
ദില്ലി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവൻഷിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ സെഞ്ച്വറി നേടിയ വൈഭവിന് പ്രായം വെറും 14 മാത്രമാണ്. ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഉൾപ്പെടെ നിരവധി നേട്ടങ്ങളാണ് വൈഭവ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മയും രാജസ്ഥാന്റെ മുഖ്യപരിശീലകനായ രാഹുൽ ദ്രാവിഡും ഉൾപ്പെടെ വൈഭവിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ വൈഭവിന് കളിക്കാൻ കഴിയുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ ആരാധകര്‍. എന്നാൽ, 14 വയസും 34 ദിവസവുമാണ് ഇപ്പോൾ വൈഭവിന്‍റെ പ്രായം. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന്‍റെ സമയമാകുമ്പോള്‍ വൈഭവിന് 15 വയസ് തികയില്ല. അതിനാൽ തന്നെ, 2020ൽ ഐസിസി കൊണ്ടുവന്ന നിയമപ്രകാരം 15 വയസ് പൂര്‍ത്തിയാകാത്ത ഒരു കളിക്കാരന് അന്താരാഷ്ട്ര മത്സരങ്ങളുടെ ഭാഗമാകാൻ കഴിയില്ല. അടുത്ത വര്‍ഷം മാര്‍ച്ച് 27നാണ് വൈഭവിന്‍റെ 15-ാം പിറന്നാൾ. അതിനാൽ വൈഭവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താൻ ഐസിസി നിയമപ്രകാരം സാധിക്കില്ല.
അതേസമയം, ഒരു കളിക്കാരൻ 15 വയസ് തികയുന്നതിന് മുമ്പ് മതിയായ മത്സര പരിചയം, മാനസികമായ പക്വത, ശാരീരിക ക്ഷമത എന്നിവ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിൽ ആ കളിക്കാരന് ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കാമെന്ന വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ, വൈഭവ് സൂര്യവൻഷിയുടെ കാര്യത്തിൽ അനുമതി തേടാൻ ബിസിസിഐ ഐസിസിയെ സമീപിക്കണം. ഐസിസി അംഗീകരിച്ചാൽ മാത്രമേ ടി20 ലോകകപ്പിന് മുമ്പ് വൈഭവിന് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കാൻ സാധിക്കൂ.