Latest Videos

Women's Day 2023 : ഡോ. ജെ ദേവിക അഭിമുഖം: ലോക വിപ്ലവങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതാണ് ഫെമിനിസം

By Nimisha TomFirst Published Mar 8, 2023, 5:59 PM IST
Highlights

വനിതാ ദിനം ഒരു ആഘോഷ സ്വഭാവത്തില്‍നിന്നും മാറിപ്പോവുന്നുണ്ടെന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. തികച്ചും സര്‍ക്കാര്‍വല്‍കൃത പരിപാടിയായി മാറി. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ഒരു ദിവസം മാത്രമായി.

പെണ്‍കാലം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. മാറുന്ന പെണ്‍കാലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കുറിപ്പുകളും വീഡിയോകളും. 

 

അതിവേഗം മാറിമറിയുന്ന ലോകവും കാലവും സ്ത്രീ ജീവിതങ്ങളെയും അടിമുടി മാറ്റിമറിച്ചിട്ടുണ്ട്. സ്ത്രീ ജീവിതാവസ്ഥകളും കാഴ്ചപ്പാടുകളും നിലപാടുകളും തിരിച്ചറിവുകളുമെല്ലാം മാറ്റങ്ങളുടെ ഈ ഗതിവേഗത്തെ പലവിധത്തില്‍ സ്വാംശീകരിച്ചിട്ടുമുണ്ട്. കേരളത്തിലും, വ്യത്യസ്തമായ രീതിയിലാണ് ഈ മാറ്റങ്ങള്‍ അനുഭവപ്പെട്ടത്. സ്ത്രീ ജീവിതത്തില്‍ വന്ന ഈ മാറ്റങ്ങളെ ചരിത്രപരമായും സാമൂഹ്യശാസ്ത്രപരമായും അപഗ്രഥിക്കുകയും ആഴത്തിലുള്ള ബൗദ്ധിക, സാമൂഹ്യ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന ഡോ. ജെ ദേവികയ്ക്ക് ഈ വിഷയങ്ങളെക്കുറിച്ച് എന്തൊക്കെയാണ് പറയാനുള്ളത്? അത്തരമൊരു ആലോചനയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു വേണ്ടി നിമിഷ ടോം ഡോ. ദേവികയുമായി നടത്തിയ ഈ അഭിമുഖം. അഭിമുഖത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഇവിടെ വായിക്കാം. 

വനിതാദിനം ശരിയായ അര്‍ത്ഥത്തില്‍ തന്നെയാണോ ആചരിക്കപ്പെടുന്നത്?

1975`ല്‍ തുടങ്ങുന്ന കാലത്തൊക്കെ വനിതാ ദിനം പുതുമയുള്ള കാര്യമായിരുന്നു. സ്ത്രീകള്‍ക്ക് സമൂഹത്തിന്റെയും സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥകളുടെയും തുല്യമായ സാന്നിധ്യം ഔദാര്യമല്ല, അവകാശമാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമം വനിതാ ദിന ആചരണത്തിലുണ്ടായിരുന്നു. പക്ഷേ, യുഎന്‍ സങ്കല്‍പിച്ച തരത്തിലുള്ള പ്രചരണമായിരുന്നില്ല ഒരുപാട് കാലം നടന്നിട്ടുള്ളത്. മറിച്ച് സ്ത്രീകള്‍ക്ക് സമൂഹത്തില്‍ എന്തുതരം പങ്കാളിത്തമാണുള്ളത്, എന്തുതരം സംഭാവനയാണ് നല്‍കാനാവുക തുടങ്ങിയ തരത്തിലുള്ള കാര്യങ്ങളുന്നയിക്കുകയും അതിന് സ്ത്രീ അമ്മയാണ്, മാതൃസ്‌നേഹത്തിന്റെ ഉറവിടങ്ങളാണ് തുടങ്ങിയ തികച്ചും സാമ്പ്രദായികമായ ഉത്തരങ്ങളിലേക്കായിരുന്നു എത്തിയിരുന്നത്.  

എണ്‍പതുകളില്‍ ഇന്ത്യയില്‍ ഫെമിനിസം ശക്തമാവുകയും കേരളത്തില്‍ ഫെമിനിസ്റ്റ് വ്യവഹാരങ്ങള്‍ കേട്ടുതുടങ്ങുകയും ചെയ്ത കാലത്താണ് ഇതിനൊരു മാറ്റം വരുന്നത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ സ്ത്രീകള്‍ അവരുടെ സാമ്പത്തിക-രാഷ്ട്രീയ- സാമൂഹിക അവകാശങ്ങള്‍ക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളുടെ സ്മരണയാണ് ഓരോ വനിതാ ദിനവും. ലോക വിപ്ലവങ്ങളില്‍ തന്നെ സ്ത്രീകള്‍ നല്‍കിയിട്ടുള്ള സംഭാവന എന്താണെന്ന് എത്ര ഓര്‍മ്മിപ്പിച്ചാലും ജനങ്ങള്‍ മറന്നുപോകുന്ന കാര്യമാണ്. മനുഷ്യന്‍ മറന്നുപോകുന്ന ഇത്തരം കാര്യങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാനാണ് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കപ്പെടുന്നത്.  വനിതാ ദിനം ഒരു ആഘോഷ സ്വഭാവത്തില്‍നിന്നും മാറിപ്പോവുന്നുണ്ടെന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. തികച്ചും സര്‍ക്കാര്‍വല്‍കൃത പരിപാടിയായി മാറി. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ഒരു ദിവസം മാത്രമായി. ഫെമിനിസത്തിനാണെങ്കിലും അതിന്റെ ചരിത്രം വീണ്ടെടുക്കാനുള്ള വാശിയും ഉത്സാഹവും നഷ്ടപ്പെട്ടുപോയതുപോലെയാണ്. 

ലോക ചരിത്രത്തില്‍ എല്ലാ പ്രത്യയശാസ്ത്രങ്ങളും കാലങ്ങളെടുത്തും തിരുത്തലുകള്‍ വരുത്തിയും മാറ്റങ്ങളിലൂടെ കടന്നുപോയുമൊക്കെയാണ് രൂപപ്പെട്ടിട്ടുള്ളത്. എന്നാല്‍, ഫെമിനിസത്തിന്റെ കാര്യത്തില്‍ മാത്രം, അത് പതിവിലും ദൈര്‍ഘ്യമേറിയ പ്രക്രിയയായി മാറുന്നത് എന്തുകൊണ്ടാണ്?

ഫെമിനിസത്തിന്റെ ചരിത്രം പഠിച്ചിട്ടുള്ള ഒരു ഗവേഷകന്‍ അതിനെ വിശേഷിപ്പിച്ചത് ലോക വിപ്ലവങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത് എന്നാണ്. കാലങ്ങളായി തുടരുന്ന ഒരു വിപ്ലവം. അതേസമയം തന്നെ ഫെമിനിസം എന്നത് ഒരു യൂറോപ്യന്‍ പ്രതിഭാസം മാത്രമല്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ കുറഞ്ഞ പക്ഷം ബുദ്ധന്റെ കാലം മുതല്‍ തന്നെയും പിതൃമേധാവിത്വ വിരുദ്ധ ശബ്ദങ്ങളെ നമുക്ക് കേള്‍ക്കാം. ബ്രാഹ്മണ്യ വിരുദ്ധ ധാരകളില്‍ എല്ലാ സ്ത്രീകളും ജാതിയും ലിംഗഭേദവും കൂടിച്ചേരുന്ന പോയിന്റിനെ എതിര്‍ത്തിട്ടുണ്ട്. അത് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗവുമാണ്.

 

 


 

click me!