ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ടോപ് സ്കോററെയും വിക്കറ്റ് വേട്ടക്കാരനെയും പ്രവചിച്ച് വസീം ജാഫര്‍

By Web TeamFirst Published Jun 7, 2023, 11:58 AM IST
Highlights

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനില്‍ ആരാകും ടോപ് സ്കോററും വിക്കറ്റ് വേട്ടക്കരനുമാകുക എന്ന പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍.

ഓവല്‍: ഇംഗ്ലണ്ടിലെ ഓവലില്‍ ഇന്ന് തുടങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കായും ഓസ്ട്രേലിയക്കായും ആരാകും തിളങ്ങുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഐപിഎല്ലില്‍ റണ്‍വേട്ട നടത്തിയ ശുഭ്മാന്‍ ഗില്ലും വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ മുഹമ്മദ് ഷമിയുമെല്ലാം ഇന്ത്യന്‍ നിരയിലുണ്ട്. ഓസ്ട്രേലിയ ആകട്ടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള മാര്‍നസ് ലാബുഷെയ്നിലും സ്റ്റീവ് സ്മിത്തിലും ബാറ്റിംഗ് പ്രതീക്ഷ വെക്കുന്നു. ബൗളിംഗ് പടയെ നയിക്കുന്നത് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് തന്നെയാണ്.

ഇതിനിടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനില്‍ ആരാകും ടോപ് സ്കോററും വിക്കറ്റ് വേട്ടക്കരനുമാകുക എന്ന പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ഐപിഎല്ലില്‍ രണ്ട് സെഞ്ചുറിയടക്കം മികച്ച പ്രകടനം നടത്തിയ വിരാട് കോലി ടീമിലുണ്ടെങ്കിലും ഐപിഎല്ലിലേതുപോലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും റണ്‍വേട്ടയില്‍ ശുഭ്മാന്‍ ഗില്‍ തന്നെയാകും മുന്നിലെത്തുക എന്ന് ജാഫര്‍ പറയുന്നു.

ഐപിഎല്ലില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയ മുഹമ്മദ് ഷമി തന്നെയാകും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഒന്നാമതെത്തുക എന്നും  വസീം ജാഫര്‍ പ്രവചിക്കുന്നു. ഐപിഎല്ലില്‍ മിന്നുന്ന ഫോമിലായിരുന്ന ഗില്ലും കോലിയും ഫൈനലിലും റണ്‍സടിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജാഫര്‍ പറഞ്ഞു. അതുപോലെ ബൗളിംഗില്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മികച്ച ഫോമിലാണെന്നത് ഇന്ത്യക്ക് പ്രതീക്ഷയാണെന്നും ജാഫര്‍ വ്യക്തമാക്കി.

ഫൈനലിന് മുമ്പ് ഇന്ത്യക്കെതിരെ ഓസ്‌‌ട്രേലിയയുടെ പൂഴിക്കടകന്‍! ഇതിഹാസ പരിശീലകനെ കൂടെക്കൂട്ടി

ഓസ്ട്രേലിയന്‍ നിരയില്‍ ഇന്ത്യക്ക് വെല്ലുവിളിയാകുക ഉസ്മാന്‍ ഖവാജയും ട്രാവിസ് ഹെഡുമായിരിക്കുമെങ്കിലും സ്റ്റീവ് സ്മിത്തിന്‍റെയും ലാബുഷെയ്നിന്‍റെയും ഭീഷണി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ജാഫര്‍ പറഞ്ഞു. സ്മിത്ത് കൗണ്ടിയില്‍ കളിച്ച മത്സരപരിചയവുമായാണ് എത്തുന്നത് എന്നതും ഇന്ത്യക്ക് വെല്ലുവിളായേക്കുമെന്നും ഓസീസ് നിരയില്‍ പാറ്റ് കമിന്‍സാകും വിക്കറ്റ് വേട്ടയില്‍ ഒന്നാമനാവുകയെന്നും ജാഫര്‍ പറഞ്ഞു.

ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവനെയും ജാഫര്‍ തെരഞ്ഞെടുത്തു.ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിൻ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്

click me!