സ്കോട്‌ലന്‍ഡിന്‍റെ മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ ക്രിസ്റ്റഫര്‍ മക്‌ബ്രൈഡിനെ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ ജേസന്‍ ഹോള്‍ഡര്‍ ഗോള്‍ഡന്‍ ഡക്കാക്കിയിരുന്നു
ഹരാരേ: അത്ഭുതങ്ങള്‍ സംഭവിച്ചില്ല, ഏകദിന ലോകകപ്പില്‍ ഇക്കുറി വെസ്റ്റ് ഇന്‍ഡീസ് കളിക്കില്ല! യോഗ്യതാ റൗണ്ടിലെ സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ മലര്‍ത്തിയടിച്ച് സ്കോട്‌ലന്‍ഡ് ചരിത്ര ജയം സ്വന്തമാക്കി. ഹരാരേ സ്പോര്‍ട്‌സ് ക്ലബില്‍ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് സ്കോട്‌ലന്‍ഡ് നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 181 റണ്‍സില്‍ പുറത്തായപ്പോള്‍ സ്കോട്‌ലന്‍ഡ് 43.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ജയത്തിലെത്തുകയായിരുന്നു. സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ്-181 (43.5), സ്‌കോട്‌ലന്‍ഡ്-185/3 (43.3). ഏകദിനത്തില്‍ ഇതാദ്യമായാണ് വിന്‍ഡീസിനെ സ്കോട്‌ലന്‍ഡ് തോല്‍പിക്കുന്നത്. രണ്ട് വട്ടം കപ്പുയര്‍ത്തിയ വിന്‍ഡീസ് ഇല്ലാത്ത ആദ്യ ഏകദിന ലോകകപ്പാണ് ഇന്ത്യയില്‍ വരിക.
മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ ക്രിസ്റ്റഫര്‍ മക്‌ബ്രൈഡിനെ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ ജേസന്‍ ഹോള്‍ഡര്‍ ഗോള്‍ഡന്‍ ഡക്കാക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറികളുമായി മാത്യൂ ക്രോസും ബ്രാണ്ടന്‍ മക്‌മല്ലനും സ്‌കോട്‌ലന്‍ഡിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ബ്രാണ്ടന്‍ 106 പന്തില്‍ 69 റണ്‍സുമായും ജോര്‍ജ് മന്‍സി 33 പന്തില്‍ 18 റണ്‍സുമായും മടങ്ങിയത് മാത്രമാണ് വിന്‍ഡീസിന് പിന്നീട് നേടാനായ വിക്കറ്റുകള്‍. 107 പന്തില്‍ 74* റണ്‍സുമായി മാത്യൂ ക്രോസും 14 പന്തില്‍ 13* റണ്‍സുമായി ക്യാപ്റ്റന്‍ റിച്ചീ ബെറിംഗ്‌ടണും സ്‌കോട്‌ലന്‍ഡിന് അനായാസ ജയമൊരുക്കി.
ഹരാരേ സ്പോര്‍ട്‌സ് ക്ലബില്‍ ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 43.5 ഓവറില്‍ വെറും 181 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ജേസണ്‍ ഹോള്‍ഡര്‍(79 പന്തില്‍ 45), റൊമാരിയോ ഷെഫേര്‍ഡ്(43 പന്തില്‍ 36) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ഒരുഘട്ടത്തില്‍ നാലിന് 30 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. ബ്രാന്‍ഡന്‍ കിംഗ്(22), ജോണ്‍സണ്‍ ചാള്‍സ്(0), ഷമാ ബ്രൂക്ക്‌സ്(0), കെയ്ല്‍ മയേഴ്‌സ്(5) എന്നിവരാണ് മടങ്ങിയത്. അധികം വൈകാതെ ക്യാപ്റ്റന്‍ ഷായ് ഹോപ്(13) മടങ്ങി. ഇതോടെ അഞ്ചിന് 60 എന്ന നിലയിലായി വിന്‍ഡീസ്. പിന്നാലെ നിക്കോളാസ് പുരാന്‍- ഹോള്‍ഡര്‍ സഖ്യം 21 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പുരാനെ(21) പുറത്താക്കി മാര്‍ക്ക് വാട്ട് വിന്‍ഡീസിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ഹോള്‍ഡര്‍- ഷെഫേര്‍ഡ് സഖ്യം നടത്തിയ പോരാട്ടാമാണ് വിന്‍ഡീസിനെ അല്‍പമെങ്കിലും മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 77 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിഞ്ഞതോടെ വിന്‍ഡീസ് തകര്‍ന്നു. കെവിന്‍ സിന്‍ക്ലയര്‍ (10), അല്‍സാരി ജോസഫ് (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. അക്കീല്‍ ഹൊസൈന്‍ (6*) പുറത്താവാതെ നിന്നു. ബ്രാണ്ടന്‍ മക്‌മല്ലന് മൂന്നും ക്രിസ് സോള്‍, മാര്‍ക് വാട്ട്, ക്രിസ് ഗ്രീവ്‌സ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
