയുള്ളവർക്കായി ബ്രെയിലി ലിപിയിൽ പുസ്തകങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ് പാലക്കാട് സ്വദേശി പി ടി ശാന്തകുമാരനും സുഹൃത്തുക്കളും. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിനോടു ചേർന്നുള്ള വായനശാല വിപുലീകരിക്കാനാണ് ശ്രമം.
‘‘വായന ഒരു ലഹരിയാണ്. ഇപ്പോൾ കഥകളുടെയും നോവലുകളുടെയും ശബ്ദ റെക്കോഡുകൾ ലഭിക്കുമെങ്കിലും അക്ഷരങ്ങൾ കൈകൊണ്ട് തൊട്ടറിഞ്ഞ് ഭാവനയുടെ ലോകത്തേക്ക് പുറന്നുയരാന്‍ വായന കൊണ്ടേ കഴിയൂ. അക്ഷരങ്ങൾ തൊട്ടറിഞ്ഞ് വായിക്കുമ്പോൾ കഥാപാത്രങ്ങൾക്കൊപ്പം അക്ഷരങ്ങളും നമ്മുടെ കൂടെ വരും.’’- പാലക്കാട് കരിമ്പുഴ സ്വദേശിയായ റിട്ട. അധ്യാപകൻ പി ടി ശാന്തകുമാരൻ പറയുന്നു. കാഴ്ചപരിമിതർക്ക് വായനയുടെ വെളിച്ചം പകരാന്‍ പരിശ്രമിക്കുകയാണ് ശാന്തകുമാരനും സുഹൃത്തുക്കളും. പാഠപുസ്തകങ്ങള്‍ക്ക് പുറമെ കഥകളും നോവലുകളും കവിതകളും തൊട്ടറിഞ്ഞ് വായിക്കാന്‍ പുസ്തകങ്ങള്‍ ബ്രെയിലി ലിപിയിലേക്ക് പകര്‍ത്തി എഴുതുക ഏറെ ശ്രമകരമായ കാര്യമാണ്. എന്നാല്‍, വെല്ലുവിളികളെ തരണം ചെയ്ത് ലക്ഷ്യത്തിലേക്കുള്ള യാത്രയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓണ്‍ലൈനോട് പങ്കുവെക്കുകയാണ് ബ്രെയിലിസ്റ്റും കരിമ്പുഴ എച്ച് കെ സി എം എം സ്കൂള്‍ ഫോർ ബ്ലൈൻഡിലെ മുൻ അധ്യാപകനുമായ ശാന്തകുമാരൻ.
എന്താണ് ബ്രെയിലി ലിപി?
കാഴ്ചപരിമിതിയുള്ളവർക്ക് ആശയവിനിമയം നടത്തുന്നതിന് വേണ്ടി ലൂയി ബ്രെയിലി എന്ന ഫ്രഞ്ച് പൗരൻ വർഷങ്ങൾക്ക് മുമ്പ് കണ്ടുപിടിച്ച പാഠ്യ പദ്ധതിയാണ് ഇത്. രണ്ട് കോളങ്ങളിലായി ദീർഘചതുരാകൃതിയിൽ ക്രമീകരിച്ച 6 കുത്തുകൾ കൊണ്ട് അക്കങ്ങൾ, അക്ഷരങ്ങൾ, ചിഹ്നങ്ങൾ, തുടങ്ങിയവയെല്ലാം ഈ രീതിയിൽ പ്രതിനിധാനം ചെയ്യാൻ സാധിക്കുന്നു. ഇങ്ങനെയുള്ള 6 കുത്തുകളുടെ കൂട്ടത്തെ, പേപ്പറിൽ നിന്ന് ഉയർന്ന് നിൽക്കുന്ന കുത്തുകളിലൂടെ കൈ വിരലുകൾ ഓടിച്ച് അവയെ തിരിച്ചറിഞ്ഞാണ് ഈ ലിപി വായിക്കുന്നത്. കട്ടിയുള്ള ചാർട്ട് പേപ്പറുകളിലാണ് ബ്രെയിലി ലിപി എഴുതുന്നത്. എഴുത്താണി പോലെയുള്ള ഉപകരണം കൊണ്ട് കൈ ഉപയോഗിച്ചും ടൈപ്പ് റൈറ്ററുടേതിന് സമാനമായ പെർക്കിൻസ് ബ്രെയിലർ എന്ന യന്ത്രം ഉപയോഗിച്ചും ഇത് എഴുതാം. ബ്രെയിലി ലിപിയിൽ പുസ്തകം അച്ചടിക്കാൻ സംവിധാനമുണ്ടെങ്കിലും കേരളത്തിലെ അവസ്ഥ പരിമിധി നിറഞ്ഞതാണെന്ന് ശാന്തകുമാരൻ പറയുന്നു.
തുടക്കമിട്ടത് വലിയൊരു ലക്ഷ്യത്തിലേക്ക്
1967 ൽ രൂപീകരിച്ച കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേർന്നുള്ള വായനശാല വിപുലീകരിക്കാനാണ് ശാന്തകുമാരന്റെയും സുഹൃത്തുക്കളുടെയും ശ്രമം. ശാന്തകുമാരൻ മാഷിനൊപ്പം ഭിന്നശേഷി അധ്യാപകനും തേൻകുറുശ്ശി സ്വദേശിയുമായ എം മുരളി, നാരായണൻ കല്ലേക്കാട്, ഒറ്റപ്പാലത്തെ നെല്ലായ സ്വദേശി കെ കെ സഫിയ എന്നിവരും വലിയൊരു പരിശ്രമത്തിന് കൂട്ടായുണ്ട്. എല്ലാവരും പൂർണമായും കാഴ്ചയില്ലാത്തവരാണ്. എച്ച് കെ സി എം എം സ്കൂള്‍ ഫോർ ബ്ലൈൻഡിലെ ലൈബ്രറിയിൽ നിന്നുള്ള ബ്രെയിലി ലിപിയിലുള്ള പുസ്തകങ്ങൾ ബ്രെയിലിയിലേക്ക് തന്നെ മാറ്റി പുതിയ പ്രതി തയ്യാറാക്കുകയാണ് ഇവർ. ആ പുസ്തകത്തിന്റെ പ്രതികൾ തിരിച്ചുകൊടുക്കേണ്ടതിനാലാണ് പുതിയ പ്രതി തയ്യാറാക്കുന്നത്. ബ്രെയിലി ലിപിയിൽ പുസ്തകം അച്ചടിക്കാൻ തിരുവനന്തപുരത്തും കണ്ണൂരിലും സംവിധാനമുണ്ട്. എന്നാൽ, ഇവിടെ സ്കൂളുകളിലേക്കുള്ള പാഠപുസ്കങ്ങൾ അച്ചടിക്കേണ്ട തിരക്ക് കൊണ്ടും അച്ചടിച്ചെലവും കണക്കിലെടുത്താണ് സ്വന്തമായി പുസ്തകങ്ങൾ തയ്യാറാക്കാൻ തീരുമാനിച്ചതെന്ന് ശാന്തകുമാരൻ പറയുന്നു.
