സ്വന്തം പേരിലുള്ള സ്റ്റേഡിയത്തില്‍ രഞ്ജിയില്‍ സെഞ്ചുറി; ചരിത്രനേട്ടവുമായി അഭിമന്യു ഈശ്വരന്‍

Published : Jan 03, 2023, 01:31 PM IST
സ്വന്തം പേരിലുള്ള സ്റ്റേഡിയത്തില്‍ രഞ്ജിയില്‍ സെഞ്ചുറി; ചരിത്രനേട്ടവുമായി അഭിമന്യു ഈശ്വരന്‍

Synopsis

അഭിമന്യു ഈശ്വരന്‍റെ പിതാവ് രംഗനാഥന്‍ പരമേശ്വരനാണ് 2005ല്‍ ഡെറാഡൂണില്‍ സ്ഥലം വാങ്ങി സ്വന്തം ചെലവില്‍ ക്രിക്കറ്റ് അക്കാദമിയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയവും പണിതത്. അഭിമന്യു കളി പഠിച്ചതും വളര്‍ന്നതും ഈ ഗ്രൗണ്ടിലാണ്.

ഡെറാഡൂണ്‍: കായികരംഗത്ത് മഹത്തായ നേട്ടങ്ങള്‍ സ്വന്തമാക്കിയ കളിക്കാര്‍ വിരമിക്കുകയോ അന്തരിക്കുകയോ ചെയ്താല്‍ അവരോടുള്ള ആദര സൂചകമായി പലപ്പോഴും സ്റ്റേഡിയങ്ങള്‍ക്കോ അല്ലെങ്കില്‍ സ്റ്റേഡിയത്തിലെ പവലിയനോ സ്റ്റാന്‍ഡിനോ കളിക്കാരുടെ പേര് നല്‍കാറുണ്ട്. എന്നാല്‍ സ്വന്തം പേരിലുള്ള സ്റ്റേഡിയത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാന്‍ കഴിയുക അവിടെ സെഞ്ചുറി അടിക്കുക എന്നത് എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല. ഇന്ത്യന്‍ ടെസ്റ്റ് ടീം അംഗവും എ ടീം ക്യാപ്റ്റനുമായ അഭിമന്യു ഈശ്വരനാണ് ആ അപൂര്‍വ ഭാഗ്യം ലഭിച്ച കളിക്കാരന്‍.

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ഉത്തരാഖണ്ഡ്-ബംഗാള്‍ മത്സരത്തിന് വേദിയായ അഭിമന്യു ക്രിക്കറ്റ് അക്കാദി ഗ്രൗണ്ടാണ് അഭിമന്യു ഈശ്വരന്‍റെ പേരിലുള്ള ഫസ്റ്റ് ക്ലാസ് സ്റ്റേഡിയം. ബംഗാളിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത അഭിമന്യു ഈശ്വരന്‍ സ്വന്തം പേരിലുള്ള സ്റ്റേഡിയത്തില്‍ സെഞ്ചുറിയുമായി തിളങ്ങി.

അഭിമന്യു ഈശ്വരന്‍റെ പിതാവ് രംഗനാഥന്‍ പരമേശ്വരനാണ് 2005ല്‍ ഡെറാഡൂണില്‍ സ്ഥലം വാങ്ങി സ്വന്തം ചെലവില്‍ ക്രിക്കറ്റ് അക്കാദമിയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയവും പണിതത്. അഭിമന്യു കളി പഠിച്ചതും വളര്‍ന്നതും ഈ ഗ്രൗണ്ടിലാണ്. ഒടുവില്‍ തന്‍റെ പേരിലുള്ള സ്റ്റേഡിയത്തില്‍ തന്നെ ഫസ്റ്റ് ക്ലാസ് മത്സരം കളിക്കാനും സെഞ്ചുറി അടിക്കാനുമുള്ള അപൂര്‍വ അവസരവും അഭിമന്യുവിന് ഉണ്ടായി. ഫ്ലഡ് ലൈറ്റ് അടക്കമുള്ള സംവിധാനങ്ങളുള്ള സ്റ്റേഡിയത്തില്‍ ബിസിസിഐ ഏറെനാളായി സീനിയര്‍, ജൂനിയര്‍, വനിതാ തല മത്സരങ്ങള്‍ നടത്തുന്നുണ്ട്.

രഞ്ജി ട്രോഫി: ആദ്യ ഓവറില്‍ ഹാട്രിക്ക്, എട്ട് വിക്കറ്റുമായി ചരിത്രം തിരുത്തി ഉനദ്ഘട്ട്

രാജ്യത്തിനായി തന്‍റെ മകന്‍ 100 ടെസ്റ്റുകള്‍ കളിക്കണമെന്നതാണ് ആഗ്രഹമെന്നും മകനുവേണ്ടി മാത്രമല്ല ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ട് കൂടിയാണ് ഈ സ്റ്റേ‍ഡിയം നിര്‍മിച്ചതെന്നും രംഗനാഥന്‍ പരമേശ്വരന്‍ പിടിഐയോട് പറഞ്ഞു. 2006ല്‍ നിര്‍മാണം പൂര്‍ത്തിയായ സ്റ്റേഡിയത്തിന്‍റെ പരിപാലനത്തിനായി താന്‍ ഇപ്പോഴും സ്വന്തം പോക്കറ്റില്‍ നിന്നാണ് പണം മുടക്കുന്നതെന്നും സ്റ്റേഡിയത്തില്‍ നിന്ന് വരുമാനമൊന്നും ഇല്ലെങ്കിലും ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ടാണ് ഇത് തുടരുന്നതെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് കൂടിയായ രംഗനാഥന്‍ വ്യക്തമാക്കി. മകന്‍ ജനിക്കുന്നതിന് മുമ്പ് 1988ല്‍ ആണ് അഭിമന്യു ക്രിക്കറ്റ് അക്കാദമി രംഗനാഥന്‍ തുടങ്ങിയത്. 1995ലാണ് മകന്‍ ജനിക്കുന്നതും അഭിമന്യു എന്ന് പേരിടുന്നതും.

അഭിമന്യു അക്കാദമിയില്‍ പരിശീലനം നേടിയ അഞ്ച് താരങ്ങള്‍ ഇപ്പോള്‍ ഉത്തരാഖണ്ഡ് രഞ്ജി ടീമില്‍ കളിക്കുന്നുണ്ട്. ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ ഇവിടെ പരിശീലനത്തിന് എത്താറുണ്ട്. താമസത്തിനായി 60 മുറികളും 20 ഹോസ്റ്റല്‍ മുറികളും ഫ്ലഡ് ലൈറ്റ്, ഇന്‍ഡോര്‍ പരിശീനത്തിനുള്ള സൗകര്യം, ജിംനേഷ്യം, തുണി അലക്കാനുള്ള സൗകര്യം, സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകള്‍, ബേക്കറി എന്നിവയും സ്റ്റേഡിയത്തിന്‍റെ ഭാഗമായുണ്ടെന്നും രംഗനാഥന്‍ പറഞ്ഞു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 20 സെഞ്ചുറികളുള്ള 27കാരനായ അഭിമന്യു  ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഓപ്പണറായി സ്ഥിരം സാന്നിധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെങ്കിലും അഭിമന്യുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ജാര്‍ഖണ്ഡിനെതിരെ ബംഗാളിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത അഭിമന്യു ഈശ്വരന്‍ സെഞ്ചുറിയുമായി വീണ്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള വാതിലില്‍ മുട്ടിക്കഴിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര