IND vs NZ : ഇതിലും വലിയ അപമാനമില്ല; 372 റണ്‍സിന്‍റെ തോല്‍വിയോടെ നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ കിവീസ്

By Web TeamFirst Published Dec 6, 2021, 11:29 AM IST
Highlights

ഇന്ത്യ മുന്നോട്ടുവെച്ച 540 റണ്‍സിലേക്ക് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റേന്തിയ ന്യൂസിലന്‍ഡ് 167 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു

മുംബൈ: മുംബൈ ടെസ്റ്റില്‍ (Mumbai Test) ഇന്ത്യയോട് 372 റണ്‍സിന് തോറ്റതോടെ നാണക്കേടിന്‍റെ പടുകുഴിയില്‍ ന്യൂസിലന്‍ഡ് (Black Caps). ടെസ്റ്റ് ചരിത്രത്തില്‍ കിവികളുടെ റണ്‍ കണക്കിലെ ഏറ്റവും വലിയ തോല്‍വിയാണ് മുംബൈയില്‍ (India vs New Zealand 2nd Test) വഴങ്ങിയത്. 2007ല്‍ ജൊഹന്നസ്‌ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയോട് 358 റണ്‍സിന് തോറ്റതായിരുന്നു ന്യൂസിലന്‍ഡിന്‍റെ പേരില്‍ മുമ്പുണ്ടായിരുന്ന വലിയ നാണക്കേടിന്‍റെ റെക്കോര്‍ഡ്. 

ഇന്ത്യ മുന്നോട്ടുവെച്ച 540 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റേന്തിയ ന്യൂസിലന്‍ഡ് 167 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ 372 റണ്‍സിന്‍റെ ഹിമാലയന്‍ വിജയവുമായി ഇന്ത്യ ടെസ്റ്റ് പരമ്പര 1-0ന് കരസ്ഥമാക്കി. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. 

10/10; അജാസിന് ഫുള്‍ മാര്‍ക്ക്

മുംബൈ ടെസ്റ്റിലെ ഭീമന്‍ തോല്‍വിക്കിടയിലും ന്യൂസിലന്‍ഡിന് ആശ്വാസവും സന്തോഷവും നല്‍കുന്നതാണ് സ്‌പിന്നര്‍ അജാസ് പട്ടേലിന്‍റെ അവിശ്വസനീയ പ്രകടനം. രണ്ടിന്നിംഗ്‌സിലുമായി 14 ഇന്ത്യന്‍ വിക്കറ്റുകളാണ് അജാസ് പിഴുതത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 10 വിക്കറ്റുകളും വീഴ്‌ത്തി ചരിത്രനേട്ടം അജാസ് കുറിച്ചിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ഒരു ബൗളര്‍ ഇന്നിംഗ്സിലെ 10 വിക്കറ്റും വീഴ്ത്തുന്നത്. ജിം ലേക്കറും അനില്‍ കുംബ്ലെയുമാണ് അജാസിന്‍റെ മുന്‍ഗാമികള്‍. 

ബാറ്റിംഗില്‍ അതിദാരുണം

ബാറ്റിംഗിലേക്ക് വന്നാല്‍ മുംബൈയില്‍ ദയനീയമായി ന്യൂസിലന്‍ഡിന്‍റെ പ്രകടനം. ആദ്യ ഇന്നിംഗ്‌സില്‍ വെറും 62 റണ്‍സില്‍ പുറത്തായപ്പോള്‍ ടോം ലാഥമും(10), കെയ്‌ല്‍ ജാമീസണും(17) മാത്രമാണ് രണ്ടക്കം കണ്ടത്. രവിചന്ദ്ര അശ്വിന്‍റെ നാലും മുഹമ്മദ് സിറാജിന്‍റെ മൂന്നും അക്‌സര്‍ പട്ടേലിന്‍റെ രണ്ടും ജയന്ത് യാദവിന്‍റെ ഒന്നും വിക്കറ്റാണ് കിവികള്‍ക്ക് കെണിയൊരുക്കിയത്. 

540 റണ്‍സിന്‍റെ പടുകൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ വന്നതോടെ രണ്ടാം ഇന്നിംഗ്‌സിലും പരാജയമായി കിവീസ് ബാറ്റര്‍മാര്‍. 60 റണ്‍സെടുത്ത ഡാരില്‍ മിച്ചലും 44 റണ്‍സുമായി ഹെന്‍‌റി നിക്കോള്‍സും മാത്രമാണ് പൊരുതി നോക്കിയത്. വില്‍ യങ്(20), രചിന്‍ രവീന്ദ്ര(18) എന്നിവര്‍ കൂടിയേ രണ്ടക്കം കണ്ടുള്ളൂ. അശ്വിനും ജയന്തും നാല് വീതവും അക്‌സര്‍ ഒന്നും വിക്കറ്റ് സ്വന്തമാക്കി.   

IND vs NZ : മുംബൈ ടെസ്റ്റില്‍ ഹിമാലയന്‍ ജയം; റെക്കോര്‍ഡിന്‍റെ നെറുകയില്‍ ടീം ഇന്ത്യ 

click me!