
ചെന്നൈ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ ഇടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. സൂര്യകുമാര്‍ യാദവിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുണ്ടാകുമോ ഡെങ്കിപ്പനി ബാധിച്ച ശുഭ്മാന്‍ ഗില്‍ കളിക്കാനിറങ്ങുമോ മൂന്ന് സ്പിന്നര്‍മാര്‍ ടീമിലുണ്ടാകുമോ അങ്ങനെ നിരവധി ചോദ്യങ്ങക്ക് ഉത്തരം തേടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിനിടെ ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
തന്‍റെ പ്ലേയിംഗ് ഇലവനില്‍ സൂര്യകുമാര്‍ യാദവിന് ഇടമുണ്ടാകില്ലെന്നും ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ കളിക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു. ഇതുവരെ കളിച്ച 47 ഏകദിനങ്ങളില്‍ ശ്രേയസ് 46.17 ശരാശരിയില്‍ 1801 റണ്‍സടിച്ചപ്പോള്‍ 30 മത്സരങ്ങള്‍ കളിച്ച സൂര്യകുമാര്‍ യാദവ് 27.79 ശരാശരിയില്‍ 667 റണ്‍സ് മാത്രമാണ് നേടിയത്.
വമ്പൻ ജയം നേടിയിട്ടും പോയന്‍റ് ടേബിളിൽ ദക്ഷിണാഫ്രിക്ക രണ്ടാമത്, ഇംഗ്ലണ്ട് നെതർലന്‍ഡ്സിനും പിന്നിൽ
പ്ലേയിംഗ് ഇലവനില്‍ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ സൂചന നല്‍കിയെങ്കിലും ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് ഫോമില്‍ തനിക്ക് ആശങ്കയുണ്ടെന്നും ചോപ്ര പറഞ്ഞു. ഹാര്‍ദ്ദിക് കഴിഞ്ഞ മാസം അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല. അതുപോലെ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമാകും ഏഴാമതും എട്ടാമതും ഇറങ്ങുക. അശ്വിനെ ഓള്‍ റൗണ്ടറായി പരിഗണിക്കാനാവില്ലെന്നും അതുകൊണ്ടുതന്നെ ബാറ്റിംഗ് കരുത്തിനെക്കുറിച്ച് തനിക്ക് ചെറിയ ആശങ്കയുണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു. ചെന്നൈയിലെ പിച്ച് സ്പിന്നിനെ സഹായിച്ചില്ലെങ്കില്‍ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ ഇന്ത്യ പാടുപെടും.
ഓസ്ട്രേലിയക്കെതിരായ മത്സരത്തിനായി ആകാശ് ചോപ്ര തെരഞ്ഞെടുത്ത ഇന്ത്യന്‍ ഇലവൻ: രോഹിത് ശർമ്മ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക