രഞ്ജി ക്രിക്കറ്റില്‍ അതിവേഗം ഹാട്രിക്ക് തികച്ചതിന്‍റെ റെക്കോര്‍ഡും ഇതോടെ ഉനദ്ഘട്ടിന് സ്വന്തമായി. ആദ്യ ഓവറിലും മൂന്നാം ഓവറിലുമായി ഹാട്രിക് നേടിയിട്ടുള്ള കര്‍ണാടക പേസര്‍ വിനയ് കുമാറിന്‍റെ പേരിലുള്ള റെക്കോര്‍ഡാണ് ഉനദ്ഘട്ട് ഇന്ന് മറികടന്നത്.

ജയ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പേസര്‍ സൗരാഷ്ട്രയുടെ ജയദേവ് ഉനദ്ഘട്ട്. ഡല്‍ഹിക്കെതിരായ ഗ്രൂപ്പ് സി പോരാട്ടത്തില്‍ സൗരാഷ്ട്രക്കായി ആദ്യ ഓവറില്‍ ഹാട്രിക് നേടിയ ഉനദ്ഘട്ട് രഞ്ജി ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറായി. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഡല്‍ഹിയുടെ ധ്രുവ് ഷോറെയെ ബൗള്‍ഡാക്കി ഹാട്രിക്ക് വേട്ട തുടങ്ങിയ ഉനദ്ഘട്ട് തൊട്ടടുത്ത പന്തുകളില്‍ വൈഭവ് റാവല്‍, യാഷ് ദുള്‍ എന്നിവരെയും പൂജ്യരായി മടക്കിയാണ് ഹാട്രിക് പൂര്‍ത്തിയാക്കിയത്.

രഞ്ജി ക്രിക്കറ്റില്‍ അതിവേഗം ഹാട്രിക്ക് തികച്ചതിന്‍റെ റെക്കോര്‍ഡും ഇതോടെ ഉനദ്ഘട്ടിന് സ്വന്തമായി. ആദ്യ ഓവറിലും മൂന്നാം ഓവറിലുമായി ഹാട്രിക് നേടിയിട്ടുള്ള കര്‍ണാടക പേസര്‍ വിനയ് കുമാറിന്‍റെ പേരിലുള്ള റെക്കോര്‍ഡാണ് ഉനദ്ഘട്ട് ഇന്ന് മറികടന്നത്.

ആദ്യ ഓവറിലെ ഹാട്രിക്കിന് പിന്നാലെ രണ്ടാം ഓവറില്‍ ആയുഷ് ബദോനിയെ(0) ചിരാഗ് ജെയ്നിയും തന്‍റെ രണ്ടാം ഓവറില്‍ ജോണ്ടി സിദ്ധുവിനെയും(4) ലളിത് യദവിനെയും ഉനദ്ഘട്ടും വീഴ്ത്തിയതോടെ ഡല്‍ഹി മൂന്നോവര്‍ കഴിയുമ്പോള്‍ അഞ്ച് റണ്‍സിന് ആറ് വിക്കറ്റ് എന്ന പരിതാപകരമായ നിലയിലായി. തന്‍റെ മൂന്നാം ഓറില്‍ ലക്ഷ്യയെയും(1) വീഴ്ത്തി ഉനദ്ഘട്ട് ഡല്‍ഹിയെ 10-7ലേക്ക് തള്ളിയിട്ടു. ഡല്‍ഹിയുടെ ആദ്യ അഞ്ച് ബാറ്റര്‍മാരും പൂജ്യത്തിന് മടങ്ങി.

രോഹിത്തും കോലിയും ലോകകപ്പ് നേടിത്തരുമെന്ന് ഇനി പ്രതീക്ഷിക്കേണ്ടെന്ന് കപില്‍ ദേവ്

പ്രന്‍ഷു വിജയറാമും(15) ഹൃതിക് ഷൊക്കീനും(68 *) ചേര്‍ന്ന് ഡല്‍ഹിയെ 50 കടത്തി. ശിവാങ്ക് വസിഷ്ടിനെ(38) കൂട്ടുപിടിച്ച് ഷൊക്കീന്‍ ഡല്‍ഹിയെ 100 കടത്തി ആദ്യ ഇന്നിംഗ്സില്‍ 133ല്‍ എത്തിച്ചു. സൗരാഷ്ട്രക്കായി ഉനദ്ഘട്ട് 39 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റെടുത്തു. ഡല്‍ഹിയുടെ ആറ് മുന്‍നിര താരങ്ങള്‍ ഇന്ന് പരിക്കുമുലൂലം ആദ്യ ഇലവനില്‍ കളിച്ചിരുന്നില്ല.

12 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ 30കാരനായ ഉനദ്ഘട്ട് കഴിഞ്ഞ മാസം നടന്ന ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ചിരുന്നു. അതിന് മുമ്പ് 2010ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഉനദ്ഘട്ട് ഇന്ത്യക്കായി ടെസ്റ്റില്‍ പന്തെറിഞ്ഞത്. അതിനുശേഷം ഇന്ത്യക്കായി ഏഴ് ഏകദിനങ്ങളിലും 10 ടി20 മത്സരങ്ങളിലും കളിച്ചെങ്കിലും ഉനദ്ഘട്ടിനെ പിന്നീട് ടെസ്റ്റിലേക്ക് പരിഗണിച്ചിരുന്നില്ല.