
ലണ്ടന്‍: ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടിട്ട് ഒരു വര്‍ഷം. 2019 ജൂലൈ 14നായിരുന്നു ഏകദിന ചരിത്രത്തിലെ ഏറ്റവും ത്രില്ലിംഗ് ആയ ഫൈനല്‍ പോരാട്ടം ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ നടന്നത്. ഫൈനലിന്റെ താരമായതാകട്ടെ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സും. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ പോരാട്ടത്തില്‍ ബൗണ്ടറി കണക്കിലായിരുന്നു ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിച്ചത്.
നിശ്ചിത ഓവറില്‍ മത്സരം ടൈ ആയപ്പോള്‍ നിരാശനായി ബാറ്റ് വലിച്ചെറിഞ്ഞ് സൂപ്പര്‍ ഓവറിനായി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ സ്റ്റോക്സിന്റെ ചിത്രം ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. സൂപ്പര്‍ ഓവറിന്റെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ബെന്‍ സ്റ്റോക്സ് ചെയ്തത് എന്താണന്ന് തുറന്നുപറയുകയാണ് നിക്ക് ഹൗൾട്ട്, സ്റ്റീവ് ജയിംസ് എന്നിവർ ചേർന്നെഴുതിയ ‘മോർഗൻസ് മെൻ: ദി ഇൻസൈഡ് സ്റ്റോറി ഓഫ് ഇംഗ്ലണ്ട്സ് റൈസ് ഫ്രം ക്രിക്കറ്റ് വേൾഡ് കപ്പ് ഹ്യുമിലിയേഷൻ ടു ഗ്ലോറി’ എന്ന പുസ്തകം.
ഫൈനലിന്റെ സമ്മർദ്ദ നിമിഷങ്ങളില്‍ ഭൂരിഭാഗം സമയവും ക്രീസിലുണ്ടായിരുന്ന താരമാണ് ബെൻ സ്റ്റോക്സ്. ന്യൂസീലൻഡ് ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശുമ്പോൾ തകർന്നുപോയ ഇംഗ്ലണ്ട് ഇന്നിംഗ്സിനെ ജോസ് ബട്‍ലറിനെ കൂട്ടുപിടിച്ച് കരകയറ്റിയതും ടൈ സമ്മാനിച്ചതും രണ്ടര മണിക്കൂറോളം ക്രീസില്‍ നിന്ന സ്റ്റോക്സ് ആയിരുന്നു പിന്നീട് സൂപ്പർ ഓവറിലും ഇംഗ്ലണ്ടിനായി ക്രീസിലിറങ്ങിയത്.
നിശ്ചിത ഓവറില്‍ മത്സരം ടൈ ആയതിനുശേഷം ദേഹം മുഴുവൻ ചെളിയും വിയർപ്പുമായി ഡ്രസിംഗ് റൂമിലെത്തിയ സ്റ്റോക്സ് നേരെ പോയത് സ്വസ്ഥമായൊരിടം തേടിയായിരുന്നു. 27,000 കാണികൾ തിങ്ങിനിറഞ്ഞ, നാലുപാടും ടിവി ക്യാമറകളും കളിക്കാരെ പിന്തുടരുന്ന ആ സാഹചര്യത്തിൽ സൂപ്പർ ഓവറും അടുത്തിരിക്കെ ശാന്തമായ ഒരു സ്ഥലം കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.
പക്ഷേ, ലോർഡ്സിലെ മുക്കും മൂലയും അറിയാവുന്ന സ്റ്റോക്സ് നേരെ പോയത് ഇംഗ്ലണ്ട് ഡ്രസിംഗ് റൂമിന്റെ പിന്നിലുള്ള അറ്റന്‍ഡന്റിന്റെ ചെറിയ ഓഫിസും കടന്ന് കുളിമുറിയിലേക്കായിരുന്നു. അവിടെ ഇരുന്ന് ഒരു സിഗററ്റിന് തീ കൊളുത്തി അൽപ്പനേരം അദ്ദേഹം ശാന്തനായി ഇരുന്നു. ആ സമയം, ഇംഗ്ലണ്ട് നായകന്‍ ഓയിൻ മോർഗൻ ആകട്ടെ ഇംഗ്ലണ്ട് താരങ്ങളെ ശാന്തരാക്കാനും തന്ത്രങ്ങൾ ആവിഷ്ക്കരിക്കാനും ശ്രമിക്കുകയായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!