
ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ വിശ്വവിജയികളാക്കിയ സഞ്ജു സാംസണിന്റെ മിന്നും പ്രകടനത്തിൽ മലയാളക്കര ഒന്നടങ്കം ആവേശക്കടലിൽ. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ കിവീസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ഇന്ത്യയുടെ ടോപ്പ് സ്കോററായ സഞ്ജു, ഒരു മലയാളി താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഉന്നതിയിലാണ് ഇന്ന് എത്തിനിൽക്കുന്നത്. ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതോടെ നാടെങ്ങും ആഘോഷമാണ്. തങ്ങളുടെ പ്രിയതാരം ലോകകിരീട വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചതോടെ കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും രാത്രി വൈകിയും വിജയാഘോഷങ്ങൾ അലയടിക്കുകയാണ്. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും സഞ്ജുവിന്റെ ചിത്രങ്ങൾ ഉയർത്തിയും ആരാധകർ ഈ ചരിത്ര നിമിഷം ആഘോഷമാക്കുകയാണ്. സഞ്ജു വെറുമൊരു താരമല്ല, മറിച്ച് ഓരോ മലയാളിയുടെയും അഭിമാനമായ 'സൂപ്പർമാനാണെന്ന്' ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു എന്നാണ് ആരാധകരുടെ പ്രതികരണം. ഇതിനൊപ്പം തന്നെ സഞ്ജുവിനെ കുറിച്ചുള്ള ചേട്ടൻ പ്രയോഗവും ക്രിക്കറ്റ് ലോകത്ത് വമ്പൻ ഹിറ്റായിട്ടുണ്ട്. സഞ്ജു ഇന്ത്യയുടെ ചേട്ടൻ ആയെന്നാണ് മലയാളി ആരാധകരുടെ പക്ഷം.
രാജ്യത്തെങ്ങും ആഘോഷരാവ് തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്‍റ് ദ്രൗപദി മുർമുവും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം സഞ്ജുവിനെയും ഇന്ത്യൻ ടീമിനെയും അഭിനന്ദിച്ച് രംഗത്തെത്തി.
ടി20 ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ ലോകകിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. ഇന്ത്യൻ ടീമിന്റെ അസാമാന്യമായ കഴിവും നിശ്ചയദാർഢ്യവും ഒത്തൊരുമയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടൂർണമെന്റിലുടനീളം ടീം പ്രകടിപ്പിച്ച പോരാട്ടവീര്യം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അഭിമാനവും സന്തോഷവും നിറച്ചുവെന്ന് മോദി എക്സിൽ കുറിച്ചു. ഇന്ത്യൻ മണ്ണിൽ തന്നെ കിരീടം നിലനിർത്താൻ സാധിച്ചത് മറക്കാനാവാത്ത നിമിഷമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണെയും ടൂർണമെന്റിലുടനീളം തിളങ്ങിയ ജസ്പ്രീത് ബുംറയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. നീലപ്പടയുടെ ഈ ഉജ്ജ്വല വിജയം രാജ്യത്തിന് വലിയ ആഘോഷത്തിനുള്ള അവസരമാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രപരമായ വിജയത്തിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിട്ട ടീം ഇന്ത്യയെ രാഷ്ട്രപതി ദ്രൗപതി മുർമു അഭിനന്ദിച്ചു. മൂന്ന് തവണ കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും തുടർച്ചയായി രണ്ട് തവണ ചാമ്പ്യന്മാരാകുന്ന ഏക ടീമെന്ന പദവിയും ഇന്ത്യക്ക് അഭിമാനകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ പ്രതിഭയുടെ അടയാളമാണ് ഈ വിജയമെന്നും ടീമിലെ ഓരോ കളിക്കാരും സപ്പോർട്ട് സ്റ്റാഫും അഭിനന്ദനം അർഹിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!