
അഹമ്മദാബാദ്: ടി20 ലോകകപ്പിന്‍റെ കിരീടപ്പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഞായറാഴ്ച വേദിയാകുമ്പോൾ, ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് കിരീടത്തിനൊപ്പം ലഭിക്കുന്ന വമ്പൻ സമ്മാനത്തുകയിലേക്ക് കൂടിയാണ്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും കന്നി കിരീടം തേടി എത്തുന്ന ന്യൂസിലൻഡും തമ്മിലുള്ള കലാശപ്പോരിൽ വിജയിക്കുന്നവരെ ഇത്തവണ കാത്തിരിക്കുന്നത് റെക്കോർഡ് തുകയാണ്. 2024-ലെ ലോകകപ്പിനേക്കാൾ 20 ശതമാനം വർദ്ധനവാണ് ഇത്തവണ സമ്മാനതുകയിൽ ഐസിസി വരുത്തിയിരിക്കുന്നത്. ഇത്തവണത്തെ ലോകകപ്പിൽ ആകെ 13.5 മില്യൺ ഡോളർ(ഏകദേശം 112 കോടിയിലധികം രൂപ) ആണ് സമ്മാനത്തുകയായി ഐസിസി നല്‍കുന്നത്.
2024 ചാമ്പ്യൻമാരായ ഇന്ത്യക്ക് 2.45 മില്യൺ ഡോളര്‍( ഏകദേശം 22.52 കോടി രൂപ) ആണ് ഐസിസി സമ്മാനത്തുകയായി നല്‍കിയത്. എന്നാല്‍ ഇത്തവണ ലോകകപ്പ് കിരീടം നേടുന്ന ടീമിന് മൂന്ന് മില്യണ്‍ ഡോളര്‍(ഏകദേശം 27.48 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സ്ഥാനക്കാരാകുന്നവർ 1.6 മില്യൺ ഡോളർ (ഏകദേശം 14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂർണമെന്‍റിലെ മികച്ച സ്‌പോൺസർഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഇത്രയധികം ഉയരാൻ കാരണമായത്.
സെമിയിൽ പുറത്തായ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും 790,000 ഡോളര്‍(ഏകദേശം 7.24 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. സൂപ്പർ 8-ൽ എത്തിയ ടീമുകള്‍ക്ക് 380,000 ഡോളര്‍(ഏകദേശം 3.48 കോടി രൂപ) സമ്മാനാത്തുകയായി നല്‍കും. ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ടീമുകള്‍ക്കും സമ്മാനമുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ 12 ടീമുകള്‍ക്ക് 250,000 ഡോളര്‍(ഏകേദശം 2.29 കോടി രൂപ) സമ്മാനമായി ലഭിക്കും. ലോകകപ്പില പങ്കെടുത്ത 20 ടീമുകൾക്കും സാമ്പത്തിക നേട്ടം ഉറപ്പാക്കുന്ന രീതിയിലാണ് ഐസിസി സമ്മാനത്തുക നിശ്ചയിച്ചിരിക്കുന്നത്.
ഞായറാഴ്ട വൈകിട്ട് ഇന്ത്യൻ സമയം 7 മണിക്ക് അഹമ്മദാബാദിലാണ് ലോകം കാത്തിരിക്കുന്ന ലോകകപ്പ് ഫൈനൽ പോരാട്ടം. മൂന്നാം കിരീടം നേടി ചരിത്രം കുറിക്കാൻ ഇന്ത്യയും, കന്നി കിരീടം തേടി കിവീസും ഇറങ്ങുമ്പോൾ പോരാട്ടം തീപ്പാറുമെന്ന് ഉറപ്പാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!