
അഹമ്മദാബാദ്: ടി20 ലോകകപ്പ് 2026-ലെ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് ആശ്വാസമായി കാലവസ്ഥാ പ്രവചനം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന മത്സരത്തിന് മഴ വില്ലനാകില്ലെന്നാണ് കാലവസ്ഥാ പ്രവചനം. മത്സരസമയത്തോ മത്സരത്തിന് മുമ്പോ മഴ പെയ്യാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. 24 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും അന്തരീക്ഷ താപനില.
അന്തരീക്ഷത്തിൽ 40 ശതമാനത്തിലധികം ഈർപ്പം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത് രാത്രിയിൽ പന്തെറിയുന്ന ബൗളർമാർക്ക് വെല്ലുവിളിയായേക്കാം. ഇന്നലെ കൊളംബോയില്‍ നടക്കേണ്ടിയിരുന്ന ന്യൂസിലന്‍ഡ്-പാകിസ്ഥാന്‍ മത്സരം ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. സൂപ്പര്‍ 8ല്‍ ഓരോ ടീമിും മൂന്ന് മത്സരങ്ങള്‍ മാത്രമാണുള്ളതെന്നതിനാല്‍ മഴമൂലം മത്സരം ഉപേക്ഷിക്കപ്പെട്ട് പോയന്‍റ് പങ്കുവെക്കപ്പെട്ടാല്‍ അത് ടീമുകളുടെ സെമി സാധ്യതകളെ ബാധിക്കും. നാലു ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പില്‍ നിന്നുമായി മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ വീതമാണ് സെമിയിലെത്തുക.
ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാൻ, യുഎസ്എ, നമീബിയ, നെതർലൻഡ്സ് എന്നീ ടീമുകളെ തകർത്ത ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും സൂപ്പർ 8-ൽ ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുന്നത്. കഴിഞ്ഞ ഡിസംബറിൽ നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ 3-1 ന് തകർത്ത ചരിത്രവും ഇന്ത്യയ്ക്ക് കരുത്താകും.
തുടർച്ചയായ മൂന്ന് ഡക്കുകളുമായി നിരാശപ്പെടുത്തുന്ന യുവതാരം അഭിഷേക് ശർമ്മയ്ക്ക് ഈ മത്സരം നിർണ്ണായകമാണ്. സഞ്ജു സാംസൺ പകരക്കാരനായി പുറത്തിരിക്കെ അഭിഷേകിന് ഇന്ന് തിളങ്ങിയേ മതിയാകൂ. മികച്ച ഫോമിലുള്ള ഇഷാൻ നൽകുന്ന വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയുടെ കരുത്ത്. 2024-ലെ റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്ക ശക്തമായ തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്. ക്വിന്‍റൺ ഡി കോക്ക്, എയ്ഡൻ മാർക്രം എന്നിവർ നൽകുന്ന അടിത്തറയിൽ ഡേവിഡ് മില്ലർ, ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവർ തകർത്തടിക്കുമെന്നാണ് പ്രോട്ടീസിന്‍റെ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!