രാജസ്ഥാന്‍ റോയല്‍സ് വീണ്ടും ഫൈനലിലെത്തും എന്നാണ് തോന്നുന്നത്. കാരണം പേപ്പറില്‍ അതിശക്തമായ ടീമാണവര്‍.
മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ കളിക്കുമെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ മുഹമ്മദ് കൈഫ്. സഞ്ജുവിനെ പോലൊരു മികച്ച താരവും ക്യാപ്റ്റനും ജോസ് ബട്‌ലറെ പോലൊരു ഒറ്റയാനും ഷിമ്രോന്‍ ഹിറ്റ്‌മെയറെ പോലുള്ള ഫിനിഷറുമുള്ള രാജസ്ഥാന്‍ ഫൈനലിലെത്താന്‍ വലിയ സാധ്യതയാണ് ഉള്ളതെന്ന് കൈഫ് വ്യക്തമാക്കി. കഴിഞ്ഞ സീസണിലെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് കിരീടം തലനാരിഴയ്ക്ക് കൈവിട്ട ടീമാണ് രാജസ്ഥാന്‍ റോയല്‍സ്.
'രാജസ്ഥാന്‍ റോയല്‍സ് വീണ്ടും ഫൈനലിലെത്തും എന്നാണ് തോന്നുന്നത്. കാരണം പേപ്പറില്‍ അതിശക്തമായ ടീമാണവര്‍. ഫൈനലിലെത്താന്‍ വലിയ സാധ്യത ഈ ടീമിന് കാണുന്നു. രാജസ്ഥാന് രവിചന്ദ്രന്‍ അശ്വിനും യുസ്‌വേന്ദ്ര ചാഹലുമുണ്ട്. കഴിഞ്ഞ വര്‍ഷം പ്രധാന ബൗളറായിരുന്ന പ്രസിദ്ധ് കൃഷ്‌ണ പരിക്കിലാണ്. ട്രെന്‍ഡ് ബോള്‍ട്ട് ന്യൂബോളില്‍ വിക്കറ്റുകള്‍ സ്വന്തമാക്കും. രാജസ്ഥാന്‍ ഒരു സമ്പൂര്‍ണ ടീമാണ്. ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ പ്രാപ്‌തിയുള്ള ജോസ് ബട്‌ലറുണ്ട്. ഇത് കൂടാതെ ഫിനിഷറുടെ റോള്‍ ഭംഗിയാക്കാന്‍ ഷിമ്രോന്‍ ഹെറ്റ്‌മയറുണ്ട്. മൂന്നാം നമ്പറില്‍ കളിക്കുന്ന സഞ്ജുവിനുള്ളത് മികച്ച റെക്കോര്‍ഡാണ്. അദേഹം ടീമിനെ മികച്ച രീതിയില്‍ നയിക്കുകയും ചെയ്യുന്നു'- എന്നാണ് കൈഫിന്‍റെ വാക്കുകള്‍.
കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ ജോസ് ബട്‌ലറുടെയും സഞ്ജു സാംസണിന്‍റെയും ഷിമ്രോന്‍ ഹെറ്റ്‌മയറുടേയും പ്രകടനങ്ങള്‍ നിര്‍ണായകമായിരുന്നു. 57.53 ശരാശരിയിലും 149.05 സ്ട്രൈക്ക് റേറ്റിലും ബട്‌ലര്‍ 863 റണ്‍സുമായി ഐപിഎല്‍ 2022ലെ ടോപ് സ്‌കോററായിരുന്നു. 458 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ ഫ്രാഞ്ചൈസിയുടെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായി. ഫിനിഷറുടെ റോളിലെത്തിയ ഹെറ്റ്‌മെയര്‍ 44.85 ശരാശരിയിലും 153.92 സ്ട്രൈക്ക് റേറ്റിലും 314 റണ്‍സും നേടി.
രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്
സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍), അബ്‌ദുല്‍ ബാസിത്, മുരുകന്‍ അശ്വിന്‍, രവിചന്ദ്ര അശ്വിന്‍, കെ എം ആസിഫ്, ട്രെന്‍ഡ് ബോള്‍ട്ട്, ജോസ് ബട്‌ലര്‍, കെ സി കാരിയപ്പ, യുസ്‌വേന്ദ്ര ചാഹല്‍, ഡൊണോവന്‍ ഫെരൈര, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂരല്‍, ഒബെഡ് മക്കോയ്, ദേവ്‌ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്‌ണ, കുണാല്‍ സിംഗ് റാത്തോഡ്, ജോ റൂട്ട്, നവ്‌ദീപ് സെയ്‌നി, കുല്‍ദീപ് സെന്‍, ആകാശ് വസിഷ്‌ട്, കുല്‍ദീപ് യാദവ്, ആദം സാംപ.
ബൗളര്‍മാരെ പറത്തിയടിച്ച് പടിക്കല്‍; ഐപിഎല്ലില്‍ അഭിമാനമാവാന്‍ ദേവ്‌ദത്തും- വീഡിയോ
