
തിരുവനന്തപുരം: ലോകകപ്പ് നേടിയ ടീം ഇന്ത്യയുടെ ജേഴ്‌സിയിൽ സുപ്രധാന മാറ്റം. ജേഴ്‌സിയിലെ ബിസിസിഐ മുദ്ര ആലേഖനം ചെയ്തതിന് മുകളിൽ മൂന്നാമതൊരു നക്ഷത്രം കൂടി ഉൾപ്പെടുത്തി. ഇതുവരെ രണ്ട് ലോകകപ്പ് വിജയം അടയാളമാക്കുന്ന രണ്ട് നക്ഷത്രങ്ങളാണ് ജേഴ്‌സിയിൽ ഉണ്ടായിരുന്നത്. ഇത്തവണത്തെ വിജയത്തോടെ മൂന്നാമതും ലോകകപ്പ് നേടിയ ടീം ഇന്ത്യയുടെ ജേഴ്‌സിയിൽ 2026 ലോകകപ്പ് വിജയത്തിന്റെ അടയാളമായാണ് പുതിയ നക്ഷത്രം ഉൾപ്പെടുത്തിയത്. ഇത് അറിയിച്ചുകൊണ്ടുള്ള വീഡിയോ ബിസിസിഐ പുറത്തുവിട്ടു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്താണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ലോകകപ്പ് ഫൈനലിലെ റെക്കോർഡ് സ്കോറായ 255 റൺസാണ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത്. മലയാളി താരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് അടിത്തറയിട്ടത്. വെറും 46 പന്തിൽ നിന്ന് 5 സിക്സറുകളും 8 ഫോറുകളുമടക്കം 89 റൺസെടുത്ത സഞ്ജു സാംസൺ ലോകകപ്പ് ടൂർണമെൻ്റിലെ താരമായി. ഓപ്പണർ അഭിഷേക് ശർമ (52), ഇഷാൻ കിഷൻ (54) എന്നിവരുടെ മികച്ച പ്രകടനവും ഇന്ത്യക്ക് നേട്ടമായി. അവസാന ഓവറുകളിൽ ശിവം ദുബെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് (8 പന്തിൽ 26*) ഇന്ത്യൻ സ്കോർ 250 കടത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യൻ ബൗളർമാരിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറ കളിയിലെ താരമായി. മൂന്ന് വിക്കറ്റെടുത്ത അക്സർ പട്ടേലും ന്യൂസിലൻ്റിൻ്റെ പ്രതീക്ഷകൾ എറിഞ്ഞുതകർത്തു. ഈ വിജയത്തോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും സ്വന്തം മണ്ണിൽ ലോകകപ്പ് നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി. 2007, 2024 വർഷങ്ങളിലെ വിജയങ്ങൾക്ക് പിന്നാലെ എത്തിയ ഈ മൂന്നാം കിരീട നേട്ടമാണ് ഇപ്പോൾ ഇന്ത്യൻ ജേഴ്‌സിയിൽ മൂന്നാം നക്ഷത്രമായി തിളങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!