അപ്രതീക്ഷിത വിരമിക്കലിന് പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍; എബിഡിയുടെ വെളിപ്പെടുത്തല്‍

By Web TeamFirst Published May 20, 2019, 7:40 PM IST
Highlights

പൂര്‍ണ ഫിറ്റ്‌നസും ഫോമും നിലനില്‍ക്കേയാണ് കഴിഞ്ഞ വര്‍ഷം മെയില്‍ എബിഡി പാഡഴി‌ച്ചത്. അപ്രതീക്ഷിത വിരമിക്കലിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് 'മിസ്റ്റര്‍ 360'. 

ജൊഹന്നസ്‌ബര്‍ഗ്: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അപ്രതീക്ഷിതമായാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പൂര്‍ണ ഫിറ്റ്‌നസും ഫോമും നിലനില്‍ക്കേയാണ് കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ എബിഡി പാഡഴി‌ച്ചത്. എന്തായിരുന്നു എബിഡിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിലെ കാരണം. വിരമിക്കലിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് 'മിസ്റ്റര്‍ 360'. 

സ്വന്തം നാട്ടില്‍ നിന്നുള്ള രൂക്ഷ വിമര്‍ശനങ്ങളാണ് ഇതിഹാസ താരത്തെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. 'തന്നെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല, ടീം മാത്രമായിരുന്നു മനസില്‍. അവസാന മൂന്ന് വര്‍ഷക്കാലം ടീമിലെ ഇടക്കാല സന്ദര്‍ശകന്‍ മാത്രമായിരുന്നു താനെന്ന് വിമര്‍ശനമുയര്‍ന്നു. വിമര്‍ശനങ്ങള്‍ തന്നെ നിരാശനാക്കി. ഇത് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നതില്‍ സ്വാധീനിച്ചതായും 'ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്' എന്ന അഭിമുഖത്തില്‍ എബിഡി  വെളിപ്പെടുത്തി. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ലോകമെമ്പാടുമുള്ള ടി20 ലീഗുകളില്‍ അടിച്ചുതകര്‍ക്കുന്ന എബിഡിയുടെ ഫോമിലും ഫിറ്റ്‌നസിലും ഇപ്പോഴും ആരാധകര്‍ക്ക് സംശയമില്ല. എന്നാല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ എബിഡി തിരിച്ചെത്തണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടെങ്കിലും താരം ചെവി കൊടുത്തില്ല. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഉയര്‍ന്ന രൂക്ഷ വിമര്‍ശനങ്ങള്‍ എബിഡിയുടെ കരിയറിനെ അത്രത്തോളം തളര്‍ത്തി എന്ന് വ്യക്തം.

ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തില്‍ 2004ല്‍ ആണ് ഡിവില്ലിയേഴ്‌സ് അരങ്ങേറിയത്. 114 ടെസ്റ്റുകളിലും 228 ഏകദിനങ്ങളിലും 78 ടി20കളിലും പ്രോട്ടീസിനെ മിസ്റ്റര്‍ 360 പ്രതിനിധീകരിച്ചു. ടെസ്റ്റില്‍ 8,765 റണ്‍സും ഏകദിനത്തില്‍ 9,577 റണ്‍സും ടി20യില്‍ 1,672 റണ്‍സും എബിഡി സ്വന്തമാക്കി. ഐപിഎല്‍ 12-ാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി എബിഡി 440 റണ്‍സ് നേടി. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

click me!