
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾക്ക് തുടക്കമാകാനിരിക്കെ, ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്‍റെ ബാറ്റിംഗ് ശൈലിക്കെതിരെ വിമർശനവുമായി മുൻ താരം സഞ്ജയ് മഞ്ജരേക്കർ. സൂര്യകുമാറും തിലക് വർമ്മയും ബാറ്റിംഗിൽ അമിതമായി കാണിക്കുന്ന പ്രതിരധോത്മക സമീപനം ടീമിന് തിരിച്ചടിയാകുമെന്നാണ് മഞ്ജരേക്കറുടെ മുന്നറിയിപ്പ്.
അമേരിക്കക്കെതിരായ മത്സരത്തിൽ ടീം പ്രതിസന്ധിയിലായപ്പോൾ സൂര്യകുമാർ കാണിച്ച സംയമനം പ്രശംസനീയമായിരുന്നു. എന്നാൽ പിന്നീട് പാകിസ്ഥാനെതിരായ മത്സരത്തിലും സമാനമായ രീതിയിൽ 'ഷട്ടർ വലിച്ചടയ്ക്കുന്ന' ബാറ്റിംഗ് ശൈലിയാണ് താരം പിന്തുടരുന്നത്. ഇത് ടി20 ഫോർമാറ്റിൽ ഒട്ടും ഗുണകരമല്ലെന്ന് മഞ്ജരേക്കർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.
സൂര്യകുമാർ യാദവിന്‍റെ ബാറ്റിംഗിൽ ഞാൻ കാണുന്ന ഒരു കാര്യം ഒട്ടും ഇഷ്ടപ്പെടുന്നില്ല. അമേരിക്കക്കെതിരെ 77-ന് 6 എന്ന നിലയിൽ തകർന്നപ്പോൾ സൂര്യ കളിച്ച രീതി മികച്ചതായിരുന്നു. എന്നാൽ പിന്നീട് ആ ശൈലി അദ്ദേഹം അമിതമായി പിന്തുടരുന്നു. പ്രത്യേകിച്ച് ആദ്യം ബാറ്റ് ചെയ്യുമ്പോൾ താൻ ക്രീസിൽ നിന്നേ പറ്റൂ എന്ന നായകന്‍റെ ചിന്ത അപകടകരമാണ്. ഇന്ത്യൻ ടീമിന് ആവശ്യമായ ബാറ്റിംഗ് കരുത്തുണ്ടെന്ന കാര്യം സൂര്യ മറക്കരുതെന്നും മഞ്ജരേക്കർ ഓർമ്മിപ്പിച്ചു.
സൂര്യയും തിലകും റൺസ് കണ്ടെത്താൻ അധിക സമയം എടുക്കുന്നതോടെ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ് എന്നിവരുടെ പ്രഹരശേഷി ഉപയോഗിക്കാൻ ടീമിന് സാധിക്കുന്നില്ല. എട്ടാം നമ്പറിൽ അക്ഷർ പട്ടേലോ വാഷിംഗ്ടൺ സുന്ദറോ ഉള്ളപ്പോൾ ടോപ്പ് ഓർഡർ താരങ്ങൾ ഓരോ പന്തിലും മാക്സിമം റൺസ് കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. വിക്കറ്റുകൾ കൈവശമുണ്ടായിട്ടും അമിത ജാഗ്രത കാരണം 180 റൺസിൽ ഒതുങ്ങുന്നത് കരുത്തരായ ടീമുകൾക്കെതിരെ പരാജയത്തിന് കാരണമാകും.
2026-ൽ മികച്ച ഫോമിലുള്ള സൂര്യകുമാർ യാദവ്, ഇഷാൻ കിഷന് ശേഷം ഇന്ത്യയ്ക്കായി ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്. എന്നാൽ ഇന്നിംഗ്സിന്‍റെ തുടക്കത്തിൽ സിംഗിളുകൾ മാത്രം എടുത്ത് പന്തുകൾ പാഴാക്കുന്നത് ദക്ഷിണാഫ്രിക്കയെപ്പോലെയുള്ള വലിയ ടീമുകൾക്കെതിരെ വെല്ലുവിളിയാകുമെന്ന് മഞ്ജരേക്കർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!