കുമാരനാശാന്റെ ‘നളിനി’ മൂന്നാഴ്ചയെടുത്താണ് ശാന്തകുമാരൻ എഴുതി പൂർത്തിയാക്കിയത്. ഹെലൻ കെല്ലറുടെ ലഘു ചരിത്രമാണ് ഇപ്പോൾ ശാന്തകുമാരൻ എഴുതി കൊണ്ടിരിക്കുന്നത്. വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്കൽ' എന്ന കവിതയാണ് നാരായണൻ കല്ലേക്കാട് തയ്യാറാക്കുന്നത്. മുരളി തയ്യാറാക്കുന്നത് ഒഎൻവി കുറുപ്പ് ഉൾപ്പെടെയുള്ള പ്രമുഖരുടെ കവിതകൾ ഉൾപ്പെട്ട 'ദശപുഷ്പം' എന്ന കവിതാ സമാഹാരമാണ്. അംബികാസുതൻ മാങ്ങാടിന്റെ 'രണ്ടുമുദ്ര'യുടെ ഒന്നാം വാല്യം ചെയ്തുകഴിഞ്ഞു. കുഴൽമന്ദം ബിആർസിയിൽ സ്‌പെഷ്യൽ എജ്യുക്കേറ്ററാണ് മുരളി. മുട്ടത്തുവർക്കിയുടെ 'ഒരു കുടയും കുഞ്ഞുപെങ്ങളും' എന്ന പുസ്തകമാണ് സഫിയ തയ്യാറാക്കുന്നത്. പേപ്പറിൽ നിന്ന് ഉയർന്ന് നിൽക്കുന്ന കുത്തുകളിലൂടെ കൈ വിരലുകൾ ഓടിച്ചാണ് ബ്രെയിലി ലിപി വായിക്കുന്നത് എന്ന് പറഞ്ഞല്ലോ. ഈ കുത്തുകൾ മാഞ്ഞ് പോവാതെ കുറെ നാളുകൾ നില്‍ക്കാന്‍ കട്ടിയുള്ള ചാർട്ട് പേപ്പറിലാണ് ബ്രെയിലി ലിപിയിൽ പുസ്തകങ്ങൾ തയ്യാറാക്കുന്നത്. ടൈപ്പ് റൈറ്ററുടേതിന് സമാനമായ പെർക്കിൻസ് ബ്രെയിലർ എന്ന യന്ത്രം ഉപയോഗിച്ചാണ് ശാന്തകുമാരൻ പുസ്തകം തയ്യാറാക്കുന്നത്. മറ്റുള്ളവർ കൈകൊണ്ടും.
നേരിടുന്ന വെല്ലുവിളികള്‍
കാഴ്ചപരിമിതിയുള്ളവർക്ക് വായനയുടെ പുതിയ ലോകം തുറക്കാനുള്ള ശാന്തകുമാരന്‍റെയും സുഹൃത്തുക്കളുടെയും പരിശ്രമങ്ങള്‍ക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെയുണ്ട്. പുസ്തകം തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചാർട്ട് പേപ്പറുകള്‍ക്ക് വില കൂടുതലാണ് എന്നതാണ് പ്രധാന വെല്ലുവിളി. സാധാരണ പുസ്തകങ്ങള്‍ ബ്രെയിലി ലിപിയിലേക്ക് പകര്‍ത്തി എഴുതുമ്പോള്‍ പേജുകളുടെ കട്ടി രണ്ടിരട്ടിയാവും. ബ്രെയിലി ലിപിയിലുള്ള പുസ്തകത്തിന്‍റെ ഭാരവും പേജുകളും കൂടുതലാണ്. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന് സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ ചാർട്ട് പേപ്പറുകളിലാണ് ഇപ്പോള്‍ പുസ്തകങ്ങള്‍ തയ്യാറാക്കുന്നതെന്ന് ശാന്തകുമാരൻ പറയുന്നു. കേരളത്തിൽ സര്‍ക്കാരിന്റെ കീഴിലുള്ള ബ്രെയിലി ലിപി പ്രസ് കൃത്യമായി പ്രവര്‍ത്തിക്കാത്തതും പുസ്തക ലഭ്യതയ്ക്ക് പരിമിധിയാണെന്ന് ശാന്തകുമാരൻ പറയുന്നു. വെല്ലുവിളികള്‍ക്കിടയിലും പുസ്തകങ്ങള്‍ വായിച്ച് നൽകുന്ന നല്ല കുറെ മനുഷ്യരും കൂട്ടായ്മകളും ഞങ്ങളുടെ കണ്ണുകളാവുന്നുണ്ടെന്നും ശാന്തകുമാരൻ പറഞ്ഞ് നിറുത്തുന്നു.


