ഗ്ലെന്‍ മാക്‌സ്‌വെല്‍: സ്പിന്നര്‍മാരെ സഹായിക്കുമെന്ന് കരുതുന്ന ചെന്നൈയിലെ സ്ലോ പിച്ചില്‍ ബാറ്റിംഗിനെക്കാളുപരി മാക്സ്‌വെല്ലിന്‍റെ പാര്‍ട് ടൈം ഓഫ് സ്പിന്നായിരിക്കും ഇന്ത്യക്ക് ഭീഷണിയാകുക.
ചെന്നൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ നാളെ ആദ്യ മത്സരത്തിനിറങ്ങുകയാണ് ഇന്ത്യന്‍ ടീം. മിന്നും ഫോമിലുള്ള ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ കളിക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യന്‍ ആരാധാകരിപ്പോള്‍. ഡെങ്കിപ്പനി ബാധിച്ച ഗില്‍ കളിച്ചാലും ഇല്ലെങ്കിലും ഇന്ത്യക്ക് ഭീഷണിയാവുന്ന ഓസീസ് താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
മിച്ചല്‍ മാര്‍ഷ്: ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താനുള്ള വെടിമരുന്നുള്ള താരമാണ് ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്. ഓപ്പണറായി ഇറങ്ങി അടിച്ചു തകര്‍ക്കുന്ന മാര്‍ഷ് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ രാജ്കോട്ടില്‍ നടന്ന അവസാന മത്സരത്തില്‍ 84 പന്തില്‍ 96 റണ്‍സടിച്ച് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഡേവിഡ് വാര്‍ണറുടെ സമ്മര്‍ദ്ദം കുറക്കാനും മാര്‍ഷിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന് കഴിയുന്നുണ്ടെന്നത് ഓസ്ട്രേലിയക്ക് ആശ്വാസകരമാണ്.
ഗ്ലെന്‍ മാക്‌സ്‌വെല്‍: സ്പിന്നര്‍മാരെ സഹായിക്കുമെന്ന് കരുതുന്ന ചെന്നൈയിലെ സ്ലോ പിച്ചില്‍ ബാറ്റിംഗിനെക്കാളുപരി മാക്സ്‌വെല്ലിന്‍റെ പാര്‍ട് ടൈം ഓഫ് സ്പിന്നായിരിക്കും ഇന്ത്യക്ക് ഭീഷണിയാകുക.ബാറ്റിംഗ് നിരയില്‍ സ്പിന്നിനെ ഫലപ്രദമായി നേരിടുന്ന ശുഭ്മാന്‍ ഗില്‍ ഇല്ലെങ്കില്‍ ഓപ്പണറായി ഇറങ്ങുന്ന ഇഷാന്‍ കിഷന്‍ അടക്കമുള്ളവര്‍ മാക്സ്‌വെല്ലിനെ മെരുക്കാന്‍ പാടുപെടും. രാജ്കോട്ടില്‍ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വാഷിംഗ്‌ടണ്‍ സുന്ദര്‍, വിരാട് കോലി, ശ്രേയസ് അയ്യരുടെ വിക്കറ്റ് വീഴ്ത്തിയത് മാക്സ്‌വെല്ലായിരുന്നു. ബാറ്റിംഗ് കൂടി ഫോമിലായാല്‍ മാക്സ്‌വെല്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളായിവും.
മാര്‍നസ് ലാബുഷെയ്ന്‍: ലോകകപ്പ് ടീമില്‍ അവസാനം ഇടം നേടിയ താരമാണെങ്കിലും ഏത് പൊസിഷനിലും ഓസീസ് ബാറ്റിംഗിന് സ്ഥിരത നല്‍കാന്‍ ലാബുഷെയ്നാവും. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ പകരക്കാരനായി ഇറങ്ങി തകര്‍ത്തടിച്ച ലാബുഷെയ്ന്‍ ഇന്ത്യക്കെതിരെയും മോശമാക്കിയില്ല. നാലാം നമ്പറിലിറങ്ങുന്ന ലാബുഷെയ്നിന്‍റെ പ്രകടനം ഓസീസ് ബാറ്റിംഗില്‍ നിര്‍ണായകമാകും.
ആദം സാംപ: ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങുമെന്ന് ഉറപ്പായിരിക്കെ നാളെ ഓസീസ് നിരയില്‍ ഇന്ത്യ ഭയക്കുന്നത് ആദം സാംപയുടെ ലെഗ് സ്പിന്നിനെയാകും. സ്പിന്നിന് സഹായം നല്‍കുന്ന പിച്ചില്‍ സാംപ അപകടകാരിയാണെന്ന് മുന്‍ മത്സരങ്ങളില്‍ കണ്ടതാണ്. ഈ സാഹചര്യത്തില്‍ സാംപയുടെ 10 ഓവര്‍ ഇന്ത്യ എങ്ങനെ നേരിടുന്നു എന്നത് നാളെ നിര്‍ണായകമാണ്.