ജഡേജക്ക് പകരം ചാഹല്‍, പ്രതികരിച്ച് ആരോണ്‍ ഫിഞ്ച്

By Web TeamFirst Published Dec 4, 2020, 7:54 PM IST
Highlights

 ഓസീസ് തോറ്റതിന് കാരണം കാരണം അവസാന ഓവറുകളില്‍ റണ്‍സേറെ വഴങ്ങിയതും പവര്‍പ്ലേയിലെ ആദ്യ ആറോവറില്‍ അധികം ബൗണ്ടറികള്‍ നേടാനാവത്തതുമാണെന്നും ഫിഞ്ച് വ്യക്തമാക്കി.

കാന്‍ബറ: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ ബാറ്റിംഗിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരം ഇന്ത്യ യുസ്‌വേന്ദ്ര ചാഹലിനെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആക്കി ഇറക്കിയതിനെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ പ്രതികരണവുമായി ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിലാണ് വിവാദത്തില്‍ ഫിഞ്ച് നിലപാട് വ്യക്തമാക്കിയത്.

ടീം ഡോക്ടറുടെ ഉപദേശമനുസരിച്ചാണ് ജഡേജക്ക് പകരക്കാരനെ ഇന്ത്യ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കിയതെന്നും മെഡിക്കല്‍ സംഘം നല്‍കുന്ന നിര്‍ദേശത്തെ ചോദ്യം ചെയ്യാനാവില്ലെന്നും ഫിഞ്ച് പറഞ്ഞു. ഓസീസ് തോറ്റതിന് കാരണം കാരണം അവസാന ഓവറുകളില്‍ റണ്‍സേറെ വഴങ്ങിയതും പവര്‍പ്ലേയിലെ ആദ്യ ആറോവറില്‍ അധികം ബൗണ്ടറികള്‍ നേടാനാവത്തതുമാണെന്നും ഫിഞ്ച് വ്യക്തമാക്കി.

ജഡേജക്ക് പകരം ചാഹലിനെ കണ്‍കഷനായി ഇറക്കിയ ഇന്ത്യയുടെ നടപടിക്കെതിരെ നേരത്തെ ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദങ്ങള്‍ക്കില്ലെന്ന നിലപാടുമായി ഫിഞ്ച് രംഗത്തെത്തിയത്. ഐപിഎല്ലില്‍ കോലി നായകനായ  റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂല്‍ ടീമില്‍ ഫിഞ്ചിന്‍റെ സഹതാരം കൂടിയാണ് ചാഹല്‍.

അതേസമയം ചാഹലിനെ പകരക്കാരനായി ഇറക്കാന്‍ ഒരു പദ്ധതിയുമുണ്ടായിരുന്നില്ലെന്ന് മത്സരശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞു. ബാറ്റിംഗിനിടെ പന്ത് ഹെല്‍മറ്റില്‍ കൊണ്ടതിന്‍റെ ചെറിയൊരു തലകറക്കം ജഡേജക്കുണ്ട്. ഇപ്പോഴും അത് പൂര്‍ണമായും മാറിയിട്ടില്ല. അതുകൊണ്ടാണ് കണ്‍കഷന്‍ ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ കളിക്കാരെ പകരം ഇറക്കുന്നത് ചിലപ്പോള്‍ ഗഉണകരമാകും, ചിലപ്പോള്‍ ദോഷം ചെയ്യും. ഇന്നത് നമുക്ക് ഗുണമായി. ഒരുപക്ഷെ നാളെ ഒരു കളിക്കാരന് പരിക്കേറ്റാല്‍ അതുപോലുള്ള കളിക്കാരനെ പകരം ഇറക്കാന്‍ സാധിക്കണമെന്നില്ലെന്നും കോലി പറഞ്ഞു.

click me!