
ദില്ലി: ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് വെറും രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഇന്ത്യയിലാണ് ഇത് സംഭവിച്ചതെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് മരിച്ചുവെന്ന് നിലവിളിക്കുന്ന വിദഗ്ദര്‍ ഓസ്ട്രേലിയയിലാവുമ്പോള്‍ പേസ് ബൗളിംഗിന്‍റെ മനോഹാരിതയെക്കുറിച്ചാണ് പറയുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു. ഓസ്ട്രേലിയ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന്‍റെ ആദ്യ ദിനം 19 വിക്കറ്റുകളാണ് വീണത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ ടെസ്റ്റ് വെറും മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റ് മരിച്ചുവെന്നായിരുന്നു പടിഞ്ഞാറന്‍ മാധ്യമങ്ങളും ചില വിദഗ്ദരുമെല്ലാം എഴുതിയത്.
എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണെന്നുവെച്ചാല്‍ പെര്‍ത്തിലും കൊല്‍ക്കത്തയിലുമൊന്നും ബാറ്റിംഗ് അനായാസമായിരുന്നില്ലെങ്കിലും അസാധ്യമൊന്നുമായിരുന്നില്ല. ബാറ്റര്‍മാരുടെ ഡിഫന്‍സീവ് ടെക്നിക്കിലുണ്ടായ ഇടിവാണ് ഈ രണ്ട് മത്സരങ്ങളിലും കൂട്ടത്തകര്‍ച്ചക്ക് കാരണമായത്. അത് ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും ഇന്ത്യയിലുമെല്ലാം ഒരുപോലെയാണ്. കൊല്‍ക്കത്തയില്‍ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടിയ ടെംബാ ബാവുമ അത് തെളിയിച്ചതാണ്. പക്ഷെ ഇന്ത്യയില്‍ ബാറ്റിംഗ് തകര്‍ച്ചയുണ്ടാവുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റ് മരിക്കുന്നുവെന്ന് പറയുന്നവര്‍ ഓസ്ട്രേലിയയില്‍ അത് സംഭവിക്കുമ്പോള്‍ പേസ് ബൗളിംഗിന്‍റെ സൗന്ദര്യം, ടെസ്റ്റ് ക്രിക്കറ്റ് അതിന്‍റെ ഏറ്റവും പീക്കിലെത്തി എന്നെല്ലാം പറഞ്ഞ് വാചാലരാവുമെന്നും ഇത് ഇരട്ടത്താപ്പാണെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് രണ്ടര ദിവസം കൊണ്ടാണ് അവസാനിച്ചതെങ്കില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള പെര്‍ത്ത് ടെസ്റ്റ് രണ്ട് ദിവസം പോലും തികച്ചെടുത്തില്ല. ഇംഗ്ലണ്ട് രണ്ട് ഇന്നിംഗ്സിലുമായി 66 ഓവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക