
ബെംഗളൂരു: ടി20 ക്രിക്കറ്റിൽ മലയാളി താരം സഞ്ജു സാംസണിന്റെ സമീപകാല ഫോമും ബാറ്റിംഗ് സ്ഥിരതയില്ലെന്ന വിമര്ശകരുടെ ആരോപണങ്ങളും ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാണ്. വൈഭവ് സൂര്യവംശിയെപ്പോലൊരു കൗമാര താരം അവസരത്തിനായി ബെഞ്ചില് കാത്തിരിക്കുമ്പോള് സഞ്ജു അവസരങ്ങള് പാഴാക്കുന്നതിരെയായിരുന്നു വിമര്ശനങ്ങളേറെയും. എന്നാല് വെസ്റ്റ് ഇന്ഡീസിനെതിരായ ടി20 പരമ്പരയില് അഞ്ച് കളികളിലും ഓപ്പണറായി ഇറങ്ങിയ സഞ്ജു രണ്ട് അര്ധസെഞ്ചുറികള് നേടി ടീം മാനേജ്മെന്റ് തന്നില് അര്പ്പിച്ച വിശ്വാസം കാത്തു. ്
ഈ വർഷം ഇന്ത്യയ്ക്കായി കളിച്ച 24 ടി20 ഇന്നിംഗ്സുകളിൽ നിന്ന് 178.44 സ്ട്രൈക്ക് റേറ്റിലും 29.86 ശരാശരിയിലും 7 അർധസെഞ്ചുറികളടക്കം 687 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. പുറത്താകാതെ നേടിയ 97 റൺസാണ് ഉയർന്ന സ്കോർ. ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 പോരാട്ടം, ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ, ന്യൂസിലൻഡിനെതിരായ ഫൈനൽ എന്നിവയിലെ സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം കിരീടനേട്ടത്തിൽ നിർണായകമായിരുന്നു. ഈ വര്ഷത്തെ സഞ്ജുവിന്റെ പ്രകടനം വിലയിരുത്തിയാല് കൗതുകകരമായ ഒരു കണക്ക് വ്യക്തമാവും.
നേരിടുന്ന ആദ്യ 15 പന്തുകൾ അതിജീവിക്കുന്ന ഇന്നിംഗ്സുകളിലാണ് സഞ്ജു സാംസൺ വലിയ സ്കോറുകൾ നേടിയിട്ടുള്ളത്. വലിയ സ്കോര് നേടാതെ പുറത്തായ 15 ഇന്നിംഗ്സുകളിലും സഞ്ജുവിന് 15 പന്തുകൾ തികച്ച് നേരിട്ടിട്ടില്ല. ഈ ഇന്നിംഗ്സുകളിൽ നിന്ന് 7.9 ശരാശരിയിൽ 119 റൺസ് മാത്രമാണ് സഞ്ജു നേടിയത്. എന്നാൽ 15 പന്തുകളിൽ കൂടുതൽ അതിജീവിച്ച 9 ഇന്നിംഗ്സുകളിൽ 7 അർധസെഞ്ചുറികൾ ഉൾപ്പെടെ 71 ശരാശരിയിലും 196-ന് മുകളിൽ സ്ട്രൈക്ക് റേറ്റിലും 568 റൺസ് വാരിക്കൂട്ടി.
ഐപിഎല് അടക്കം ഈ വര്ഷം കളിച്ച ടി20 മത്സരങ്ങൾ കണക്കിലെടുക്കുമ്പോൾ, 15 പന്തുകളിൽ കൂടുതൽ കളിച്ച 14 ഇന്നിംഗ്സുകളിൽ നിന്ന് 93.90 ശരാശരിയിലും 186 സ്ട്രൈക്ക് റേറ്റിലും 939 റൺസാണ് മലയാളി താരം അടിച്ചുകൂട്ടിയത്. ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിക്കുന്ന ശൈലിക്ക് പകരം, ക്രീസിൽ താളം കണ്ടെത്താൻ അൽപം സമയം നൽകുന്നത് സഞ്ജുവിന്റെ ബാറ്റിംഗിനെ കൂടുതൽ വിനാശകാരിയാക്കുന്നുവെന്നാണ് ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയിൽ സഞ്ജു എന്ത് സമീപനം സ്വീകരിക്കുമെന്നാണ് ആരാധകരിപ്പോള് ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!