
ഹരാരേ: 2023 ജൂലൈ 1, ഈ ദിനം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന് ദേശീയ ദുരന്തം. എഴുപതുകള്‍ മുതലിങ്ങോട്ട് ലോക ക്രിക്കറ്റ് അടക്കിഭരിച്ച ക്ലൈവ് ലോയ്‌ഡിന്‍റെ പിന്‍ഗാമികള്‍ ചരിത്രത്തിലാദ്യമായി പുരുഷ ഏകദിന ലോകകപ്പിന് യോഗ്യത നേടിയില്ല. സിംബാബ്‌വെയില്‍ പുരോഗമിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഹാട്രിക് അട്ടിമറികളില്‍ കുടുങ്ങിയാണ് ഷായ് ഹോപും സംഘവും തലകുനിച്ചത്. 2020ന് ശേഷം വിന്‍ഡീസ് ക്രിക്കറ്റിനുണ്ടായ തകര്‍ച്ച പൂര്‍ണമായി എന്ന് വേണം ഇതോടെ വിലയിരുത്താന്‍.
1970കളുടെ മധ്യം മുതല്‍ 1990കളുടെ തുടക്കം വരെ ലോക ക്രിക്കറ്റിലെ കിരീടം വച്ച രാജാക്കാന്‍മാരായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ അപകടകാരികളായ ടീം. തീപാറും പേസര്‍മാരും ലോകോത്തര ബാറ്റര്‍മാരും ഓള്‍റൗണ്ടര്‍മാരുമുള്ള സംഘം. 1975ലും 1979ലും ലോകകപ്പ്(Prudential Trophy) ഉയര്‍ത്തി വിന്‍ഡീസ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. 1983ല്‍ കപിലിന്‍റെ ചെകുത്താന്‍മാരോട് കിരീടം കൈവിട്ടെങ്കിലും തുടര്‍ച്ചയായ മൂന്ന് ലോകകപ്പ് ഫൈനലുകള്‍ നാഴികക്കല്ലായി. ഇതിന് ശേഷം 1987ല്‍ ഓസ്ട്രേലിയയും 1992ല്‍ പാകിസ്ഥാനും കിരീടമുയര്‍ത്തിയതോടെ പതിയെ പ്രഹരശേഷി കുറഞ്ഞെങ്കിലും ബ്രയാന്‍ ലാറ അടക്കമുള്ള ഇതിഹാസങ്ങള്‍ വിന്‍ഡീസ് ക്രിക്കറ്റിനെ പിന്നീടും നയിച്ചു. ട്വന്‍റി 20 ക്രിക്കറ്റിന്‍റെ ഉദയത്തോടെ വെസ്റ്റ് ഇന്‍ഡീസ് മറ്റൊരു രൂപത്തില്‍ പ്രതാപത്തിലേക്ക് തിരിച്ചുവന്നു. 2012ലും 2016ലും ഡാരന്‍ സമി എന്ന നായകന്‍ വിന്‍ഡീസിന് ടി20 ലോകകപ്പുകള്‍ സമ്മാനിച്ചു. ഇതോടെ വിന്‍ഡീസ് ലോക ക്രിക്കറ്റിലെ പ്രതാപകാരികളായി മടങ്ങിവരുമെന്ന് പലരും കരുതിയെങ്കിലും ടി20 ഒഴികെയുള്ള മറ്റ് ഫോര്‍മാറ്റുകളില്‍ കരീബിയന്‍ ടീമിന്‍റെ ശക്തി ചോര്‍ന്നു. ഇതിന്‍റെ ഏറ്റവും ദയനീയ കാഴ‌്‌ചയാണ് 2023 ഏകദിന ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കണ്ടത്.
രണ്ട് ട്വന്‍റി 20 ലോക കിരീടങ്ങള്‍ ഉയര്‍ത്തിയ ഏക ക്യാപ്റ്റനായ സാക്ഷാല്‍ ഡാരന്‍ സമി മുഖ്യ പരിശീലകനായിട്ടും ഷായ് ഹോപിനെ പോലൊരു ഏകദിന ഫോര്‍മാറ്റ് സ്‌പെഷ്യലിസ്റ്റ് ക്യാപ്റ്റനായിട്ടും വെസ്റ്റ് ഇന്‍ഡീസിന് ഇന്ത്യന്‍ ലോകകപ്പിന് ടിക്കറ്റെടുക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. യോഗ്യതാ റൗണ്ടില്‍ കരീബിയന്‍ പട അവസാന മൂന്ന് കളികളില്‍ ദയനീയമായി തോല്‍ക്കുകയായിരുന്നു. സ്കോട്‌ലന്‍ഡിനോട് ഏഴ് വിക്കറ്റിന് പുറമെ നെതര്‍ലന്‍ഡിനോട് സൂപ്പര്‍ ഓവറിലും സിംബാബ്‌വെയോട് 35 റണ്‍സിനും വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെടുകയായിരുന്നു. കാലം മായ്‌ക്കാത്ത മുറിവുകളായി ഈ മൂന്ന് അട്ടിമറികളും വിന്‍ഡീസ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ തുടരും. കാരണം, ക്രിക്കറ്റിലെ കിരീടംവച്ച രാജാക്കന്‍മാരായിരുന്നു കരീബിയന്‍ ദ്വീപ് സമൂഹങ്ങളില്‍ നിന്നുള്ള ഈ ടീം പതിറ്റാണ്ടുകളോളം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം