പാകിസ്ഥാനെതിരായ ഇന്ത്യയുടെ വമ്പന്‍ ജയത്തിൽ നിര്‍ണായകമായത് ഈ 5 കാര്യങ്ങള്‍

Published : Oct 15, 2023, 01:41 PM IST
പാകിസ്ഥാനെതിരായ ഇന്ത്യയുടെ വമ്പന്‍ ജയത്തിൽ നിര്‍ണായകമായത് ഈ 5 കാര്യങ്ങള്‍

Synopsis

ടോസിലെ ഭാഗ്യം: അഹമ്മദാബാദിലെ ബാറ്റിംഗ് പിച്ചില്‍ ടോസ് നിര്‍ണായകമായിരുന്നില്ലെങ്കിലും രാത്രിയിലെ മഞ്ഞുവീഴ്ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് ബുദ്ധിമുട്ടാവാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിംഗ് തെരഞ്ഞെടുത്തത് മത്സരത്തില്‍ നിര്‍ണായകമായി.

അഹമ്മദാബാദ്: ലോകകപ്പിലെ അഭിമാനപ്പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചതുമുതല്‍ കാത്തിരുന്ന പോരാട്ടത്തില്‍ ആധികാരിക ജയവുമായാണ് ഇന്ത്യ ആരാധകരെ സന്തോഷിപ്പിച്ചത്. ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായ അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ടോസിലെ ഭാഗ്യം: അഹമ്മദാബാദിലെ ബാറ്റിംഗ് പിച്ചില്‍ ടോസ് നിര്‍ണായകമായിരുന്നില്ലെങ്കിലും രാത്രിയിലെ മഞ്ഞുവീഴ്ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് ബുദ്ധിമുട്ടാവാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിംഗ് തെരഞ്ഞെടുത്തത് മത്സരത്തില്‍ നിര്‍ണായകമായി. ഇന്ത്യ-പാക് ലോകകപ്പ് പോരാട്ടങ്ങളില്‍ ഏഴില്‍ ആറ് തവണയും ആദ്യം ബാറ്റ് ചെയ്താണ് ഇന്ത്യ ജയിച്ചതെങ്കിലും ചരിത്രം മറന്ന് സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുത്ത രോഹിത്തിന്‍റെ തീരുമാനം മത്സരഫലത്തില്‍ നിര്‍ണായകമായി.

അന്ന് കോലി, ഇന്നലെ രോഹിത്; ബാബറിന്‍റെ വജ്രായുധമായ ഹാരിസ് റൗഫിനെ വെറും 'തല്ലുകൊള്ളി' യാക്കി ഹിറ്റ്മാൻ

ബൗളര്‍മാരുടെ കൂട്ടായ പ്രകടനം:  ബൗളിംഗ് യൂണിറ്റ് എന്ന നിലയിൽ ഇന്ത്യ പ്രകടിപ്പിച്ച മികവാണ് മത്സരത്തെ സ്വാധീനിച്ച മറ്റൊരു ഘടകം. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും റണ്‍സേറെ വഴങ്ങാതെ കൃത്യത പാലിച്ചപ്പോള്‍, റൺസ് വഴങ്ങിയെങ്കിലും മുഹമ്മദ് സിറാജും ഹാര്‍ദിക് പണ്ഡ്യയും നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രീത് ബുമ്രയാകട്ടെ ഓപ്പണിംഗ് സ്പെല്ലില്‍ പാകിസ്ഥാനെ പൂട്ടിയിട്ടപ്പോള്‍ മധ്യ ഓവറുകളില്‍ നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി. ഇതില്‍ മുഹമ്മദ് റിസ്‌വാനെ മടക്കിയ ബുമ്രയുടെ സ്ലോ ബോളാണ് കളി തിരിച്ചത്.

രോഹിത്തിന്‍റെ തന്ത്രം: ആദ്യ സ്പെല്ലില്‍ അടി വാങ്ങിയെങ്കിലും പാക് നായകന്‍ ബാംബര്‍ അസം അര്‍ധസെഞ്ചുറിയുമായി ക്രീസില്‍ നില്‍ക്കെ സിറാജിനെ തിരിച്ചുകൊണ്ടുവരാനുള്ള രോഹിത്തിന്‍റെ തന്ത്രം മത്സരത്തിലെ വഴിത്തിരിവായി. ബാബറിനെ പുറത്താക്കിയ സിറാജ് പാക് ബാറ്റിംഗ് നിരയെ പരിഭ്രാന്തിയിലാക്കി. പിന്നീടെത്തിയവര്‍ സാഹചര്യം മനിസിലാക്കാതെ ഷോട്ടുകൾ കളിച്ചപ്പോള്‍ പാകിസ്ഥാന്‍ നേരിട്ടത് അതിനാടകീയ തകര്‍ച്ച.

ഓപ്പണര്‍മാരുടെ പ്രത്യാക്രമണം: ആക്രമണമാണ് മികച്ച പ്രതിരോധമെന്ന തിരിച്ചറിവില്‍ ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ പാക് ബൗളിംഗിനെ നിര്‍വീര്യമാക്കി. ഇന്ത്യൻ ഇന്നിംഗ്സിന്‍റെ തുടക്കത്തിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ പരാജയപ്പെട്ട പാക് ബൗളര്‍മാര്‍ ആദ്യ 2 ഓവറുകളില്‍ തന്നെ രോഹിത്തും ഗില്ലും ചേര്‍ന്ന് അഞ്ച് ബൗണ്ടറി അടിച്ചതോടെ കളി കൈവിട്ടു.

നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഇന്ത്യ-പാക് പോരാട്ടത്തിൽ മുഹമ്മദ് റിസ്‌വാന് നേരെ ജയ് ശ്രീറാം വിളികളുമായി ആരാധകർ

പന്ത്രണ്ടാമനായി ഗ്യാലറിയും: അഹമ്മദാബാദിലെ ഒരുലക്ഷത്തി മുപ്പതിനായിരം കാണികളില്‍ പാക് ആരാധകരെ മഷിയിട്ട് നോക്കിയാല്‍ പോലും കാണാനില്ലായിരുന്നു. ടോസ് നേടിയശേഷം ബാബറിനെ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ ഗ്യാലറിയില്‍ ഉയര്‍ന്ന കൂവല‍ മുതല്‍ പാക് ടീമിനെ അസ്വസ്ഥരാക്കിയത് ഈ ആരാധക പിന്തുണയാണ്. മത്സരശേഷം പാക് ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു മാത്രമല്ല, ലോകകപ്പില്‍ ഗില്ലിന് പകരക്കാരാവാന്‍ ക്യൂവില്‍ നിരവധി പേര്‍, എന്നിട്ടും കണ്ണടച്ച് സെലക്ടര്‍മാര്‍
ക്ലച്ചുപിടിക്കാതെ ഗില്‍; എത്ര നാള്‍ ഇനിയും സഞ്ജുവിനെ പുറത്തിരിത്തും?