ഇന്നലെ നാഗ്പൂരില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം കാണാന്‍ ശശി തരൂരുമെത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹം ഗൗതം ഗംഭീറുമായി കൂടിക്കാഴ്ച നടത്തിയത്.
നാഗ്പൂര്‍: പ്രധാനമന്ത്രി കഴിഞ്ഞാലുള്ള ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തിയാണ് ഇന്ത്യൻ കോച്ചെന്ന ശശി തരൂരിന്‍റെ എക്സ് പോസ്റ്റിന് മറുപടിയുമായി ഇന്ത്യൻ ടീം പരീശീലകനായ ഗൗതം ഗംഭീര്‍. ശശി തരൂരിന്‍റെ അഭിനന്ദനത്തിന് നന്ദി പറഞ്ഞ ഗംഭീര്‍ കോച്ചിന് ഇന്ത്യൻ ടീമില്‍ അങ്ങനെ സര്‍വാധികാരങ്ങളുണ്ടെന്നത് വെറും തോന്നലാണെന്നും വ്യക്തമാക്കി.
ഒരുപാട് നന്ദി ഡോ.ശശി തരൂര്‍, എല്ലാ പൊടിപടലങ്ങളും അടങ്ങിക്കഴിയുമ്പോള്‍ കോച്ചിന് സര്‍വാധികാരങ്ങളുണ്ടെന്ന തോന്നലിന് പിന്നിലെ സത്യവും വസ്തുതയും പുറത്തുവരും. അതുവരെ, ഏറ്റവും മികച്ചവരുമായി എന്നെ താരതമ്യം ചെയ്യുന്നത് കാണുമ്പോള്‍ കൗതുകം തോന്നുന്നുവെന്നായിരുന്നു ഗംഭീറിന്‍റെ മറുപടി.
ഇന്നലെ നാഗ്പൂരില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം കാണാന്‍ ശശി തരൂരുമെത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹം ഗൗതം ഗംഭീറുമായി കൂടിക്കാഴ്ച നടത്തിയത്.തന്‍റെ പഴയകാല സുഹൃത്താണ് ഗംഭീറെന്നും പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും തരൂര്‍ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. ''നാഗ്പൂരില്‍ വച്ച് എന്റെ പഴയ സുഹൃത്ത് ഗൗതം ഗംഭീറുമായി ഏറെനേരം സംസാരിച്ചു. പ്രധാനമന്ത്രിക്ക് ശേഷം ഏറ്റവും കഠിനമായ ജോലി ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ദശലക്ഷക്കണക്കിന് ആളുകള്‍ ഓരോ ദിവസവും അദ്ദേഹത്തിന്‍റെ തീരുമാനങ്ങളെ സംശയിക്കുകയും ചോദ്യം ചെയ്യുകയോ ചെയ്യുന്നുണ്ട്. എന്നിട്ടും അദ്ദേഹം ഒട്ടും പതറാതെ ശാന്തനായി തന്‍റെ പാതയില്‍ മുന്നോട്ട് പോകുന്നു. അദ്ദേഹത്തിന്‍റെ നിശ്ചയദാര്‍ഢ്യത്തേയും നേതൃപാടവത്തേയും അഭിനന്ദിക്കുന്നു. അദ്ദേത്തിന് എല്ലാവിധ ആശംസകളും" എന്നായിരുന്നു തരൂരിന്‍റെ വാക്കുകള്‍.
ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 48 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
