അയാളൊരു അപൂർവ പ്രതിഭാസം, ഇന്ത്യൻ ബൗളറെക്കുറിച്ച് മുൻ പാക് നായകൻ

By Web TeamFirst Published Jun 2, 2021, 12:24 PM IST
Highlights

ദൂസ്രകൾ എറിയാനാവാത്തതാണ് സഖ്ലിയൻ മുഷ്താഖിനും സയ്യിദ് അജ്മലിനും ശേഷം പാക് ക്രിക്കറ്റിൽ നിലവാരമുള്ള സ്പിന്നർമാരില്ലാത്തതിന് കാരണം. പാക് ക്രിക്കറ്റിൽ മാത്രമല്ല, മറ്റ് ടീമുകളിലും ഈ പ്രശ്നം കാണാം.

കറാച്ചി: ഇന്ത്യൻ സ്പിന്നർ ആർ അശ്വിനെ പ്രകീർത്തിച്ച് പാക് മുൻ നായകൻ റമീസ് രാജ. ആധുനിക ക്രിക്കറ്റിലെ അപൂർവ പ്രതിഭാസമാണ് അശ്വിനെന്ന് റമീസ് രാജ പറഞ്ഞു. പാക് ക്രിക്കറ്റിൽ നിലവാരമുള്ള സ്പിന്നർമാരുടെ അഭാവത്തെക്കുറിച്ച് സംസാരിക്കവെയാണ് അശ്വിനെ റമീസ് രാജ അശ്വിനെ പുകഴ്ത്തിയത്.

ദൂസ്രകൾ എറിയാനാവാത്തതാണ് സഖ്ലിയൻ മുഷ്താഖിനും സയ്യിദ് അജ്മലിനും ശേഷം പാക് ക്രിക്കറ്റിൽ നിലവാരമുള്ള സ്പിന്നർമാരില്ലാത്തതിന് കാരണം. പാക് ക്രിക്കറ്റിൽ മാത്രമല്ല, മറ്റ് ടീമുകളിലും ഈ പ്രശ്നം കാണാം. സുനിൽ നരെയ്നെയും ഷില്ലിം​ഗ്ഫോർഡിനെയും സചിത്ര സേനനായകെയെയും ദൂസ്ര എറിയുമ്പോൾ പരിധിയിൽ കൂടുതൽ കൈമടക്കുന്നു എന്നതിന്റെ പേരിൽ വിലക്കിയിട്ടുണ്ട്.

ദൂസ്രകൾ അപ്രത്യക്ഷമായതോടെ ഇതിനെതിരെ പിടിച്ചുനിൽക്കാൻ കഴിയുന്ന ബൗളർമാരുടെ എണ്ണവും കുറഞ്ഞു. അശ്വിനെപ്പോലുള്ള അപൂർവം സ്പിന്നർമാരാണ് ഇത് മറികടന്ന് തങ്ങളുടെ പ്രതിഭ തെളിയിച്ചതെന്നും റമീസ് രാജ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

അശ്വിന്റെ കൈവശം ഫ്ലോട്ടറുകളുണ്ട്, വ്യത്യസ്ത ആം​ഗിളുകളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ പന്തെറിഞ്ഞ്
ബുദ്ധിപൂർവം ബാറ്റ്സ്മാനെ കുഴക്കാൻ അശ്വിനാവും. അദ്ദേഹത്തെപ്പോലുള്ള പ്രതിഭാസങ്ങൾ അപൂർവമായി മാത്രമെ ക്രിക്കറ്റിൽ സംഭവിക്കു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നമ്മൾ ബഹുമാനിച്ചെ മതിയാവു-റമീസ് രാജ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമായി ഇന്ത്യൻ ടീം ഇന്നാണ് ലണ്ടനിലേക്ക് തിരിക്കുന്നത്. ഇം​ഗ്ലണ്ടിൽ ക്വാറന്റീൻ പൂർത്തിയാക്കിയശേഷം 18ന് തുടങ്ങുന്ന ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഓ​ഗസ്റ്റ് നാലു മുതൽ തുടങ്ങുന്ന ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!