ഫൈനലിന് മുമ്പ് ഇന്ത്യക്കെതിരെ ഓസ്‌‌ട്രേലിയയുടെ പൂഴിക്കടകന്‍! ഇതിഹാസ പരിശീലകനെ കൂടെക്കൂട്ടി

By Web TeamFirst Published Jun 7, 2023, 10:32 AM IST
Highlights

ആന്‍ഡി ഫ്ലവറിനെ പോലൊരു പരിചയസമ്പന്നനെ ടീമിന് കിട്ടിയത് സന്തോഷമാണെന്ന് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കെതിരായ ഫൈനലിന് തൊട്ടുമുമ്പ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്‍റെ ഉപദേശകനായി ആൻഡി ഫ്ലവറിനെ നിയമിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും തുടർന്ന് ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലുമാവും ഫ്ലവർ ഓസീസ് താരങ്ങൾക്ക് ഉപദേശങ്ങൾ നൽകുക. ഇംഗ്ലണ്ടിന്‍റെ മുൻ പരിശീലകനായിരുന്ന ഫ്ലവർ അവര്‍ക്കൊപ്പം മൂന്ന് ആഷസ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ആൻഡി ഫ്ലവർ ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന്‍റെ പരിശീലകനാണ്. 

ആന്‍ഡി ഫ്ലവറിനെ പോലൊരു പരിചയസമ്പന്നനെ ടീമിന് കിട്ടിയത് സന്തോഷമാണെന്ന് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് പ്രതികരിച്ചു. ഫ്ലവറിന് ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ നന്നായി അറിയാം. ആഷസിലെ എതിരാളികളായ ഇംഗ്ലണ്ട് ടീമിനേയും അദേഹത്തിന് വിശദമായി അറിയാം. ഫ്ലവറിന്‍റെ ഓരോ നിര്‍ദേശങ്ങള്‍ക്കും അതിനാല്‍ വലിയ പ്രാധാന്യമുണ്ട് എന്നും പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി. 2009 മുതല്‍ 2014 വരെ ഇംഗ്ലണ്ട് ടീമിനെ പരിശീലിപ്പിച്ച ആന്‍ഡി ഫ്ലവര്‍ നാല് ആഷസ് പരമ്പരകളുടെ ഭാഗമായിരുന്നു. 2009, 2010-11, 2013 ആഷസുകള്‍ ഫ്ലവറിന് കീഴില്‍ ഇംഗ്ലണ്ട് നേടി. 2013-14 സീസണില്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടതോടെ പരിശീലന സ്ഥാനം ഒഴിയുകയായിരുന്നു. വിവിധ ഫ്രാഞ്ചൈസികളെ പരിശീലിപ്പിച്ച പരിചയവും ആന്‍ഡി ഫ്ലവറിനുണ്ട്. 

ഇംഗ്ലണ്ടിലെ ഓവലില്‍ ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് മൂന്ന് മണിക്കാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ കലാശപ്പോര്. കഴിഞ്ഞ തവണ നഷ്‌ടമായ കിരീടം പിടിക്കാനാണ് രോഹിത് ശര്‍മ്മയും സംഘവും ഇറങ്ങുന്നത്. പേസര്‍ പാറ്റ് കമ്മിന്‍സാണ് ഓസീസ് നായകന്‍. ശക്തമായ സ്‌ക്വാഡാണ് ഇരു ടീമുകളുടേയും പ്രത്യേകത. വിക്കറ്റ് കീപ്പറായി ആരെ വേണം എന്നതും എത്ര സ്‌പിന്നര്‍മാര്‍ വേണം എന്നതും ടീം ഇന്ത്യയെ കുഴയ്‌ക്കുന്ന ചോദ്യങ്ങളാണ്. മൂന്നാം പേസറായി സ്‌കോട്ട് ബോളണ്ട് കളിക്കും എന്നുറപ്പായതോടെ ഓസീസ് പ്ലേയിംഗ് ഇലവന്‍ തീരുമാനമായിട്ടുണ്ട്.  

Read more: ഇന്ത്യന്‍ ക്രിക്കറ്റിലെ അഞ്ചാം തമ്പുരാനാകാന്‍ രോഹിത് ശര്‍മ്മ; കാത്തിരിക്കുന്നത് നാഴികക്കല്ല്

click me!