ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാകിസ്ഥാൻ ക്ലാസിക്ക് പോരാട്ടം. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സമീപകാല ഫോമിൽ ഇന്ത്യക്കാണ് മുൻതൂക്കം. 

കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ ബ്ലോക്ബസ്റ്റര്‍ പോരാട്ടം. രാത്രി ഏഴിന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. 40 ഓവറുകള്‍, കളത്തിനുള്ളില്‍ കരുത്തോടെ പോരാടുന്ന 22 പേര്‍. അവര്‍ക്കൊപ്പം അവരിലൊരാളായി ആര്‍ത്തുവിളിക്കുന്ന 140 കോടി ആരാധകര്‍. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ - പാകിസ്ഥാനെ നേരിടുമ്പോള്‍ ആവേശം അതിരുകള്‍ ഭേദിക്കും. സമീപ കാല ഫോമില്‍ ഇന്ത്യ തന്നെ മുന്നില്‍. ഏഷ്യാ കപ്പ് ഫൈനലിലടക്കം പാകിസ്ഥാനെ വീഴ്ത്തിയ യങ്ങ് വൈബ്രന്റ് ടീം ഇന്ത്യയ്ക്ക് മുന്നില്‍ ഏത് എതിരാളിയും വിറയ്ക്കും.

മൈതാനത്തിനപ്പുറത്തെ രാഷ്ട്രീയ പോരിന് ശേഷമാണ് ഇത്തവണ മത്സരം. അതിനാല്‍ തന്നെ വീറും വാശിയും ഒരല്‍പം കൂടും. ബഹിഷ്‌കരണ ഭീഷണികള്‍ക്ക് ശേഷം ഏറെ വൈകിയാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ കളിക്കുമെന്നുറപ്പിച്ചത്. ഒപ്പം മൈതാനത്തെ ഹസ്തദാന വിവാദം ഇത്തവണയും തുടരുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു എല്ലാ വിവാദങ്ങള്‍ക്കുമപ്പുറം മത്സരം കളിക്കളത്തിലാണെന്ന് ഉറച്ച് വിശ്വസിക്കുന്ന ആരാധകര്‍ ബ്ലോക്ബസ്റ്റര്‍ സണ്‍ഡേ പ്രതീക്ഷയിലാണ്. പ്രണയ ദിനത്തിന് പിറ്റേന്ന് പ്രേമ ദാസ സ്റ്റേഡിയത്തില്‍ സൂര്യയും സംഘവും ഇറങ്ങുമ്പോള്‍ പ്രതീക്ഷ വന്‍ ജയം തന്നെ. ജയത്തോടെ ഓപ്പറേഷന്‍ സുപ്പര്‍ സിക്‌സില്‍ കടക്കാമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നു.

കൊളംബോയില്‍ ഇന്ന് പകല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. എങ്കിലും മത്സര സമയത്ത് മഴയുണ്ടാവില്ലെന്നും സൂചനയുണ്ട്. മഴ പെയ്താലും 20 മിനിറ്റിനകം മത്സരം പുനരാരംഭിക്കാന്‍ കഴിയുന്ന സൗകര്യങ്ങള്‍ പ്രേമദാസ സ്റ്റേഡിയത്തിലുണ്ട്. കാലാവസ്ഥ ഞെട്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ശ്രീലങ്കയിലെ സാഹചര്യം ഏറെ പരിചിതമാണെന്നും ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.