ഐപിഎല്‍: സഞ്ജു സാംസണെ ഒരു പ്രശ്‌നം അലട്ടിയേക്കാം, മുന്നറിയിപ്പുമായി ആകാശ് ചോപ്ര

By Web TeamFirst Published Mar 23, 2023, 9:12 PM IST
Highlights

ഈ വര്‍ഷാദ്യം വാംഖഡെയില്‍ ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്‍റി 20യില്‍ ഫീല്‍ഡിംഗിന് ഇടയിലാണ് സഞ്ജു സാംസണിന്‍റെ കാല്‍മുട്ടിന് പരിക്കേറ്റത്

ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന്‍റെ കാര്യത്തില്‍ ഒരു സംശയവുമായി മുന്‍ താരം ആകാശ് ചോപ്ര. പരിക്കില്‍ നിന്നുള്ള മടങ്ങിവരവായതിനാല്‍ ആദ്യത്തെ മത്സരങ്ങളില്‍ സഞ്ജു പ്രയാസങ്ങള്‍ നേരിട്ടേക്കാം എന്നാണ് ചോപ്ര പറയുന്നത്. 

'സഞ്ജു സാംസണ്‍ നന്നായി കളിക്കുമ്പോള്‍ ബാറ്റിംഗ് കാണാന്‍ ആസ്വാദ്യകരമാണ്. പരിക്ക് കഴിഞ്ഞാണ് സഞ്ജു വരുന്നത്. മത്സര ക്രിക്കറ്റ് കുറച്ച് കാലമായി സഞ്ജു കളിച്ചിട്ടില്ല. അത് ചിലപ്പോള്‍ ഐപിഎല്ലിന്‍റെ തുടക്കത്തില്‍ സഞ്ജുവിന് പ്രയാസമായേക്കാം. കഴിഞ്ഞ സീസണില്‍ യുസ്‌വേന്ദ്ര ചാഹല്‍ പര്‍പ്പിള്‍ ക്യാപ് നേടാനുള്ള കാരണം സഞ്ജുവാണ്. സഞ്ജു പക്വതയുള്ള ക്യാപ്റ്റനായി വളരുകയാണ്. മധ്യനിരയില്‍ ഇറങ്ങിയാല്‍ ദേവ‌്‌ദത്ത് പടിക്കലിന് അത്ര മികച്ച പ്രകടനം പുറത്തെടുക്കാനാവില്ല. രാജസ്ഥാന്‍ റോയസിന് ഷിമ്രോന്‍ ഹെറ്റ്‌മയറുണ്ട്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ താരമാണ്, പ്രത്യേകിച്ച് സ്‌പിന്നിനെതിരെ. ജയ്‌സ്വാളിനെ പോലെ മികച്ച ആഭ്യന്തര സീസണാണ് റിയാന്‍ പരാഗിനുള്ളത്. അത്രത്തോളം ഇംപാക്ട് ഇതുവരെ രാജസ്ഥാന്‍ ടീമില്‍ കൊണ്ടുവരാന്‍ പരാഗിനായിട്ടില്ല. രാജസ്ഥാന്‍ റോയല്‍സ് ആറാം നമ്പറില്‍ ജേസന്‍ ഹോള്‍ഡറെ പരീക്ഷിക്കാനിടയുണ്ട്' എന്നും ആകാശ് ചോപ്ര പറഞ്ഞു. 

ഈ വര്‍ഷാദ്യം വാംഖഡെയില്‍ ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്‍റി 20യില്‍ ഫീല്‍ഡിംഗിന് ഇടയിലാണ് സഞ്ജു സാംസണിന്‍റെ കാല്‍മുട്ടിന് പരിക്കേറ്റത്. പരിക്കില്‍ നിന്ന് പൂര്‍ണമുക്തനായെങ്കിലും പരിക്കിന് ശേഷം ഇതുവരെ സഞ്ജു മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ പകരക്കാരനായി സഞ്ജു സാംസണ്‍ വരുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതോടെയാണ് സഞ്ജുവിന് ഐപിഎല്‍ കളിച്ച് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരേണ്ട സാഹചര്യം വന്നത്. 

ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ കളിക്കാന്‍ ഏറ്റവും സാധ്യതയുള്ള ടീമെന്ന് കൈഫ്

click me!