കേരള ക്രിക്കറ്റ് ലീഗില്‍ അരങ്ങേറ്റം കുറിക്കാന്‍ മുപ്പതിലേറെ താരങ്ങള്‍

Published : Jul 26, 2025, 10:28 PM IST
KCL

Synopsis

കഴിഞ്ഞ സീസണിലെ പ്രകടനത്തിലൂടെ ഐപിഎല്‍ വരെയെത്തിയ വിഘ്‌നേഷ് പുത്തൂരിനെ പോലെ ഈ സീസണിലും പുത്തന്‍ താരങ്ങള്‍ക്ക് തിളങ്ങാനുള്ള അവസരമൊരുക്കുകയാണ് കെസിഎല്‍.

തിരുവനന്തപുരം: പ്രതിഭയുള്ള പുത്തന്‍ താരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ് കെസിഎല്‍. ആദ്യ സീസണില്‍ കെസിഎല്ലിലൂടെ മികവ് തെളിയിച്ച വിഘ്‌നേഷ് പുത്തൂരിനെപ്പോലുള്ളവര്‍ ഐപിഎല്ലില്‍ വരെയെത്തി. ഈ സീസണിലും പുത്തന്‍ താരങ്ങള്‍ക്ക് കുറവില്ല. കഴിഞ്ഞ സീസണെ അപേക്ഷിച്ച് മുപ്പതിലേറെ പുതിയ താരങ്ങളാണ് കെസിഎല്‍ രണ്ടാം സീസണില്‍ കളിക്കാനിറങ്ങുന്നത്. കെസിഎ ടൂര്‍ണ്ണമെന്റുകളിലും ക്ലബ്ബ് ക്രിക്കറ്റിലും ഏജ് ഗ്രൂപ്പ് ടൂര്‍ണ്ണമെന്റുകളിലും മികവ് തെളിയിച്ച താരങ്ങളാണ് ഇത്തവണ കെസിഎല്ലിനെത്തുന്ന പുതുമുഖങ്ങള്‍. ഗ്രാസ് റൂട്ട് ലെവലില്‍, കഴിവുള്ള ഒട്ടേറെ താരങ്ങള്‍ കളിച്ചു തെളിയുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.

കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സിലാണ് പുതിയ താരങ്ങള്‍ താരതമ്യേന കുറവുള്ളത്. ഏറ്റവും കൂടുതല്‍ പുതിയ താരങ്ങളുള്ളത് ആലപ്പി റിപ്പിള്‍സിലും. കേരള രഞ്ജി ടീമംഗം കൂടിയായ ജലജ് സക്‌സേനയും ആദിത്യ ബൈജുവുമാണ് പുതുതായി ആലപ്പി ടീമിലെത്തിയവരില്‍ പ്രമുഖര്‍. 12.40 ലക്ഷത്തിനാണ് ആലപ്പി ജലജ് സക്‌സേനയെ സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഏറ്റവും പരിചയസമ്പത്തുള്ള താരമെന്ന് ജലജ് സക്‌സേനയെ വിശേഷിപ്പിക്കാമെങ്കിലും കെസിഎല്ലില്‍ അദ്ദേഹം ഇറങ്ങുന്നത് ആദ്യമായാണ്.

ജലജിന്റെ അനുഭവ സമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ് . ഇത് കൂടാതെ ശ്രീരൂപ് എംപി, ബാലു ബാബു, ആകാശ് പിള്ള, മു ഹമ്മദ് നാസില്‍, അര്‍ജുന്‍ നമ്പ്യാര്‍ തുടങ്ങിയവരാണ് ആലപ്പി നിരയിലെ പുതിയ താരങ്ങള്‍. ജലജിനെപ്പോലെ തന്നെയാണ് കൊച്ചിക്ക് സഞ്ജു സാംസണും. കഴിഞ്ഞ തവണ കളിക്കാതിരുന്ന സഞ്ജുവിനുമിത് ആദ്യ സീസണാണ്. ഇതിന് പുറമെ വെറ്ററന്‍ താരം കെ ജെ രാകേഷ്, അഖില്‍ കെ ജി, മുഹമ്മദ് ആഷിക് എന്നിവര്‍ ആദ്യമായി കെസിഎല്‍ കളിക്കാനൊരുങ്ങുന്നവരാണ്. പുതിയ താരങ്ങള്‍ താരതമ്യേന കൂടുതലുള്ള മറ്റൊരു ടീം കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സാണ്. പ്രീതിഷ് പവന്‍, കൃഷ്ണദേവന്‍, ടി വി കൃഷ്ണകുമാര്‍, തുടങ്ങിയവരാണ് കാലിക്കറ്റിനൊപ്പമുള്ള പുതിയ താരങ്ങള്‍.

ടൂര്‍ണ്ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ കെ ആര്‍ രോഹിത്, വിഷ്ണു മേനോന്‍, സിബിന്‍ ഗിരീഷ്, അജു പൌലോസ്, ആതിഫ് ബിന്‍ അഷ്‌റഫ് എന്നിവരാണ് തൃശൂരിന്റെ പുതുതാരങ്ങള്‍. സഞ്ജീവ് സതീശന്‍, ആസിഫ് സലിം, അനു രാജ് ടി എസ്, അദ്വൈത് പ്രിന്‍സ്, ജെ അനന്തകൃഷ്ണന്‍ എന്നീ പുതിയ താരങ്ങളെ ട്രിവാണ്‍ഡ്രം റോയല്‍സും സ്വന്തമാക്കിയിട്ടുണ്ട്.

പുതിയ താരങ്ങളുടെ വരവ് ലീഗിനും പുത്തന്‍ ആവേശം പകരും. പുത്തന്‍ ടീം കോമ്പിനേഷനുകള്‍ പുതിയ തന്ത്രങ്ങള്‍ക്ക് വഴിയൊരുക്കും. ഇവരില്‍ ആരൊക്കെയാകും അതിശയിക്കുന്ന പ്രകടനങ്ങളുമായി കളം നിറയുകയെന്ന കാത്തിരിപ്പിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഇന്ത്യൻ താരങ്ങൾ പലരും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നു', ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ
ഇന്ത്യൻ ക്രിക്കറ്റ് ടീമും ഗംഭീറിന്റെ വല്ലാത്ത പരീക്ഷണങ്ങളും; എന്ന് അവസാനിക്കും?