
മുംബൈ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ(IND vs SL) ആദ്യ മത്സരത്തില്‍ വമ്പന്‍ ജയം നേടിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താമെന്ന(WTC Final) ഇന്ത്യന്‍ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര(Aakash Chopra). ശ്രീലങ്കക്കെതിരായ ജയത്തോടെ ഇന്ത്യയുടെ വിജയശതമാനം പോയന്‍റ് ടേബിളില്‍ 54.16 ആയി ഉയര്‍ന്നെങ്കിലും നിലവില്‍ ഇപ്പോഴും അഞ്ചാം സ്ഥാനത്താണ് ടീം ഇന്ത്യ.
ഓസ്ട്രേലിയ(77.77), പാക്കിസ്ഥാന്‍(66.66), ശ്രീലങ്ക(66.66), ദക്ഷിണാഫ്രിക്ക(60) എന്നിവരാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ജയിച്ച് 2-0ന് പരമ്പര സ്വന്തമാക്കിയാലും ഫൈനലിലെത്താന്‍ നിലവിലെ റണ്ണറപ്പുകളായ ഇന്ത്യക്ക് അതൊന്നും പോരാതെ വരുമെന്നും ചോപ്ര പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റിലും ഓസ്ട്രേലിയക്കെതിരെ നാട്ടില്‍ നാല് ടെസ്റ്റിലുമാണ് ഇന്ത്യ ഇനി കളിക്കുക. ഈ ഏഴ് ടെസ്റ്റുകളും ജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് ഫൈനലിലെത്താന്‍ എന്തെങ്കിലും സാധ്യതയുള്ളൂവെന്നും ആകാശ് ചോപ്ര പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ പരമ്പര 4-0ന് ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലില്‍ പ്രതീക്ഷവെക്കാനാകും.
ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടിയാലും ഓസീസിനെതിരെ സംപൂര്‍ണ ജയം നേടാനാവുമോ എന്ന് സംശയമാണ്. ഇനിയുള്ള ടെസ്റ്റുകളിലേതിലെങ്കിലും സമനില വഴങ്ങിയാലും ഇന്ത്യയുടെ സാധ്യതകള്‍ മങ്ങുമെന്നും ആകാശ് ചോപ്ര പറഞ്ഞു.
ന്യൂസിലന്‍ഡും എത്തില്ല
ഇന്ത്യക്ക് പുറമെ നിലവിലെ ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡും ഫൈനലില്‍ എത്തില്ലെന്ന് ചോപ്ര പറഞ്ഞു. ന്യൂസിലന്‍ഡിന് നാട്ടില്‍ രണ്ട് പരമ്പരകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടന്ന പരമ്പരയില്‍ അവര്‍ക്ക് സമനില വഴങ്ങേണ്ടിവന്നത് തിരിച്ചടിയായി. നാട്ടില്‍ ശ്രീലങ്കക്കെതിരായ രണ്ട് മത്സര പരമ്പര തൂത്തുവാരിയാലും പിന്നീട് അവര്‍ക്ക് പാക്കിസ്ഥാനില്‍ മൂന്ന് ടെസ്റ്റും ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റും കളിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്കും സാധ്യത ഇല്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.
ഫൈനലില്‍ ആരൊക്കെ
ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകളുടെ സാധ്യതകള്‍ അവസാനിച്ച സാഹചര്യത്തില്‍ അവശേഷിക്കുന്നത് ഇന്ത്യ, ഓസ്ട്രേലിയ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകളാണ്. ഇതില്‍ പാക്കിസ്ഥാന്‍ നാടകീയ തോല്‍വികള്‍ വഴങ്ങാതിരുന്നാല്‍ പാക്കിസ്ഥാന്‍-ഓസ്ട്രേലിയ ഫൈനലിനാണ് സാധ്യത കൂടുതല്‍. ഇനി ഒരു പക്ഷെ ദക്ഷിണാഫ്രിക്ക കറുത്ത കുതിരകളാവാനുള്ള സാധ്യതയുമുണ്ട്. പക്ഷെ അതിനവര്‍ ഓസ്ട്രേലിയയെ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടിലും തോല്‍പ്പിക്കേണ്ടിവരും.
ഇനിയുള്ള എല്ലാ ടെസ്റ്റും ജയിക്കുകയും ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ സമ്പൂര്‍ണ ജയം സ്വന്തമാക്കുകയും ചെയ്താല്‍ മാത്രമെ ഇന്ത്യക്ക് എന്തെങ്കിലും സാധ്യത അവശേഷിക്കുന്നുള്ളൂവെന്നും ആകാശ് ചോപ്ര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!