
ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് ഗുവാഹത്തിയില്‍ പ്രഖ്യാപിക്കുമെന്ന് സൂചന. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന് ഏകദിന പരമ്പര പൂര്‍ണമായും നഷ്ടമാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പകരം ആര് നായകനാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഗില്ലിന് പകരം കെ എല്‍ രാഹുലോ മുന്‍ നായകന്‍ രോഹിത് ശര്‍മയോ ഏകദിന ടീം നായകനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രോഹിത് വീണ്ടും നായക സ്ഥാനം ഏറ്റെടുക്കാന്‍ തയാറാകുമോ എന്നകാര്യത്തില്‍ ഉറപ്പില്ല. ഗില്ലിന്‍റെ പരിക്കാണ് ടീം പ്രഖ്യാപനം വൈകിപ്പിക്കാന്‍ കാരണമായത്.
ഗില്ലും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഏകദിന പരമ്പരയില്‍ കളിക്കില്ലെന്ന് ഉറപ്പായതോടെ മധ്യനിരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ തിരിച്ചെത്തുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. ദക്ഷിണാഫ്രിക്ക എക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ റുതുരാജ് ഗെയ്‌കവാദോ യശസ്വി ജയ്സ്വാളോ ഏകദിന പരമ്പരയില്‍ ഗില്ലിന് പകരം ഓപ്പണറായി ടീമിലെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മധ്യനിരയില്‍ ശ്രേയസിന് പകരം തിലക് വര്‍മയെ കളിപ്പിക്കാന്‍ സാധ്യതയുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ തിലകിന്‍റെ പ്രകടനം അത്ര ആശാവഹമായിരുന്നില്ല. ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു താരമായ അഭിഷേക് ശര്‍മക്കും മധ്യനിരയിലേക്ക് പരിഗണിക്കാനിടയുള്ള റിയാന്‍ പരാഗിനും ദക്ഷിണാഫ്രിക്ക എക്കെതിരെ കാര്യമായി തിളങ്ങാനായില്ല.
ഇതോടെയാണ് ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടും പിന്നീടൊരിക്കല്‍ പേലും ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന സഞ്ജുവിന്‍റെ പേരും ചര്‍ച്ചക്കുവരുന്നത്. യുവതാരങ്ങള്‍ പങ്കെടുത്ത റൈസിംഗ് സ്റ്റാര്‍ ഏഷ്യാ കപ്പില്‍ ടീമിനെ നയിച്ച വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ വീണ്ടും ഏകദിന ടീമിലേക്ക് പരിഗണിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.
ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും സെലക്ഷന്‍ കമ്മിറ്റി അംഗം ആര്‍ പി സിംഗും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയയും രണ്ടാം ടെസ്റ്റ് നടക്കുന്ന ഗുവാഹത്തിയിലുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടാം ദിനത്തിലെ കളിക്കുശേഷം ടീം പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന പേസര്‍ ജസ്പ്രീത് ബുമ്രക്ക് ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിക്കുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക