എബി ഡിവില്ലേഴ്‌സ്- ക്രിക്കറ്റ് സൗന്ദര്യത്തിന്റെ മറുപേര്; കോപ്പിബുക്ക് ഷോട്ടുകളില്ലാത്ത ഇതിഹാസം

By Suhail AhammedFirst Published May 31, 2022, 12:19 PM IST
Highlights

ക്രിക്കറ്റ് ലോകത്ത് ബാറ്റര്‍മാരുടെ പട്ടികയില്‍ ഇതിഹാസങ്ങളായി ഇടം കണ്ടെത്തിയവരൊക്കെ കോപ്പി ബുക്ക് ഷോട്ടുകളുടെ കൂടെ കൂട്ടിയവരാണ്. ഡിവില്ലിയേഴ്‌സ് അങ്ങനെയേ ആയിരുന്നില്ല. പന്ത് നേര്‍ക്ക് വരുമ്പോള്‍, അത് നല്ലതോ, ചീത്തതോ എന്ന് നോക്കാറില്ല.

'എനിക്കുറപ്പുണ്ട് ഇതെന്റെ കഥയല്ല. ദൈവം എന്നെക്കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിച്ചവ മാത്രമാണ്'

-എ ബി ദി ഓട്ടോബയോഗ്രഫി

മാന്യന്മാരുടെ കളിയില്‍ വ്യക്തി എന്ന നിലയില്‍ സമചിത്തതയോടെയുള്ള പെരുമാറ്റം കാത്തു സൂക്ഷിച്ചവന്‍. പക്ഷേ കളിരീതിയില്‍ അച്ചടക്കമില്ല, ആവേശമുണ്ട്. ആക്രമണമുണ്ട്, മികച്ച ഷോട്ടുകളുമുണ്ട്. പ്രതിയോഗികളെ തകര്‍ക്കുന്ന മനോവീര്യം അതിലേറെയുണ്ട്. സമ്മര്‍ദക്കൂടാരത്തില്‍ കയറുമ്പോഴും പ്രതികൂല സാഹചര്യങ്ങളെ സ്വന്തം ബാറ്റിന്റെ  മധ്യത്തിലേക്ക് ആവാഹിക്കുന്ന ആക്രമണ സ്വഭാവമുള്ള ബാറ്റര്‍മാരില്‍ കേമന്‍. ക്രിക്കറ്റ് ലോകത്ത് ബാറ്റര്‍മാരുടെ പട്ടികയില്‍ ഇതിഹാസങ്ങളായി ഇടം കണ്ടെത്തിയവരൊക്കെ കോപ്പി ബുക്ക് ഷോട്ടുകളുടെ കൂടെ കൂട്ടിയവരാണ്. ഡിവില്ലിയേഴ്‌സ് അങ്ങനെയേ ആയിരുന്നില്ല. പന്ത് നേര്‍ക്ക് വരുമ്പോള്‍, അത് നല്ലതോ, ചീത്തതോ എന്ന് നോക്കാറില്ല. സ്‌കോര്‍ ചെയ്യുക എന്നതാണ് ശീലം. അസാമാന്യമായ കൈ മെയ് വഴക്കം ഓരോ ഷോട്ടിലും പ്രകടമാകുന്ന അപൂര്‍വ സൗന്ദര്യം.

സുവര്‍ണ നിമിഷം ഓര്‍മിച്ച് തുടക്കം

ക്രിക്കറ്റ് ജീവിതത്തിലെ സുവര്‍ണ നിമിഷം പറഞ്ഞാണ് ആത്മകഥ തുടങ്ങുന്നത്. 2015 ജനുവരിയില്‍ ഏകദിന ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വേഗമേറിയ സെഞ്ച്വറി തികച്ച കാര്യമായിരുന്നു അത്. കളിപ്രേമികളില്‍ പലരും ആ ഇന്നിങ്‌സ് കണ്ടിട്ടുണ്ടാവും. ചുരുങ്ങിയത് ഹൈലൈറ്റ്‌സ് എങ്കിലും കാണാത്തവര്‍ വിരളമായിരിക്കും ആ അക്കങ്ങളിങ്ങനെയാണ്. 16 പന്തില്‍ നിന്ന് അര്‍ധ ശതകം. പന്തുകളുടെ എണ്ണം 31 ആവുമ്പോഴത്തേക്ക് സെഞ്ച്വറി. അതില്‍ 16 പന്തുകള്‍ നിലം തൊടാതെ കാണികളെ പുണര്‍ന്നു. ഒരു ക്രിക്കറ്റ് ബാറ്ററുടെ വാഴ്ച ഉദാഹരിക്കാനാവണം എബി ഇങ്ങനെ തുടങ്ങിയത്.

ക്രിക്കറ്റ് മാന്യന്മാരുടെ കളിയെന്നാണ് വര്‍ണിക്കാറ്. പക്ഷേ, എബിഡി തന്റെ ആത്മകഥയില്‍ നല്‍കിയ നിര്‍വചനം ശ്രദ്ധേയമാണ്, 'ഒരുവനെയും ഒരിക്കലും നോവിപ്പിക്കാത്തവന്‍' ആണ് മാന്യന്‍. എന്നാല്‍ ഡിവില്ലേഴ്‌സിന്റെ ബാറ്റുകൊണ്ട് നോവിക്കപ്പെടാത്ത പന്തേറുകാരോ നോവാത്ത പന്തുകളോ വിരളമാകും. ഫീല്‍ഡിങ്ങിന് ഇറങ്ങിയാല്‍ അതിര്‍ത്തി കടക്കാന്‍ പോകുന്ന പന്തുകളെ റാഞ്ചി താലോലിക്കുന്ന അപൂര്‍വം ഫീല്‍ഡര്‍മാരില്‍ വമ്പന്‍. 

ക്രിക്കറ്റര്‍ക്കും മേലെയാണ് എബി

ക്രിക്കറ്റ് കളിക്കാരന്‍ എന്ന വിശേഷണത്തില്‍ ഒതുക്കരുത് ഈ പ്രോട്ടീസ് ഇതിഹാസത്തെ. റഗ്ബി, ഹോക്കി, ഫുട്‌ബോള്‍, ടെന്നീസ്, ഗോള്‍ഫ്, പലതിലും ചെറുപ്പ കാലത്ത് മികവ് കാട്ടിയ എബി, ആത്മകഥയിലൂടെ എഴുത്തും കഥ പറച്ചിലും വശമുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സ്ഥിതിക്ക്, കളിയെഴുത്തുകാരന്റെ റോളും പരീക്ഷിക്കാവുന്നതാണ്..! 1947ല്‍ ഇടത്തരം കുടുംബത്തിലാണ് ഡിവില്ലേഴ്‌സ് ജനിക്കുന്നത്. പ്രെട്ടോറിയക്കടുത്തുള്ള വര്‍ബാത്ത്‌സ് ആണ് ജന്മദേശം. ക്രിക്കറ്റിന് പുറത്തുള്ള ജീവിതത്തെ കുറിച്ചും എഴുതിയത് കാണാം. പണിയെടുക്കുന്ന സഹോദരങ്ങള്‍ക്ക് കുടി വെളളം ഉറപ്പാക്കാനുള്ള ചുമതല കിട്ടിയത്, കൃഷിപ്പണിക്കിടെ മണ്ണ് ചുമന്നുമാറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ടത്, ചില നേരത്ത് കരച്ചില്‍ വന്ന കഥയൊക്കെ ആസ്വദിച്ച് വായിക്കാനാകും. കായിക മേഖലയിലെ പണക്കൊഴുപ്പിനിടയില്‍ ജീവിതം പിടിവിട്ട് പോവാതിരക്കാനും എബി തന്നെ നല്ലൊരു മാര്‍ഗം കണ്ടെത്തി. സ്വന്തമായൊരു ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റിനെ നിയമിക്കുകയും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എബി ഫൗണ്ടേഷനു തുടക്കം കുറിക്കുകയും ചെയ്തു. ഇതില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ടാണ് ആര്‍സിബിയിലെ ഉറ്റചങ്ങാതി വിരാട് കോലിയും സ്വന്തം പേരില്‍ ഫൗണ്ടേഷന്‍ തുടങ്ങിയത്. 

യുദ്ധവും സമാധാനവുമാണ് ക്രിക്കറ്റ് 

പടിക്കല്‍ കലമുടക്കുന്നവരാണ് എന്ന ചീത്തപ്പേരുണ്ടെങ്കിലും ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും പ്രോട്ടീസുകാര്‍ പേരെടുത്തിട്ടുണ്ട്. വ്യത്യസ്ത ലീഗുകളില്‍ സ്ഥിരമായി കളിക്കുന്നതാണ് ഇതിനു കാരണമെന്ന് എബി കുറിക്കുന്നു. ബാഗും ക്രിക്കറ്റ് കിറ്റും തൂക്കി വിദേശ പര്യടനത്തിനു പോവുന്ന അവസ്ഥയെ പട്ടാളക്കാരന്‍ യുദ്ധത്തിനു പോവുന്നതിനോടാണ് താരതമ്യപ്പെടുത്തിയത്. പട്ടാളക്കാര്‍ക്ക് നിശ്ചിത സാഹചര്യങ്ങളില്‍ മാത്രമാണ് യുദ്ധമെങ്കില്‍ ക്രിക്കറ്റര്‍ക്ക് അടിക്കടി യുദ്ധം. ക്രിക്കറ്റ് ലോകം എത്ര വികസിച്ചാലും വെള്ളകുപ്പായമിട്ട്, ചുവന്ന പന്തെറിഞ്ഞ്, അവയെ പ്രതിരോധിക്കുന്ന ബാറ്റര്‍മാരും, ക്ഷമയോടെ പൊരിവെയിലത്ത് പോലും ഫീല്‍ഡ് ചെയ്യുന്നവരും, ഉള്‍ക്കൊള്ളുന്ന ടെസ്റ്റ് ക്രിക്കറ്റിന് തന്നെയാണ് കൂടുതല്‍ സൗന്ദര്യമെന്നു പറയുന്നു ഡിവില്ലേഴ്‌സ്. ജീവിതാവസാനം വരെ ടെസ്റ്റ് മത്സരങ്ങളുടെ ഗ്യാലറിയില്‍ ആരാധകനായി ഉണ്ടാവുമെന്നും എബി വായനക്കാരന് ഉറപ്പു നല്‍കുന്നുണ്ട്.

'ഇന്ത്യക്കാരുടെ പ്രോത്സാഹനം'

ഇങ്ങനെ ഒരുഭാഗം തന്നെ ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോയല്‍ ചാലഞ്ചേഴിസിന്റെ കളിക്കാരനെന്ന നിലയില്‍ വെടിക്കെട്ടു നടത്തുമ്പോള്‍ ഗ്യാലറിയില്‍ നിന്നുയരുന്ന ആരവത്തിനനുസരിച്ച് സിക്‌സറുകള്‍ പറപ്പിക്കുന്ന എബി അങ്ങനെ ഒരു അധ്യായം ആത്മ കഥയില്‍ ഉള്‍പ്പെടുത്തിയതില്‍ അത്ഭുതമില്ല. കാരണം ഡിവല്ലേഴ്‌സിന് മൈലേജ് ഉണ്ടാക്കുന്നതില്‍ ഐപിഎല്ലിനും പങ്കുണ്ട്. ദക്ഷിണാഫ്രിക്കയിലുള്ളതിനെക്കാള്‍ കൂടുതല്‍ ആരാധകര്‍ ഇന്ത്യയിലാണ് ഈ പ്രോട്ടീസുകാരനുള്ളത്. ഇതറിഞ്ഞ് തന്നെയാണ് ബാംഗ്ലൂരാണ് എന്റെ എഷ്യന്‍ നാട് എന്ന അദ്ദേഹം പറഞ്ഞതും. ഡിവില്ലിയേഴ്‌സ് ഐപിഎല്‍ മതിയാക്കിയപ്പോള്‍, മറ്റ് ടീമുകളിലേക്ക് ഇഷ്ടം വ്യാപിപ്പിച്ചവര്‍ ഏറെയാണ്..

ജോന്‍ഡിയുടെ റോസ് ആയിരുന്നു എബി 

ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ പ്രമുഖനായ ജോന്റി റോസ് പറഞ്ഞത്. 'എന്റെ മറ്റൊരു പതിപ്പാണ് ഈ പയ്യനെന്നാണ്'. വിക്കറ്റിനു പിന്നിലും ഫീല്‍ഡിങ്ങിലും നമ്മളത് കണ്ടതാണ്. 140 നും 145 നും ഇടയിലാണ് പ്രോട്ടീസ് പേസര്‍മാരുടെ ശരാശരി  ബൗളിങ്ങ് വേഗം. 'ഇതേ വേഗത്തില്‍ പന്തുകള്‍ രണ്ടാള്‍ പൊക്കത്തില്‍ ബൗണ്‍സറായി പറന്നുയരുന്നത് കണ്ടാല്‍ പോലും എബി ചാടിയിരിക്കും. പിടിക്കാന്‍ ശ്രമിച്ചു എന്ന് കന്റേറ്റര്‍മാരെ കൊണ്ട് പറയിപ്പിക്കുക മാത്രമല്ല, സ്‌കോര്‍ബോര്‍ഡില്‍ അതിന്റെ ഫലം കാണുകയും ചെയ്യും.' ഫിര്‍ദോസ് മൂണ്ട ക്ഷിണാഫ്രിക്കന്‍ സ്‌പോര്‍ട്‌സ് ലേഖകന്‍ നടത്തിയ ഡിവില്ലേഴ്‌സ് വിശേഷണം ആയിരുന്നു ഇത്.

കായിക താരങ്ങളുടെ ആത്മകഥകള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും പൊതുവില്‍ സ്വീകാര്യത ഏറിയിട്ടുണ്ട്.അതു പക്ഷേ ഒരു 'പതിവ്' ഉണ്ടാവും എന്ന പ്രതീക്ഷയുടെ കൂടി ഭാഗമാണ് .വല്ലതും എക്‌സക്ലൂസീവായി പറയുക എന്ന ധര്‍മ്മം. അങ്ങനെ ഒന്ന് എബി ദി ഓട്ടോ ബയോഗ്രഫിയില്‍ ഇല്ല. 2015ല്‍ ഇറങ്ങിയത് കൊണ്ടാവാം അങ്ങനെ സംഭവിച്ചത്. അന്ന് അദ്ദേഹം കളിക്കളത്തില്‍ സജീവമായിരുന്നു. അല്ലെങ്കില്‍, എബിഡി പറഞ്ഞതുപോലെ ഞാനെഴുതിയതല്ല ദൈവം എന്നെ കൊണ്ട് എഴുതിപ്പിച്ചതാണ് എന്നതാവണം കാരണം.. തുറന്നു പറച്ചിലിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ആരാധകര്‍ കൊതിക്കുന്നതും അത് കൊണ്ടാണ്.
 

click me!