Asianet News MalayalamAsianet News Malayalam

IND vs NZ : മുംബൈ ടെസ്റ്റില്‍ ഹിമാലയന്‍ ജയം; റെക്കോര്‍ഡിന്‍റെ നെറുകയില്‍ ടീം ഇന്ത്യ

2015ല്‍ ഡല്‍ഹിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 337 റണ്‍സിന് വിജയിച്ചതായിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോര്‍ഡ്

India Beat New Zealand by 372 runs in mumbai become biggest victory for India in test by runs
Author
Mumbai, First Published Dec 6, 2021, 10:58 AM IST

മുംബൈ: മുംബൈ ടെസ്റ്റില്‍ (India vs New Zealand 2nd Test) ന്യൂസിലന്‍ഡിനെ 372 റണ്‍സിന് കീഴടക്കിയതോടെ ടീം ഇന്ത്യക്ക് (Team India) ഐതിഹാസിക റെക്കോര്‍ഡ്. ടെസ്റ്റില്‍ റണ്‍ കണക്കില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇന്ന് മുംബൈയില്‍ പിറന്നത്. 2015ല്‍ ഡല്‍ഹിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 337 റണ്‍സിന് വിജയിച്ചതായിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോര്‍ഡ്. മുംബൈയിലെ ഹിമാലന്‍ ജയത്തോടെ ടെസ്റ്റ് പരമ്പര 1-0ന് ഇന്ത്യ നേടി. 

ഇന്ത്യ മുന്നോട്ടുവെച്ച 540 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിംഗ്‌സില്‍ വിറയലോടെ ബാറ്റേന്തിയ ന്യൂസിലന്‍ഡ് 167 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് വീതം നേടിയ ജയന്ത് യാദവും രവിചന്ദ്ര അശ്വിനുമാണ് ന്യൂസിലന്‍ഡിനെ എറിഞ്ഞ് കുടുക്കിയത്. 

അജാസ് 10/10! 

അജാസ് പട്ടേലിന്‍റെ 10 വിക്കറ്റ് പ്രകടനത്തില്‍ 325-10 എന്ന സ്‌കോറില്‍ മുംബൈയില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചിരുന്നു. 47.5 ഓവറില്‍ 119 റണ്‍സിനാണ് അജാസ് ഇന്ത്യയുടെ 10 വിക്കറ്റുകളും കവര്‍ന്നത്. സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിനും(311 പന്തില്‍ 150), അര്‍ധ സെഞ്ചുറി കുറിച്ച അക്സര്‍ പട്ടേലിനും(128 പന്തില്‍ 52), 44 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലിനും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായത്. ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ഒരു ബൗളര്‍ ഇന്നിംഗ്സിലെ 10 വിക്കറ്റും വീഴ്ത്തുന്നത്.

സ്‌കോര്‍ 69; നാണംകെട്ട് കിവീസ്

എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 325 റണ്‍സ് പിന്തുടര്‍ന്ന കിവീസ് വെറും 62 റണ്‍സിന് പുറത്തായി. നാല് വിക്കറ്റുമായി രവിചന്ദ്ര അശ്വിനും മൂന്ന് പേരെ മടക്കി മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് നേടി അക്സര്‍ പട്ടേലും ഒരാളെ പറഞ്ഞയച്ച് ജയന്ത് യാദവുമാണ് കിവീസിനെ ചുരുട്ടിക്കൂട്ടിയത്. നായകന്‍ ടോം ലാഥമും(10), ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമീസണും(17) മാത്രമേ രണ്ടക്കം കണ്ടുള്ളൂ. 

ലക്ഷ്യം 540!

രണ്ടാം ഇന്നിംഗ്സില്‍ 276-7 എന്ന സ്‌കോറില്‍ ഡിക്ലെയര്‍ ചെയ്‌തതോടെ ഇന്ത്യക്ക് 539 റണ്‍സിന്‍റെ ആകെ ലീഡായി. ആദ്യ ഇന്നിംഗ്സിലെ 10 വിക്കറ്റും നേടിയ അജാസ് പട്ടേല്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ നാല് പേരെ പുറത്താക്കി. അതേസമയം അവസാന ഓവറുകളിലെ അക്സര്‍ പട്ടേല്‍(26 പന്തില്‍ 41*) വെടിക്കെട്ട് ഇന്ത്യന്‍ ലീഡ് ഹിമാലയന്‍ ഉയരങ്ങളിലേക്ക് നയിച്ചു. മായങ്ക് അഗര്‍വാള്‍ 62 ഉം ചേതേശ്വര്‍ പൂജാരയും ശുഭ്‌മാന്‍ ഗില്ലും 47 റണ്‍സ് വീതവും നേടി.  

167 റണ്‍സ്; കിവികള്‍ നിലത്ത്

540 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റേന്തിയ ന്യൂസിലന്‍ഡ് നാലാം ദിനത്തിന്‍റെ ആദ്യ മണിക്കൂറില്‍ 167 റണ്‍സില്‍ അടിയറവ് പറഞ്ഞു. നാല് വീതം വിക്കറ്റുമായി രവിചന്ദ്ര അശ്വിനും ജയന്ത് യാദവും ഒരാളെ മടക്കി അക്‌സറുമാണ് കിവികളെ എറിഞ്ഞുടച്ചത്. ഡാരില്‍ മിച്ചലും(60), ഹെന്‍‌റി നിക്കോള്‍സും(44) മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ പൊരുതിയത്. 

IND vs NZ : കറക്കിവീഴ്‌ത്തി അശ്വിന്‍, ജയന്ത്; ന്യൂസിലന്‍ഡിനെ 372 റണ്‍സിന് കീഴടക്കി ഇന്ത്യക്ക് ടെസ്റ്റ് പരമ്പര

Follow Us:
Download App:
  • android
  • ios