
ചെന്നൈ: തീവ്രമായ ക്രിക്കറ്റ് ആരാധനയെ തുടര്‍ന്ന് പലപ്പോഴും ആക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ടീം തോല്‍ക്കുമ്പോള്‍ ടിവി എറിഞ്ഞുപൊട്ടിക്കുന്നതും താരങ്ങളുടെ കോലം കത്തിക്കുന്നതുമെല്ലാം അടുത്ത കാലത്ത് വാര്‍ത്തകളായിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമുണ്ടായി. രണ്ട് താരങ്ങളുടെ ആരാധകര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്നു. തര്‍ക്കത്തിനിടയില്‍ ഒരാള്‍ മറ്റൊരാളെ കൊലപ്പെടുത്തുകയും ചെയ്തു. വിരാട് കോലി ആരാധകന്‍, രോഹിത് ശര്‍മയുടെ ആരാധകനെയാണ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നത്.
തമിഴ്നാട്ടിലെ അരിയാല്‍പൂര്‍ ജില്ലയിലാണ് സംഭവം. പി വിഘ്‌നേശ്(24) എന്നയാളാണ് കൊല്ലപ്പെട്ടത്. രോഹിതിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ആരാധകനാണ് അദ്ദേഹം. കോലി ആരാധകനായ എസ് ധര്‍മരാജാണ്(21) കേസിലെ പ്രതി. ഒക്ടോബര്‍ 11 നാണ് സംഭവം. ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആജ് തക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ... ''ധര്‍മരാജും വിഘ്നേഷും മല്ലൂരിനടുത്തുള്ള സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലേക്ക് ക്രിക്കറ്റ് കളിയ്ക്കാനെത്തി. കളി കഴിഞ്ഞ് ഇരുവരും മദ്യപിക്കാന്‍ തുടങ്ങി. മദ്യപാനത്തിനിടെ ക്രിക്കറ്റിനെ കുറിച്ചും ഇന്ത്യന്‍ ടീമിനെ കുറിച്ചും ചര്‍ച്ച തുടങ്ങി. ചര്‍ച്ച പരിഹാസത്തിലേക്ക് വഴിമാറി. പരിഹാസം തര്‍ക്കമായി. പിന്നാലെ വിഘ്‌നേഷ് വിരാട് കോലി കളിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരിഹസിച്ചു. ഇതില്‍ പ്രകോപിതനായ ധര്‍മരാജ് വിഘ്‌നേശിനെ ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി.'' ഇത്രയുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ധര്‍മരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രോഹിത് ശര്‍മയുടെ ആരാധകന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പല തരത്തിലുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ട്വിറ്ററില്‍ കോലിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. '#ArrestKohli' എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി തുടങ്ങി. ഇതിനെതിരെ കോലി ആരാധകരും രംഗത്തുവന്നു.