
അഹമ്മദാബാദ്: ആരാധകര്‍ ഉറ്റുനോക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനലിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. മൂന്നാം ലോകകിരീടം ലക്ഷ്യമിട്ട് ഇന്ത്യയും കന്നി കിരീടം സ്വപ്നം കണ്ട് കിവീസും നേർക്കുനേർ വരുമ്പോൾ മഴയെക്കുറിച്ചാണ് ആരാധകരുടെ ആശങ്ക. കിരീടപ്പോരില്‍ മഴ കളിച്ചാൽ വിജയികളെ എങ്ങനെ നിശ്ചയിക്കുമെന്നതാണിപ്പോൾ ആരാധകരുടെ ആകാംക്ഷ.
ഫൈനൽ തടസപ്പെട്ടാൽ കളി പൂർത്തിയാക്കാൻ 120 മിനിറ്റ് (2 മണിക്കൂർ) അധികസമയം അനുവദിച്ചിട്ടുണ്ട്. ടി20 ലോകകപ്പ് ഫൈനൽ ഫലപ്രഖ്യാപനത്തിന് ഇരു ടീമുകളും കുറഞ്ഞത് 10 ഓവർ വീതമെങ്കിലും ബാറ്റ് ചെയ്തിരിക്കണം (സാധാരണ മത്സരങ്ങളിൽ ഇത് 5 ഓവറാണ്). ഞായറാഴ്ച കളി പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ തിങ്കളാഴ്ച റിസർവ് ദിനമായി ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച കളി എവിടെയാണോ നിർത്തിയത് അവിടെ നിന്നായിരിക്കും റിസര്‍വ് ദിനമായ തിങ്കളാഴ്ച മത്സരം പുനരാരംഭിക്കുക.
റിസർവ് ദിനത്തിലും മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യയെയും ന്യൂസിലൻഡിനെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും. ഐസിസി ടൂർണമെന്‍റുകളുടെ ചരിത്രത്തിൽ ഇതിനുമുമ്പ് ഒരിക്കൽ മാത്രമാണ് ഇത്തരത്തിൽ കിരീടം പങ്കിടേണ്ടി വന്നത്. 2002-ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും മഴയെത്തുടർന്ന് കിരീടം പങ്കിട്ടിരുന്നു.
ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നത്. ഫൈനൽ ദിനമായ ഞായറാഴ്ച അഹമ്മദാബാദിൽ മഴയ്ക്ക് സാധ്യതയില്ല. ആകാശം തെളിഞ്ഞുതന്നെയിരിക്കും. എന്നാൽ കഠിനമായ ചൂട് കളിക്കാർക്ക് വെല്ലുവിളിയായേക്കാം. പകൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. രാത്രിയിൽ ഇത് 23 ഡിഗ്രിയിലേക്ക് താഴും. ഇതുവരെ പരസ്പരം കളിച്ച 30 മത്സരങ്ങളില്‍ ഇന്ത്യ 18 എണ്ണത്തില്‍ ജയിച്ചപ്പോള്‍ ന്യൂസിലന്‍ഡ് 11 എണ്ണം ജയിച്ചു. ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!